അലങ്കാരമായി വാള്‍വാലന്‍
Posted on: 05 Oct 2014
വാലില്‍ വാളുമായി ഒരു അലങ്കാരമത്സ്യം. ലോകമെമ്പാടുമുള്ള അക്വേറിയം പ്രേമികളുടെ ഇഷ്ടഭാജനമാണ് മധ്യ അമേരിക്കന്‍ വംശജനായ വാള്‍വാലന്‍ അഥവാ സ്വോര്‍ഡ് ടെയില്‍.ആണ്മീനുകളുടെ വാല്‍ച്ചിറകിന്റെ അടിവശത്ത് കൂര്‍ത്ത് വാള്‍പോലെ കാണപ്പെടുന്ന ഭാഗമാണ് ഈ മത്സ്യത്തിന്റെ പേരിന് കാരണം. സ്വരക്ഷയ്ക്കോ മറ്റുള്ള മത്സ്യങ്ങളെ ആക്രമിക്കുന്നതിനോ ഉള്ള ആയുധമല്ല ഈ വാള്. ആണ്‍മീനുകള്‍ക്ക് 'പൊലിമ'കൂട്ടാനുള്ള ഒരു ശരീരഭാഗം മാത്രം. ഇണചേരുന്ന വേളയില്‍ പെണ്ണിനെ ചുറ്റിപ്പിടിക്കാനും ഈ വാള് ഉപയോഗിക്കും.തുടക്കക്കാര്‍ക്ക് വളര്‍ത്താന്‍ പറ്റിയ ഒന്നാന്തരം മത്സ്യമാണ് വാള്‍വാലന്‍. അക്വേറിയത്തില്‍ ഈ മത്സ്യം പരമാവധി 1012 സെ.മീ. വരെ വളരും.
സ്വാഭാവിക നിറം ഒലീവ് പച്ചയാണ്. എന്നാല്‍, ഇപ്പോള്‍ ചുവപ്പ്, വെള്ള, പച്ച, മഞ്ഞ, കറുപ്പ്, ഓറഞ്ച് തുടങ്ങി വിവിധ വര്‍ണങ്ങളില്‍ കമ്പോളത്തില്‍ ലഭ്യമാണ്. വാല്‍ച്ചിറകിന്റെ മുകള്‍ഭാഗവും കീഴ്ഭാഗവും വളഞ്ഞ് അര്‍ധചന്ദ്രാകൃതിയില്‍ കാണപ്പെടുന്ന 'മൂണ്‍ ടെയില്‍ സ്വോര്‍ഡ്' താരപരിവേഷമുള്ള ഇനമാണ്.
വാള്വാലന്മാര് പൊതുവേ ശാന്തസ്വഭാവക്കാരാണ്. എന്നാല്‍, ഇണചേരല്‍ സമയത്ത് ചിലപ്പോള്‍ ഇവ അക്രമാസക്തരാവാറുണ്ട്. കൃത്രിമാഹാരം നല്കി ഈ മീനിനെ വളര്‍ത്താമെങ്കിലും സസ്യജന്യ ഭക്ഷ്യവസ്തുക്കള്‍ (വേവിച്ച ചീര, കാബേജ്, ആല്‍ഗകള്‍ തുടങ്ങിയവ) നിര്‍ബന്ധമായും നല്‍കണം.
വാള്വാലന്മാരുടെ പ്രജനനം ഏറെ ലളിതമാണ്. പ്രജനത്തിന് 200 ലിറ്ററില്‍ കൂടുതല്‍ ശേഷിയുള്ള ടാങ്കുകള്‍ ഉപയോഗിക്കാം. ചെറിയ ഉപ്പും ക്ഷാരാംശവുമുള്ള വെള്ളമാണ് അഭികാമ്യം. പത്ത് ലിറ്റര്‍ ശുദ്ധജലത്തില്‍ ഒരു സ്പൂണ്‍ കറിയുപ്പ് ചേര്‍ത്താല്‍ മതിയാവും. പ്രായപൂര്‍ത്തിയായ മത്സ്യങ്ങളെ പ്രജനന ടാങ്കില്‍ കൂട്ടം കൂട്ടമായി കടത്തിവിടാം. മൂന്ന് നാല് പെണ്‍മത്സ്യങ്ങള്‍ക്ക് ഒരു ആണ് മതിയാവും. ബീജസങ്കലനത്തിനുശേഷം പെണ്‍മത്സ്യങ്ങള്‍ മുട്ടകള്‍ ശരീരത്തില്‍ സൂക്ഷിക്കുന്നു. മുട്ടവിരിഞ്ഞുണ്ടാവുന്ന കുഞ്ഞുങ്ങള്‍ പെണ്‍മത്സ്യത്തിന്റെ ശരീരത്തില്‍നിന്ന് പുറത്തുവരുന്നു. ഒരു 'പ്രസവ'ത്തില്‍ 50 മുതല്‍ 200 വരെ കുഞ്ഞുങ്ങള്‍ ലഭിക്കും. കുഞ്ഞുങ്ങളെ മുതിര്‍ന്ന മത്സ്യങ്ങള്‍ പിടിച്ചുതിന്നാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ പ്രജനനക്കെണികളോ സസ്യങ്ങള്‍ നിറഞ്ഞ ടാങ്കോ ഉപയോഗിക്കാം. കുഞ്ഞുങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ആല്‍ഗകളും പിന്നീട് ആര്‍ട്ടീമിയ ലാര്‍വയും നല്‍കാം. നന്നായി പൊടിച്ച കൃത്രിമാഹാരവും നല്‍കാം.
പെണ്‍മത്സ്യങ്ങള്‍ ക്രമേണ ആണ്മത്സ്യങ്ങളാവുന്ന രസകരമായ ലിംഗമാറ്റം വാള്വാലന്മാരില് കാണാറുണ്ട്. ഫോണ്‍: 9495900670.
പി. സഹദേവന്