കാര്‍ഷികസര്‍വകലാശാല 'ജൈവ'യും 'ഏഴോം-4' ഉം പുറത്തിറക്കി

Posted on: 29 Apr 2015ചെറുവത്തൂര്‍: ജൈവകര്‍ഷകര്‍ക്ക് ആഹ്ലാദംപകര്‍ന്ന് രണ്ട് പുതിയ നെല്ലിനങ്ങള്‍ കാര്‍ഷികസര്‍വകലാശാല പുറത്തിറക്കി. പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.വനജയുടെ നേതൃത്വത്തിലാണ് സാധാരണ നെല്‍വയലുകളില്‍ ജൈവകൃഷിക്ക് അനുയോജ്യമായ 'ജൈവ' എന്ന ജൈവ ഇനവും കൈപ്പാട് കൃഷിക്ക് അനുയോജ്യമായ 'ഏഴോം-4' ഇനവും വികസിപ്പിച്ചെടുത്തത്.

'ജൈവ' കാര്‍ഷികസര്‍വകലാശാലയുടെ ആദ്യ ജൈവ നെല്ലിനമാണെന്നും ലോകത്ത് ആദ്യമായാണ് ജൈവകൃഷിക്ക് അനുയോജ്യമായ നെല്‍വിത്ത് വികസിപ്പിച്ചെടുക്കുന്നതെന്നും പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. കെ.അബ്ദുല്‍കരിമും നെല്ലിനങ്ങളുടെ പ്രിന്‍സിപ്പല്‍ ബ്രീഡറും മുഖ്യ ഗവേഷകയുമായ ഡോ. ടി.വനജയും പറഞ്ഞു.

2002-ല്‍ നാടന്‍നെല്ലിനങ്ങളുടെ സങ്കലനത്തില്‍ ഉള്‍പ്പെടുത്തി നടത്തിയ ബ്രീഡിങ് പദ്ധതിയുടെയും കഴിഞ്ഞ 13 വര്‍ഷത്തെ കര്‍ഷക പങ്കാളിത്ത വിശകലനത്തിന്റെയും ഫലമാണ് 'ജൈവ' നെല്ലിനം. ഒന്നാംവിളയ്ക്കും രണ്ടാംവിളയ്ക്കും അനുയോജ്യമായ 'ജൈവ'-ക്ക് ഒന്നാംവിളയില്‍ ദീര്‍ഘകാല മൂപ്പും രണ്ടാംവിളയില്‍ മധ്യകാല മൂപ്പും അനുഭവപ്പെടുന്നു. ജൈവപോഷണത്തില്‍ ഹെക്ടറിന് 5.2 ടണ്‍ നെല്ലും ഒമ്പത് ടണ്‍ വൈക്കോലും ലഭിക്കും. തണലുള്ള പാടങ്ങളില്‍ തണലിനെ അതിജീവിക്കുന്ന ഈ ഇനത്തില്‍ പതിര് കുറവും മുളശതമാനം കൂടുതലുമാണ്. ഏക്കറിന് 25 കിലോഗ്രാം വിത്ത് മാത്രമെ ആവശ്യമുള്ളു.

പാകംചെയ്യുമ്പോള്‍ കൂടുതല്‍ അളവ് ചോറ് ലഭിക്കും. നിറത്തിലും ആകൃതിയിലും 'കുറുവ' അരിയുമായി സാമ്യമുള്ള 'ജൈവ'യുടെ അരിയില്‍ ജ്യോതി, ഉമ, ആതിര ഇനങ്ങളെക്കാള്‍ ഇരുമ്പ്, പ്രോട്ടീന്‍, കാത്സ്യം, പൊട്ടാസിയം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ വിളപരിശോധനയില്‍ 'ജൈവ' അവിടത്തെ മികച്ച ഇനത്തേക്കാള്‍ എട്ടുശതമാനം അധികവിളവ് തരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, 'ജൈവ'യുടെ കതിരിന്റെയും മണികളുടെയും പ്രത്യേകതകൊണ്ട് മറ്റ് ഇനങ്ങളില്‍നിന്ന് എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നും ഡോ. വനജ പറയുന്നു.

ഉത്തരകേരളത്തിലെ ഓരുജലം കയറുന്ന കൈപ്പാട് പ്രദേശത്തിന്റെ വൈവിധ്യം വര്‍ധിപ്പിക്കുന്നതിനുതകുന്ന ജൈവ നെല്ലിനംകൂടിയാണ് 'ഏഴോം-4'. ഉപ്പ് ലവണത്തെ അതിജീവിക്കുന്നതിനുള്ള നെല്ലിനവികസനത്തിനായി 2002-ല്‍ നാടന്‍ ഇനങ്ങള്‍ ചേര്‍ത്ത് നടത്തിയ പ്രക്രിയയുടെയും കര്‍ഷക പങ്കാളിത്ത വിശകലനത്തിന്റെയും ഫലമായി വികസിപ്പിച്ചെടുത്ത ഏതാനും ഇനങ്ങളില്‍ ഒന്നാണിത്. പരമ്പരാഗത കൈപ്പാടിലെന്നപോലെ പുതുതായി പുനര്‍ജീവനം നല്കിയ കാട്ടാമ്പള്ളി കൈപ്പാടിലും മികവ് പുലര്‍ത്തുകയും വെള്ളക്കെട്ടിനെ അതിജീവിച്ച് ജൈവപരിപാലനത്തില്‍ മികച്ച വിളവ് നല്കുകയും ചെയ്യും.

പ്രതികൂല സാഹചര്യങ്ങളൊന്നുമില്ലാത്ത സാധാരണ പാടത്തും 'ഏഴോം-4' യോജിച്ച ഇനമാണ്. 135-140 ദിവസം മൂപ്പുള്ള ഈ ഇനം കൈപ്പാടിന്റെ ഉപ്പ് ലവണമുള്ള ജൈവ ആവാസവ്യവസ്ഥയില്‍ ഹെക്ടറിന് 5.1 ടണ്‍ നെല്ലും വെള്ളക്കെട്ടിലും ഒടിഞ്ഞുവീഴലിനെ അതീജീവിച്ച് 10 ടണ്‍ വൈക്കോലും നല്കും.

സ്വര്‍ണനിറത്തിലുള്ള നെന്മണികളും രുചിയേറിയ ചോറും പോഷകഗുണവും വെളുത്ത നിറത്തോടുകൂടിയതുമായ അരിയും 'ഏഴോം-4'-ന്റെ പ്രത്യേകതയാണെന്ന് ഡോ. അബ്ദുള്‍കരിമും ഡോ. വനജയും പറയുന്നു.Stories in this Section