കെ.പി. ചന്ദ്രപ്രഭ

മലപ്പുറം കരുവാരക്കുണ്ടിലെ മാത്യു സെബാസ്റ്റ്യനും കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവും കൈകോര്‍ത്തപ്പോള്‍ വാണിജ്യകൃഷിക്ക് പറ്റിയൊരു മുന്തിയ ഇനം ജാതി ഉരുത്തിരിഞ്ഞുഐ.ഐ.എസ്.ആര്‍. കേരളശ്രീ.
ഇതുവരെയുള്ള ജാതിക്കഥകളെയെല്ലാം പിന്നിലാക്കാന്‍ പോന്ന ജാതകവിശേഷങ്ങളുള്ള ഇനം. കരുവാരക്കുണ്ടില്‍ കണ്ണത്തുമലവാരത്താണത്, താഴത്തേല്‍ മാത്യു സെബാസ്റ്റ്യന്റെ ജാതികൃഷി പരീക്ഷണശാല. ജാതിയും കവുങ്ങും കുരുമുളകുമെല്ലാമുള്ള 12 ഏക്കര്‍. കവുങ്ങില്‍ മോഹിത്‌നഗര്‍ 4,000 മരങ്ങള്‍, കുരുമുളകില്‍ ശ്രീകരയും ശുഭകരയും പഞ്ചമിയുമാണ് മുഖ്യം. എണ്ണത്തില്‍ രണ്ടാംസ്ഥാനം ജാതിക്കാണെങ്കില്‍ ആദായത്തില്‍ മേല്‍ക്കോയ്മയുണ്ട് ആയിരത്തിലേറെ വരും മരങ്ങള്‍. 22 ഇനങ്ങള്‍, കേരളത്തിനുപുറമേ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നീവിടങ്ങളില്‍നിന്ന് മികച്ച ഇനങ്ങള്‍ തിരഞ്ഞെടുത്താണ് കൃഷിയിറക്കിയത്. ഏറ്റവും നല്ലത് കണ്ടെത്താനുള്ള ശ്രമങ്ങളുടെ ആദ്യപടി. 1999ലാണ് കൃഷിത്തുടക്കം. ഇവിടം ജാതിത്തോട്ടമായി. ജാതിക്ക് കിലോഗ്രാമിന് 80 രൂപയുള്ളപ്പോഴാണ് കൃഷിക്കിറങ്ങിയത്.

വളര്‍ച്ചക്കൂടുതല്‍കാട്ടി ഏതാനും ജാതിത്തൈകള്‍ ശ്രദ്ധകവര്‍ന്നു. അവ നാലാംവര്‍ഷംമുതല്‍ കായ്ക്കാന്‍ തുടങ്ങി. ആണ്ട് പിന്നിടുന്തോറും കായ്കളുടെ എണ്ണംകൂട്ടി അദ്ഭുതം കാട്ടി. പിന്നെ അവയ്ക്ക് പ്രത്യേക പരിചരണമായി. ഇവയുടെ കമ്പെടുത്ത് മറ്റ് മരങ്ങളില്‍ ഒട്ടിച്ചു. അങ്ങനെ അവിടം മേല്‍ത്തരക്കാരുടെ വിളനിലമായി. 'കേരളശ്രീ' പിറന്നു.
പത്താംവര്‍ഷം ഒറ്റമരത്തില്‍നിന്നുള്ള ആദായം പതിനായിരം കവിഞ്ഞു. ഇക്കാര്യം കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ കാതിലുമെത്തി. വന്ന് കണ്ടവര്‍ കീഴടങ്ങി. ശാസ്ത്രീയ കൃഷിരീതികളുടെ അല്ലറചില്ലറ ചിട്ടവട്ടങ്ങള്‍ നിര്‍ദേശിച്ചു. കായ്പിടിത്തം കുറഞ്ഞ ഇനങ്ങളെ വെട്ടി നീക്കാന്‍ കല്പിച്ചു. പരാഗണം സുഗമമാക്കാന്‍ ഏതാനും ആണ്‍മരങ്ങള്‍ നട്ടു. കായയെ പൂര്‍ണമായും പൊതിഞ്ഞ പത്രി, ഉണക്കുഭാരം കൂടുതല്‍, മരത്തില്‍ കായ്കളുടെ എണ്ണക്കൂടുതല്‍, രോഗകീടബാധകള്‍ കുറവ്... കേരളശ്രീയുടെ പെരുമകള്‍ പലതാണ്.
കര്‍ഷകപങ്കാളിത്ത ഗവേഷണ പദ്ധതിപ്രകാരം കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം (ഐ.എസ്.എസ്. ആര്‍.) വികസിപ്പിച്ചെടുത്ത ജാതി ഇനമാണ് കേരളശ്രീ. 2013 നവംബറില്‍ നടന്ന ദേശീയ സെമിനാറിലാണ് കേരളശ്രീക്ക് ഈ ഭാഗ്യമൊരുങ്ങിയത്. കൃഷിയിടത്തിലെയും പരീക്ഷണശാലയിലെയും നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് വാണിജ്യകൃഷിക്ക് അത്യുത്തമമെന്ന് തെളിഞ്ഞത്. ഇനി ഐ.ഐ.എസ്.ആറിന്റെ മേല്‍നോട്ടത്തിലാണ് ഇവയുടെ തൈ ഉത്പാദിപ്പിക്കുക.
10 വര്‍ഷം പിന്നിട്ട് നാലരഅഞ്ച് മീറ്റര്‍ പൊക്കമുള്ള മരത്തില്‍ 2,000ത്തിലേറെ കായ്കള്‍ വിളഞ്ഞാണ് കേരളശ്രീ മിടുക്കുകാട്ടിയത്. 21 കിലോഗ്രാമായിരുന്നു തൊണ്ടോടുകൂടിയ ജാതിക്കയുടെ അളവ്. ജാതിപത്രിയാണെങ്കില്‍ 4.2 കിലോഗ്രാം. ഹെക്ടറൊന്നിന് 360 മരങ്ങള്‍ നടാം. 10 വര്‍ഷം പിന്നിട്ടാല്‍ അവിടെ ഏഴരടണ്‍ ജാതിക്കയും ഒന്നര ടണ്‍ ജാതിപത്രിയും വിളയും.
മലപ്പുറത്തെ മേലാറ്റൂരിലാണ് മാത്യുവിന്റെ താമസം. വീടിനടുത്താണ് ജാതിത്തൈകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള പോളിഹൗസ് നഴ്‌സറിയൊരുക്കിയത്. 6,000 ചതുരശ്ര അടിയാണ് പോളിഹൗസിന്റെ വിസ്തീര്‍ണം. 10,000 തൈകളാണ് ഇത്തവണ ഉത്പാദിപ്പിക്കുന്നത്.
കോട്ടയം കുറവിലങ്ങാട്ടുനിന്ന് നാലുപതിറ്റാണ്ടുമുമ്പ് കരുവാരക്കുണ്ടിലെത്തിയതാണ് മാത്യുവിന്റെ കുടുംബം. കരുവാരക്കുണ്ട് പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍. 2012ലെ മികച്ച കര്‍ഷകനുള്ള കര്‍ഷക തിലകമടക്കം ഒരുപിടി അവാര്‍ഡുകള്‍ കിട്ടി.
(മാത്യു സെബാസ്റ്റ്യന്‍ഫോണ്‍: 9447178151, 8553418025)