അയ്യായിരം ചാക്കില്‍ പച്ചക്കറിക്കൃഷി എന്ന പദ്ധതിയുമായി മുന്നേറുകയാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സി.എസ്.ഐ. ചര്‍ച്ച് യുവജനസഖ്യം. യുവജനസഖ്യം സെക്രട്ടറിയാണ് ഇംഗ്ലീഷ് അധ്യാപകന്‍ കൂടിയായ ആല്‍വിന്‍ ജോണ്‍. കഴിഞ്ഞ രണ്ടുമാസമായി പള്ളിവക കെട്ടിടത്തിലെ ടെറസിനുമുകളില്‍ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ചാക്കുകളില്‍ വിവിധയിനം പച്ചക്കറി തൈകള്‍ നട്ടു വളര്‍ത്തുന്നു.
പൂസാസവാനി ഇനത്തിലെ വെണ്ട, അരുണ്‍ ഇനം ചീര, ശക്തിയിനത്തിലെ തക്കാളി, പൂസാപര്‍പ്പിള്‍ ലോങ് ഇനത്തിലെ വഴുതന, നാടന്‍ പച്ചമുളക്, പിന്നെ ജ്വാലാസഖി, ജ്വാലാമുഖി ഇനങ്ങളിലെ മുളകിനങ്ങളും ശാരിക എന്ന പയറും കൃഷിചെയ്തിരിക്കുന്നു.
ഉണങ്ങിപ്പൊടിച്ച കാലിവളം, മേല്‍മണ്ണ്, മണല്‍ എന്നിവ 1:1:1 എന്ന അനുപാതത്തില്‍ തയ്യാറാക്കിയ പോട്ടിങ് മിശ്രിതത്തിലാണ് തൈകള്‍ നടാറുള്ളത്. വിത്ത് മുളച്ച് 10 ദിവസത്തെ വളര്‍ച്ചയെത്തിയാല്‍ ഗോമൂത്രം, കടലപ്പിണ്ണാക്ക്, പച്ചച്ചാണകം എന്നിവ തുല്യ അളവില്‍ കലര്‍ത്തിയ മിശ്രിതം രണ്ടാഴ്ച വെച്ചതില്‍നിന്നും 100 ഗ്രാം മിശ്രിതം 10 ഇരട്ടി വെള്ളത്തില്‍ ലയിപ്പിച്ച് മൂന്നു ദിവസത്തിലൊരിക്കല്‍ ഒഴിച്ചുകൊടുക്കാറുണ്ടെന്ന് ആല്‍വിന്‍ പറഞ്ഞു.
ദിവസം രണ്ടുനേരം യുവജനസഖ്യത്തിലെ അംഗങ്ങള്‍ ഓരോ ചെടിയെയും സൂക്ഷ്മ നിരീക്ഷണം നടത്തും. കീടങ്ങളെക്കണ്ടാല്‍ അപ്പോള്‍ത്തന്നെ നശിപ്പിക്കുന്നതിനാല്‍ ആക്രമണം കുറവാണ്. വിഷാംശവും രാസവളങ്ങളും ലേശംപോലും തൊടാത്ത പച്ചക്കറി ആവുന്നിടത്തോളം ഉത്പാദിപ്പിക്കാന്‍ സംഘടന പരിശീലനം നല്കി വരുന്നു. ഇവര്‍ വിളയിക്കുന്ന പച്ചക്കറികള്‍ ഞായറാഴ്ചകളില്‍ ലേലം ചെയ്തു വില്‍ക്കുക പതിവാണ്. വിത്തുകളും തൈകളും സൗജന്യമായി നല്‍കുന്നുമുണ്ട്.
യുവജനസഖ്യത്തിലെ അംഗങ്ങളായ ബോസ് എം.എസ്., ജോഷി, സിനി റോബിന്‍ തുടങ്ങിയവര്‍ താത്പര്യമുള്ളവരുടെ വീടുകളിലെത്തി 50 ചാക്കുകള്‍ വീതമുള്ള ഒരു യൂണിറ്റ് പച്ചക്കറിത്തൈ നട്ട് ചാക്ക് കൃഷി പ്രോത്സാഹിപ്പിച്ചുവരുന്നു.
വെങ്ങാന്നൂര്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍ ഹരിപ്രിയ, വെങ്ങാന്നൂര്‍ സി.എസ്.ഐ. ചര്‍ച്ച് വികാരി റവ. ടി. ദേവപ്രസാദ്, എക്കോ ക്ലബ്ബ് കണ്‍വീനര്‍ റോയ് ബി.സി. എന്നിവര്‍ ചാക്ക്കൃഷിക്ക് നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: റോയ് 9961252325.