
അടിമാലി: ക്വിന്റല്‍ വാഴ കണ്ടുപിടിച്ച അടിമാലിയിലെ ചെറുകുന്നേല്‍ ഗോപി, മള്‍ട്ടി റൂട്ട് ജാതിത്തൈകളുമായി വീണ്ടും കാര്‍ഷികമേഖലയില്‍ തന്റെ രണ്ടാം വരവിന് തുടക്കംകുറിക്കുന്നു. പ്രകൃതിക്ഷോഭത്തില്‍ കടപുഴകി വീണ് ജാതിത്തോട്ടം നശിച്ചുപോയ കര്‍ഷകരുടെ കണ്ണീരാണ് ഗോപിക്ക് മള്‍ട്ടി റൂട്ട് ജാതിത്തൈകളുടെ കണ്ടെത്തലിന് പ്രചോദനമായത്. നാട്ടുജാതികള്‍ക്ക് ആഴത്തില്‍ വേരോട്ടമില്ലാത്തതിനാല്‍ ഇവ കാറ്റില്‍ നശിക്കാറുണ്ട്. ഇതിന് പരിഹാരം കണ്ടെത്തുകയായിരുന്നു ഗോപിയുടെ ലക്ഷ്യം. ഇതിനായി 2008 മുതല്‍ ഇദ്ദേഹം വിവിധ രീതിയില്‍ പരീക്ഷണം നടത്തി. ആദ്യം കാട്ടുജാതിയില്‍ നാട്ടുജാതി ഗ്രാഫ് ചെയ്തു. പരീക്ഷണം പരാജയപ്പെട്ടു. പിന്നീടാണ് മൂന്നു വര്‍ഷത്തിന്‍മേല്‍ പ്രായമുള്ള നാടന്‍ജാതിയില്‍ രണ്ട് വര്‍ഷം പ്രായമുള്ള കാട്ടുജാതി അപ്രോച്ച് ഗ്രാഫിങ് വഴി കൂട്ടിച്ചേര്‍ത്തത്. ഇത് വിജയം കണ്ടു. തായ്വേരിന്റെ എണ്ണത്തിലുണ്ടായ വര്‍ധനമൂലം ചെടിയിലുണ്ടായ മാറ്റം ഗോപിക്ക് പ്രചോദനമായി. ഇവ കാറ്റില്‍ നശിക്കില്ലെന്ന് കണ്ടെത്തി. ഇതോടെ ഗോപി തായ്വേരുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ഒരു ജാതിയില്‍ രണ്ട് മുതല്‍ അഞ്ച് വരെ മരങ്ങള്‍ ഇത്തരത്തില്‍ ജോയിന്റ് ചെയ്ത് തന്റെ പരീക്ഷണം വിജയത്തില്‍ എത്തിച്ചിരിക്കുകയാണ് കര്‍ഷകനായ ഗോപി.
മൂന്നുപതിറ്റാണ്ട് മുന്‍പ് തന്റെ കൃഷിയിടത്തിലെ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും ക്വിന്റല്‍ എന്ന നേന്ത്രവാഴ കണ്ടുപിടിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ കര്‍ഷകോത്തമ, നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ ഉദ്യാന്‍പണ്ഡിറ്റ്, ഗാന്ധി സ്റ്റഡി സെന്ററിന്റെ കര്‍ഷക് തിലക് തുടങ്ങി നിരവധി അവാര്‍ഡുകളും ഗോപിക്ക് ലഭിച്ചു. ഇപ്പോഴത്തെ മള്‍ട്ടി റൂട്ട് ജാതി കണ്ടുപിടിച്ചതിന് കഴിഞ്ഞ ഡിസംബറില്‍ സ്‌പൈസസ് ബോര്‍ഡിന്റെ റിസേര്‍ച്ച് സെന്ററില്‍ നിന്ന് മള്‍ട്ടി റൂട്ട് ഗ്രാഫ്റ്റിങ് അവാര്‍ഡും നേടി സംസ്ഥാനത്തിന് അഭിമാനമായി. ജാതി കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും