ബോറോണില്ലെങ്കില്‍ പ്രശ്‌നമാണ്‌

Posted on: 03 May 2015

വീണാറാണി. ആര്‍.



വാഴയില വിടര്‍ന്നു വരുന്നതിന് കാലതാമസം, വിടര്‍ന്നാത്തന്നെ ഇല ചുരുണ്ട് വികൃതം, ഒപ്പം പെട്ടെന്നുതന്നെ മുറിഞ്ഞുപോകുന്ന അവസ്ഥയും. എല്ലാം ബോറോണ്‍ എന്ന സൂക്ഷ്മ മൂലകത്തിന്റെ അഭാവ ലക്ഷണങ്ങളാണ്.പലപ്പോഴും കീടരോഗബാധയെന്ന് സംശയം ജനിപ്പിക്കുകയും നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നത് പ്രശ്‌നത്തിന്റെ ആക്കം കൂട്ടുന്നു.

ബോറോണിന്റെ അഭാവം വിളകളില്‍ വിവിധ തരത്തിലാണ് കാണുക. പച്ചക്കറികളില്‍ മഞ്ഞ നിറത്തിലുള്ള പാടുകള്‍ ഇലകളില്‍ പ്രത്യക്ഷപ്പെടും. ഇലഞരമ്പുകള്‍ അടുത്തടുത്തായി തടിച്ചുവരുന്നു. ഇലയുടെ അറ്റം തവിട്ടുനിറമായി കരിഞ്ഞ് ഒടിഞ്ഞു പോകും. പച്ചക്കറിയിലും വാഴയിലും അഭാവം രൂക്ഷമാകുമ്പോള്‍ വളര്‍ച്ച നിലയ്ക്കും. വാഴക്കുലയുടെ തലഭാഗം പുറത്തുവരികയും ബാക്കി ഭാഗം തടയ്ക്കുള്ളില്‍ കുടുങ്ങിയതു പോലെയും കാണുന്നുണ്ടെങ്കില്‍ മണ്ണില്‍ ബോറോണില്ലെന്ന് ഉറപ്പാക്കാം. വാഴപ്പഴത്തില്‍ കല്ലിപ്പുണ്ടാകുന്നതും ബോറോണിന്റെ കുറവു തന്നെ.

നെല്ലില്‍ സാധാരണഗതിയിലുള്ള ഉയരമില്ലാത്ത ഇലകളുടെ അറ്റം ഉണങ്ങി ചുരുളുന്നതും ബോറോണിന്റെ അഭാവ സൂചികയാണ്. കതിര്‍ വരാത്തതും തിങ്ങിനിറയാത്ത നെന്മണികളും ബോറോണില്ലാത്തതിന്റെ ഓര്‍മപ്പെടുത്തലാണ്.

തെങ്ങിലും കമുകിലും നാമ്പോലയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ബോറോണിന്റെ അഭാവ ലക്ഷണം ആദ്യം പ്രത്യക്ഷപ്പെടുക. നാമ്പോലയുടെ വളര്‍ച്ചയെ ബാധിച്ച് ഓലക്കാലുകള്‍ വേര്‍പെടാതെ വിശറിയുടെ രൂപത്തില്‍ കാണപ്പെടും. പൂങ്കുലകള്‍ കരിഞ്ഞുണങ്ങുന്നതും മച്ചിങ്ങാ കൊഴിച്ചിലും പേടുതേങ്ങ ഉണ്ടാകുന്നതും വിള്ളലോടു കൂടിയ അടക്കയും ബോറോണിന്റെ അപര്യാപ്തതാ ലക്ഷണങ്ങളാണ്.

കോശ നിര്‍മാണത്തിനും കോശഭിത്തിയുടെ ഉറപ്പിനും പരാഗതന്തുക്കളുടെ ജീവനത്തിനും പ്രകാശ സംശ്ലേഷണത്തിലൂടെ ഉത്പാദിപ്പിച്ച അന്നജം ചെടിയില്‍ നീക്കം ചെയ്യുന്നതിനുമെല്ലാം ബോറോണ്‍ കൂടിയേ തീരൂ. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ആവശ്യമുള്ളൂവെങ്കിലും ബോറോണ്‍ വിളകളുടെ വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും അത്യാവശ്യമാണ്. കേരളത്തിലെ മണ്ണില്‍ ഇന്ന് ബോറോണിന്റെ അളവ് പൂജ്യമാണെന്നത് നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്ന ഉത്പാദനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഓരോ വിളയ്ക്കും ആവശ്യമായ ബോറോണിന്റെ അളവ് വ്യത്യസ്തമാണ്. തെങ്ങൊന്നിന് ആറ് മാസത്തിലൊരിക്കല്‍ 50 ഗ്രാം എന്ന തോതില്‍ ബോറാക്‌സ് ചേര്‍ത്തുെകാടുക്കണം.

കവുങ്ങിന് വര്‍ഷത്തില്‍ രണ്ടുതവണ 30 ഗ്രാം ബോറാക്‌സ് നല്‍കാം. വാഴ നടുമ്പോള്‍ കുഴിയൊന്നിന് 20ഗ്രാം ബോറാക്‌സും തുടര്‍ന്ന് ഒന്നരമാസത്തെ ഇടവേളകളില്‍ 5 ഗ്രാം ബോറാക്‌സും 5 തുള്ളി ചെറുനാരങ്ങാനീരും അഞ്ച് തുള്ളി ഷാമ്പുവും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ തളിക്കണം. നെല്ലിലും പച്ചക്കറികളിലും സെന്റൊന്നിന് 40 ഗ്രാം ബോറാക്‌സ് ചേര്‍ക്കുന്നത് വിളവ് കൂട്ടും.


Stories in this Section