ഇവിടെ കാറ്റിന് ഗ്രാമ്പൂമണം

Posted on: 24 Feb 2015

കെ.പി. ചന്ദ്രപ്രഭ




ഇവിടെ കാറ്റിന് ഗ്രാമ്പൂസുഗന്ധമാണ്. വയനാട്ടില്‍ കാപ്പിപൂക്കും കാലംപോലെ അടിമുടി ഹൃദ്യസുഗന്ധം. കോഴിക്കോട്ടെ തൊട്ടില്‍പ്പാലം ഉള്‍പ്പെടുന്ന കാവിലുംപാറ പഞ്ചായത്തിന്റെ മലയോരത്തിന് മുഴുവന്‍ അവകാശപ്പെടാവുന്നതാണ് ഈ ഹൃദ്യത. പ്രതിവര്‍ഷം 25 ടണ്ണോളം ഗ്രാമ്പൂവാണ് ഈ മലയോരപഞ്ചായത്ത് വിപണിയിലെത്തിക്കുന്നത്.

ഇവിടം ഗ്രാമ്പൂവിന്റെ വിളനിലമായതിനുപിന്നില്‍ കുുതോട് ഇല്ലിക്കല്‍ ജോസഫിന്റെ പങ്ക് ചെറുതല്ല. കാരണം, മൂന്നരപ്പതിറ്റാണ്ടായി ഈ കര്‍ഷകന്‍ ഗ്രാമ്പൂകൃഷിക്ക് കച്ചകെട്ടി ഇറങ്ങിയിട്ട്. അന്നതിന് നനഞ്ഞിറങ്ങാന്‍ തക്കതായ കാരണവുമുണ്ട്.

വര്‍ഷം 1977. അന്ന് ദിവസക്കൂലി ആറുരൂപ. ഗ്രാമ്പൂ കിലോഗ്രാമിന് വില 640 രൂപ. ഒരു കിലോഗ്രാം ഗ്രാമ്പൂ വിറ്റാല്‍ ഒരു കൊല്ലത്തെ കൃഷിപ്പണി മുഴുവന്‍ നടത്താം. ഈ കണക്കുകൂട്ടലാണ് ജോസഫിനെ ഗ്രാമ്പൂ കൃഷിയിലേക്ക് അടുപ്പിച്ചത്. ഇന്ന് സംസ്ഥാനത്തെ മികച്ച ഗ്രാമ്പൂ കര്‍ഷകരിലൊരാളാണ് ജോസഫ്. 30 ഏക്കര്‍ ഗ്രാമ്പൂ തോട്ടത്തിന്റെ ഉടമ. ഇടവിളയായി തെങ്ങും കുരുമുളകും. ഗ്രാമ്പൂ കിലോയ്ക്ക് 1050 രൂപയാണ് ഇപ്പോഴത്തെ വില.

പെരുംവിലയില്‍ ഒതുങ്ങുന്നില്ല ഗ്രാമ്പൂ കൃഷിയുടെ വമ്പ്. കൃഷിപ്പണി നന്നേ കുറവ്. കൊത്തുകിള വേണ്ട. കുത്തനെയുള്ള മലഞ്ചെരിവിലും കൃഷിയിറക്കാം. ആദ്യ നാലുവര്‍ഷം നനയ്ക്കണം. പിന്നീട് നന വേണ്ടേവേണ്ട.

സമുദ്രനിരപ്പില്‍നിന്ന് 1500 അടിക്ക് മുകളിലാണ് അനുയോജ്യം. ഉത്പാദനക്ഷമത കൂടിയ മരത്തില്‍നിന്ന് വിത്തെടുത്ത് പാകി കിളിര്‍പ്പിച്ച് കൂടകളില്‍ നട്ടാണ് തൈകള്‍ തയ്യാറാക്കുന്നത്. വര്‍ഷം 10,000 തൈകള്‍ ഉത്പാദിപ്പിക്കും. കാവിലുമ്പാറക്കാര്‍ക്ക് വേത് കൊടുത്തുകഴിഞ്ഞാല്‍ പിന്നെ പുറത്ത് നല്‍കും. വയനാട്, നീലഗിരി, കുടക് മേഖലകളില്‍നിന്നാണ് തൈതേടി ആളെത്തുന്നത്.

ഒന്നുരണ്ട് വര്‍ഷം പ്രായമായ തൈകളാണ് നടാന്‍ നല്ലത്. തൈ ഒന്നിന് 50 രൂപ വിലവരും. 20 അടി അകലത്തിലാണ് തൈ നടുക. രണ്ടരയടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് നിറച്ച് തൈ നടാം. ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കരുത്. ചെടിയുടെ ചുറ്റിലും രണ്ടുമീറ്റര്‍ അകലത്തില്‍ നിരപ്പാക്കണം. തൈ നട്ടുകഴിഞ്ഞാല്‍ പിന്നെ ചുവടിളക്കലോ കൊത്തുകിളയോ വേണ്ട. കളനീക്കലും പുതയിടലും വളപ്രയോഗവുമാണ് പിന്നത്തെ പണികള്‍. ചെടികള്‍ നാലാംവര്‍ഷം പുഷ്പിക്കും. അടുത്ത വര്‍ഷംമുതല്‍ ആദായം കിട്ടിത്തുടങ്ങും. ഏക്കറില്‍ 100 തൈകള്‍ നടാം. 2,000 മരങ്ങളുണ്ട് ഈ കൃഷിയിടത്തില്‍. കാലവര്‍ഷത്തിന്റെ തുടക്കത്തിലാണ് പൂവിടല്‍. പൂങ്കുലകള്‍ മൊട്ടായിരിക്കുമ്പോഴാണ് വിളവെടുപ്പ്. അപ്പോള്‍ ചില്ലത്തലപ്പില്‍ വിടരാന്‍ വെമ്പുന്ന പൂങ്കുലകളുടെ കനത്തുനില്‍പ് കാണാം.