വിശദമായി പഠിച്ചശേഷമാണ് ഗോപി തന്റെ കണ്ടുപിടിത്തം നടത്തിയത്. കായ് പാകി മുളപ്പിക്കുന്ന ജാതിത്തൈകളില്‍ ആണ്‍, പെണ്‍ തൈകള്‍ കാണും. ഇതില്‍ പെണ്‍ജാതികളാണ് കായ്ഫലം നല്‍കുന്നത്. ഒരു ജാതിത്തൈക്ക് ഒരു തായ്വേര് എന്നതാണ് കണക്ക്. ജാതിയെ മള്‍ട്ടി റൂട്ട് പ്രക്രിയയിലൂടെ ഒന്നിലധികം തായ്വേരുകള്‍ വച്ചുപിടിപ്പിച്ചാണ് ഗോപി ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. നാട്ടുജാതിമരത്തിലേക്ക് കാട്ടുജാതിയും നാട്ടുജാതിയും സമ്മിശ്രമായി ചേര്‍ത്തുപിടിപ്പിച്ച് ഒറ്റമരമാക്കി മാറ്റുന്നു. ഇതോടെ വളര്‍ച്ച കൂടുന്ന മരത്തെ ബഡ്ഡിങ്ങിലൂടെയോ ഗ്രാഫ്റ്റിങ്ങിലൂടെയോ പെണ്‍മരമാക്കി മാറ്റുന്നു. ഇതോടെ നിരവധി ഗുണങ്ങളാണ് ഗോപി അവകാശപ്പെടുന്നത്.
മള്‍ട്ടി റൂട്ട് ചെടികള്‍ക്ക് വിസ്തൃതമായ വേരുപടലമുള്ളതിനാല്‍ വെള്ളം, വളം, സസ്യമൂലകങ്ങള്‍ എന്നിവ കൂടുതലായി മണ്ണില്‍നിന്ന് വലിച്ചെടുക്കാന്‍ കഴിയുന്നതും മറ്റൊരു മേന്മയാണ്. വീട്ടുവളപ്പില്‍ ജാതിത്തൈകള്‍ നട്ടാല്‍ സാധാരണ ബഡ്ഡ് മരങ്ങള്‍ മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ കായ്ഫലം തരുന്നതിന് എടുക്കുമ്പോള്‍ ഗോപി വികസിപ്പിച്ചെടുത്ത മരങ്ങള്‍ രണ്ടാം വര്‍ഷം സമൃദ്ധിയായി കായ്ഫലം തരും. വ്യത്യസ്തങ്ങളായ ജാതിത്തൈകള്‍ ചേര്‍ത്ത് മള്‍ട്ടി റൂട്ട് ചെയ്തിരിക്കുന്നതിനാല്‍ വൃക്ഷത്തിന് ആയുസ് അധികമായി ലഭിക്കുമെന്നും ഗോപി പറയുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപം രണ്ടേക്കറോളം വരുന്ന തന്റെ നഴ്‌സറിയില്‍ ആയിരക്കണക്കിന് മള്‍ട്ടി റൂട്ട് ജാതിത്തൈകളാണ് തയ്യാറാക്കിയിട്ടുള്ളത്. എട്ടു വര്‍ഷത്തോളമായി സൂക്ഷ്മമായ പരീക്ഷണത്തിലൂടെ കണ്ടെത്തിയ പുതിയ മാര്‍ഗം ഗോപി തന്റെ സഹോദരിയും മകനും ഉള്‍െപ്പടെയുള്ള കുടുംബാംഗങ്ങളെ പഠിപ്പിച്ച് ഇവരുടെ സഹായത്തോടെയാണ് ചെയ്തുവരുന്നത്. തന്റെ പുതിയ കണ്ടെത്തലിന് സ്വയം നല്‍കിയ മള്‍ട്ടി റൂട്ട് ജാതിയെന്ന പേര് അപ്രകാരംതന്നെ നിലനിര്‍ത്താനാണ് സ്‌പൈസസ് ബോര്‍ഡ് അധികൃതരോട് ഗോപിക്കുള്ള അഭ്യര്‍ത്ഥന. ഫോണ്‍: 9447613755