കാച്ചില്‍ നടാന്‍ മിനി സെറ്റ് രീതി

Posted on: 13 Apr 2015

സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍



നടീല്‍വസ്തുവിന്റെ തൂക്കംകുറച്ച് ഉത്പാദനച്ചെലവ് ചുരുക്കുന്ന മിനിസെറ്റ് കൃഷിരീതി കാച്ചിലില്‍ വിജയം. വലിപ്പംകുറഞ്ഞ നടീല്‍വസ്തുവിന് വളപ്രയോഗവും പണിചെയ്യാനുള്ള സമയവും കുറച്ചുമതി എന്ന മേന്മയുമുണ്ട്. 250 ഗ്രാമുള്ള വലിയ കഷ്ണത്തിനുപകരം 30 ഗ്രാം മാത്രമുള്ള 25 ചെറുകഷ്ണങ്ങള്‍ ഉപയോഗിച്ച് നടീല്‍വസ്തുവില്‍ത്തന്നെ 90 ശതമാനത്തോളം മിച്ചംവരുന്ന രീതിയാണിത്. ഉചിതമായ മുന്നൊരുക്കങ്ങളോടെ വേണം നടുന്നത്. 20 സെന്റീമീറ്റര്‍ വീതിയില്‍ 60 സെന്റീമീറ്റര്‍ ആഴമുള്ള കിടങ്ങില്‍ 40 സെന്റീമീറ്റര്‍ അകലത്തിലാണ് നടേണ്ടത്. കിടങ്ങിന്റെ നീളം സ്ഥലസൗകര്യമനുസരിച്ച് വ്യത്യാസപ്പെടുത്താം. പത്തോ ഇരുപതോ മീറ്ററോ അതില്‍ കൂടുതലോ നീളത്തില്‍ കിടങ്ങ് തയ്യാറാക്കാം.

20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലുള്ള മിശ്രിതത്തിലോ രണ്ടുശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതത്തിലോ മുക്കിയെടുത്ത കഷ്ണങ്ങള്‍ 25 ദിവസം തണലില്‍ ഉണക്കണം. രണ്ട് കിലോഗ്രാം വീതം ചാണകപ്പൊടി അടിവളമായി കുഴിയില്‍ നിക്ഷേപിച്ചശേഷം അതിനുമുകളിലാണ് തുണ്ടുകള്‍ നടേണ്ടത്.

50 ഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും തുണ്ടുകള്‍ക്ക് മുകളില്‍ ഇട്ടശേഷം കുഴിമൂടണം. വെയിലേറ്റ് മണ്ണുണങ്ങുന്നത് തടയാനും ഈര്‍പ്പം നിലനിര്‍ത്താനുമായി കരിയിലയോ ചപ്പുചവറുകളോ ഉപയോഗിച്ച് മുകളില്‍ പുതയിടണം.

കിളിര്‍ത്തുതുടങ്ങുമ്പോള്‍ വള്ളി പടര്‍ത്തേണ്ടതുണ്ട്. രണ്ടുമീറ്റര്‍ ഉയരമുള്ള കാലുകള്‍ സ്ഥാപിച്ചശേഷം പരസ്പരം കയറിട്ട് ബന്ധിപ്പിച്ച് വേലിപോലെ കെട്ടണം. മുപ്പതുദിവസം കഴിഞ്ഞ് കടലപ്പിണാക്ക് പൊടിച്ചത് 50ഗ്രാം വീതം ചുറ്റുംവിതറി മണ്ണിട്ടുമൂടണം. മുറ്റത്തും ടെറസിലും പാറപ്പുറത്തും ഗ്രോബാഗില്‍ കൃഷിചെയ്യാം. ജൈവകൃഷിയോട് നന്നായി പ്രതികരിക്കുന്നതും രോഗകീടങ്ങള്‍ കുറഞ്ഞതുമായ കാച്ചില്‍ 89 മാസം കൊണ്ട് വിളവെടുപ്പിന് തയ്യാറാകും. 800 ഗ്രാം മുതല്‍ ഒരുകിലോഗ്രാം വരെ തൂക്കമുള്ള കാച്ചില്‍ ലഭിക്കുന്നു. ഒരു ചെറിയ കുടുംബത്തിന് ഒരു നേരത്തേക്ക് ഈ ഒരു കിഴങ്ങ് ഉചിതമായതിനാല്‍ മുറിച്ച ബാക്കി സൂക്ഷിക്കുന്നതുമൂലമുള്ള കേടുവരലോ നഷ്ടമോ പേടിക്കേണ്ടതില്ല.

തിരുവനന്തപുരത്ത് ശ്രീകാര്യത്തെ കിഴങ്ങ് ഗവേഷണകേന്ദ്രത്തില്‍നിന്നുള്ള കീര്‍ത്തി, ആഫ്രിക്കന്‍ നാടന്‍ ഇനമായ നീലക്കാച്ചില്‍ എന്നിവയാണ് നടാന്‍ ഉപയോഗിച്ചതെന്ന് ഈ രീതി പരീക്ഷിച്ച ആലപ്പുഴയിലെ കളര്‍കോട് കണ്ണുവള്ളില്‍ സുരേഷ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400466030.


Stories in this Section