എം.കെ.പി. മാവിലായി

അടുത്ത വര്‍ഷത്തോടെ കേരളത്തെ സമ്പൂര്‍ണ ജൈവകൃഷി സംസ്ഥാനമാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന കൃഷിവകുപ്പ്.
മണ്ണിന്റെ ഘടനയും സമ്പുഷ്ടതയും മെച്ചപ്പെടുത്തി മണ്ണിനെ പൂര്‍ണമായും സസ്യജീവിതത്തിന് പര്യാപ്തമാക്കുക എന്നത് ജൈവകൃഷിരീതിയുടെ പ്രധാനഘടകമാണ്. ഇതിനുവേണ്ടി വിളയുടെ അവശിഷ്ടവും ജന്തുജന്യവളങ്ങളും ചാക്രികമായി ഉപയോഗപ്പെടുത്തണം.
ശരിയായ സമയത്തുതന്നെ മണ്ണിനെ കൃഷിക്ക് പാകപ്പെടുത്തുക, വിളപരിവര്‍ത്തനരീതികള്‍ അവലംബിക്കുക, പച്ചിലകളും നൈട്രജന്‍ സംയുക്തങ്ങളുടെ ഖനികളായ പയര്‍വര്‍ഗ സസ്യങ്ങളുടെ അവശിഷ്ടങ്ങളും വളമായി ഉപയോഗപ്പെടുത്തുക, പുതയിടുക തുടങ്ങിയവ മണ്ണിന്റെ വളക്കൂറ് മെച്ചപ്പെടുത്താനുപകരിക്കും.
രാസവളവും കീടനാശിനിയും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കൃഷിയിടം പൊടുന്നനെ സമ്പൂര്‍ണ ജൈവകൃഷിയിലേക്ക് മാറുമ്പോള്‍ ചിലപ്രശ്‌നങ്ങളുണ്ട്. ഇത്തരം മണ്ണ് പൊതുവേ ജൈവകൃഷിക്ക് അനുയോജ്യമല്ലാത്ത അവസ്ഥയിലായിരിക്കും. ജൈവകൃഷിയിലേക്ക് മാറുന്ന ഈ പരിവര്‍ത്തനദശയില്‍ ഉത്പാദനം താരതമ്യേന കുറവായിരിക്കും.
പിന്നീട് മണ്ണ് അതിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനനുസരിച്ചും ബന്ധപ്പെട്ട പാരിസ്ഥിതികഘടകങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനനുസരിച്ചും ക്രമമായിട്ടുമാത്രമേ ഉത്പാദനം മെച്ചപ്പെടുത്തുകയുള്ളൂ. മണ്ണിന് സംഭവിച്ചിട്ടുള്ള ശോഷണത്തിന്റെ തോതനുസരിച്ച് ഈ പരിവര്‍ത്തനദശ മൂന്നുവര്‍ഷമോ അതില്‍ കൂടുതലോ ആവാം. കൃഷി ഉപജീവനമായുള്ള കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാനാവില്ല.
കൃഷിയിടം രാസകൃഷിയില്‍നിന്നും ജൈവകൃഷിയില്‍ ചില സാങ്കേതികവിദ്യകള്‍ പ്രായോഗികമാക്കേണ്ടതുണ്ട്. ഖരരൂപത്തിലുള്ള ജൈവവള പ്രയോഗത്തോടൊപ്പം വിളകള്‍ക്കാവശ്യമായ മൂലകങ്ങള്‍ എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ കഴിയുന്ന രൂപത്തില്‍ പരുവപ്പെട്ട പുളിപ്പിച്ച ദ്രാവകങ്ങള്‍ മണ്ണിലും സസ്യങ്ങളിലും തളിക്കണം. ജൈവവളര്‍ച്ചാ ത്വരകങ്ങളും ജൈവ ഹോര്‍മോണുകളും പ്രയോഗിക്കണം. ഇതിലൂടെ പരിവര്‍ത്തനദശയുടെ കാലയളവ് കുറയ്ക്കാന്‍ കഴിയുമെന്ന് മാത്രമല്ല ജൈവകൃഷിയുടെ തുടക്കകൃഷിയില്‍പോലും മെച്ചപ്പെട്ട വിളവ് ഉറപ്പുവരുത്താനുമാകും.
ഖരരൂപത്തിലുള്ള ജൈവവളങ്ങള്‍ സൂക്ഷ്മജീവികളുടെ ഒരു നിശ്ചിതകാലത്തെ വിഘടന പ്രക്രിയയ്ക്കുശേഷം മാത്രമേ അത് ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന രൂപത്തിലുള്ള ക്ലേദമായി മാറുകയുള്ളൂ. ജൈവവസ്തുക്കള്‍ വിഘടിപ്പിക്കുന്നതിന് സൂക്ഷ്മജീവികള്‍ക്ക് ഊര്‍ജം ആവശ്യമാണ്. ഈ ഊര്‍ജം ലഭിക്കേണ്ടത് മണ്ണില്‍നിന്നാണ്.
സൂക്ഷ്മജീവികള്‍ ഇത്തരത്തില്‍ ഊര്‍ജം വിനിയോഗിക്കുമ്പോള്‍ പല മൂലകങ്ങളും മണ്ണില്‍ ഒരു നിശ്ചിതകാലത്തേക്ക് കുറവായിരിക്കും. മണ്ണിലെ പോഷകനിലവാരം കുറയുമ്പോള്‍ സസ്യങ്ങളുടെ വളര്‍ച്ച ഉള്‍പ്പെടെയുള്ള ജീവല്‍പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും.
ജൈവവസ്തുക്കള്‍ പുളിപ്പിക്കല്‍ പ്രക്രിയയ്ക്ക് വിധേയമാക്കുന്ന രീതികള്‍ പ്രാേയാഗികമാക്കലാണ് ജൈവകൃഷിയില്‍ ചെടികള്‍ക്ക് പെട്ടെന്ന് പോഷണം ലഭ്യമാക്കാനുള്ള പോംവഴി. ഒപ്പം ഖരരൂപത്തില്‍ നല്കുന്ന ജൈവവളങ്ങളിലെ മൂലകങ്ങള്‍ പിറകെ ലഭ്യമാകുകയും ചെയ്യും. കിട്ടാവുന്ന ജൈവവളങ്ങളെല്ലാം മണ്ണില്‍ നിക്ഷേപിക്കുന്നതോടൊപ്പം പുളിപ്പിച്ച ജൈവവളക്കൂട്ടുകളും പ്രയോജനപ്പെടുത്തണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446088605.