മത്സ്യാവശിഷ്ടം മണ്ണിനമൃത്‌

Posted on: 18 Jan 2015

വീണാറാണി ആര്‍.മത്സ്യാവശിഷ്ടം എവിടെയെങ്കിലും വലിച്ചെറിയുന്നത് നമ്മുടെ ശീലമാണ്. എന്നാല്‍ സുസ്ഥിരമായി മണ്ണിന്റെ വളക്കൂറ് കൂട്ടാന്‍ മത്സ്യത്തോളം പോന്നത് മറ്റൊന്നുമില്ല. വളരെ പെട്ടെന്നുതന്നെ വലിച്ചെടുക്കാനും ഉപയോഗപ്പെടുത്താനും സാധിക്കുന്നതാണ് മത്സ്യവളത്തിന്റെ മേന്മ. മത്തി ഉള്‍പ്പെടെയുള്ള കടല്‍ മത്സ്യങ്ങളില്‍ പ്രോട്ടീന്‍, വിറ്റാമിന്‍, മൂലകങ്ങള്‍, ഫാറ്റി ആസിഡ് എന്നിവ സമതുലിതമായുണ്ട്. അതുകൊണ്ടുതന്നെ ഇവ അഴുകിയുണ്ടാകുന്ന മത്സ്യവളത്തില്‍ പ്രോട്ടീന്‍ നൈട്രജനും 18 സൂക്ഷ്മമൂലകങ്ങള്‍ ഉള്‍പ്പെടെയുള്ള 70ഓളം മൂലകങ്ങളും അടങ്ങിയിരിക്കുന്നു.

മത്സ്യത്തില്‍ മേല്‍പ്പറഞ്ഞ എല്ലാ മൂലകങ്ങളും പ്രോട്ടീനുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ വിളകള്‍ക്ക് എളുപ്പം വലിച്ചെടുക്കാം. സാധാരണഗതിയില്‍ നൈട്രജന്‍ വിളകളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്ന് പറയും. എന്നാല്‍ മിക്കവാറും എല്ലാ രാസവളങ്ങളിലും നൈട്രജന്‍ നൈട്രേറ്റ് രൂപത്തിലാണ് കാണപ്പെടുന്നത്. ഇത് വളര്‍ച്ച കൂട്ടും. ഒപ്പം കീടരോഗത്തെ ക്ഷണിച്ചുവരുത്തും. എന്നാല്‍ മത്സ്യവളത്തിലെ നൈട്രജന്‍ വിളകളിലെ പ്രോട്ടീന്‍ രൂപവത്കരണം എളുപ്പമാക്കുന്നു. മണ്ണിലെ പോഷകാംശം കൂട്ടാന്‍ മാത്രമല്ല സൂക്ഷ്മാണുക്കളുടെ എണ്ണംകൂട്ടി ജൈവമണ്ഡലത്തെ സക്രിയമാക്കാനും മത്സ്യവളത്തിന് കഴിയും. സൂക്ഷ്മാണുക്കളായ മൈക്കോറൈസയും ആക്ടിനോമൈസൈറ്റ്‌സും രോഗകാരികളായവരെ പ്രതിരോധിക്കുന്നതിന് മുന്നോട്ടുവരും.

മത്സ്യാവശിഷ്ടം വളരെ എളുപ്പത്തില്‍ വളമാക്കാം. മൂടിയുള്ള മണ്‍ചട്ടിയില്‍ ഓരോ ദിവസത്തെ മത്സ്യാവശിഷ്ടവും വെണ്ണീരും കൂട്ടിക്കുഴച്ചുവെച്ച് വളമാക്കുന്നതാണ് പഴയ രീതി. വെണ്ണീരിന് ക്ഷാമമാണെങ്കില്‍ മത്സ്യാവശിഷ്ടം മണ്ണിരക്കമ്പോസ്റ്റാക്കാം. ഇതിനായി വെള്ളം നിറച്ച ബേസിനില്‍ ഒരു ബക്കറ്റിറക്കി വെക്കുക. ഏറ്റവും താഴെയായി മണ്ണിരയോട് കൂടിയ മണ്ണിരക്കമ്പോസ്റ്റ് ഒരു കിലോഗ്രാം ചേര്‍ക്കാം. ഇനി ഓരോ ദിവസത്തെ മത്സ്യാവശിഷ്ടവും ശീമക്കൊന്ന ഇലയോ വാഴത്തടയോ നിക്ഷേപിക്കണം. ദിവസവും അരലിറ്റര്‍ വെള്ളം ഉപയോഗിച്ച് നേര്‍ത്ത നന നല്‍കണം. നനച്ച ചണച്ചാക്കുപയോഗിച്ച് ബക്കറ്റ് മൂടാം. മത്സ്യമാണെങ്കില്‍ക്കൂടി മണ്ണിര ഉപയോഗിച്ച് കമ്പോസ്റ്റീകരിക്കുന്നതിനാല്‍ നാറ്റമുണ്ടാകില്ല. 25 ദിവസംകൊണ്ട് മീന്‍ മണ്ണിരക്കമ്പോസ്റ്റ് റെഡിയാകും.Stories in this Section