ജനവരി പകുതി മുതല്‍ വിളവെടുക്കാം. കുലയില്‍ രണ്ടോ മൂന്നോ വിരിഞ്ഞ പൂക്കളുടെ സാന്നിധ്യമാണ് വിളവെടുപ്പ് ലക്ഷണം. പൂവിന്റെ ഞെട്ട് അടക്കമാണ് പറിക്കുക. ഞെട്ടും ഇലയും മറ്റും നീക്കി വൃത്തിയുള്ള പൂ ശേഖരിക്കുന്നത് സ്ത്രീ തൊഴിലാളികളാണ്. കുരുമുളക് മെതിയന്ത്രത്തിന് രൂപമാറ്റം വരുത്തി ഗ്രാമ്പൂ വേര്‍തിരിക്കാനുള്ള യന്ത്രമൊരുക്കി. ഞെട്ടില്‍നിന്ന് പൂ അടര്‍ത്താനാണ് ഇത് ഉപയോഗിക്കുന്നത്. വൃത്തിയാക്കിയ മൂന്ന് കിലോഗ്രാം ഉണങ്ങിയാല്‍ ഒരു കിലോഗ്രാം ഗ്രാമ്പൂ കിട്ടും. 10 വര്‍ഷം പ്രായമായ മരത്തില്‍നിന്ന് എട്ട് കിലോഗ്രാം ഉണങ്ങിയ ഗ്രാമ്പൂവും 15 വര്‍ഷമായാല്‍ 10 കിലോഗ്രാമും എന്നതാണ് കണക്ക്.

ഗ്രാമ്പൂതോട്ടങ്ങളില്‍ ഇത് വിളവെടുപ്പുകാലം. അലുമിനിയം ഏണി ഉപയോഗിച്ചാണ് വിളവെടുപ്പ്. കനക്കുറവും ഒടിയില്ലെന്നതും ചവിട്ടുപടികള്‍ ഉറപ്പുള്ളതുമാണ് ഇതിന്റെ സവിശേഷത. ഏണിയുടെ തലയില്‍നിന്ന് ഒരു അടി താഴെ 1215 മീറ്റര്‍ നീളമുള്ള മൂന്ന് നൈലോണ്‍ കയറുകള്‍ കെട്ടും. ഏണികള്‍ ഗ്രാമ്പൂ മരത്തില്‍ തട്ടി തട്ടിയില്ലെന്ന മട്ടില്‍ ചാരി മൂന്ന് ഭാഗത്തേക്കും കയറുകള്‍ വലിച്ചുകെട്ടും. ഏണി ആടുകയോ ഉലയുകയോ ചെയ്യില്ല. മരത്തിന് തെല്ലും ക്ഷതമേല്‍ക്കാതെ ഗ്രാമ്പൂ പറിക്കാം.

കൃഷിയില്‍ പരീക്ഷണകുതുകിയായ ജോസഫ് സ്വന്തമായി ഗ്രീന്‍ ലൂമിയ എന്നൊരു മരുന്ന് വികസിപ്പിച്ചിട്ടുണ്ട്. മീലിമൂട്ടയുടെ ആക്രമണമുള്ള ഏത് കൃഷിയുടെയും രക്ഷകനാണിത്. കുരുമുളകിന്റെ മഞ്ഞളിപ്പിന് കാരണമായ സാവധാനവാട്ടത്തിന് അത്യുത്തമമാണിതെന്ന് ജോസഫ്.

കുടകിലും വയനാട്ടിലുമടക്കമുള്ള ഒട്ടേറെ കര്‍ഷകര്‍ ഗുണമേന്മ പരീക്ഷിച്ചറിഞ്ഞിട്ടുണ്ട്. കോപ്പര്‍ ഓക്‌സി ക്ലോറൈഡിനൊപ്പം ഇത് ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇഞ്ചിയുടെ ഒട്ടുമിക്ക രോഗങ്ങളും പമ്പകടക്കും.

പച്ചക്കറി, പയര്‍ വര്‍ഗങ്ങള്‍ എന്നിവയ്‌ക്കെല്ലാം നന്ന്. ഉറുമ്പോ മണ്ണിരയോ ചെറുപ്രാണികളോ ഒന്നും നശിക്കില്ല. ഇതുപയോഗിച്ച് കശുമാവിന്‍ തോട്ടത്തിലെ തേയിലക്കൊതുകിനെ തുരത്തിയിട്ടുണ്ട് ജോസഫ്. ഗ്രാമ്പൂവില്‍ നാലുതവണത്തെ ബോര്‍ഡോ മിശ്രിതപ്രയോഗം ഒറ്റത്തവണയില്‍ ഒതുക്കാനായി.

കോട്ടയം പാലായിലെ വള്ളിക്കത്തോട്ടില്‍നിന്ന് കുടിയേറിയതാണ് പിതാവ് കുരുവിളയും മാതാവ് മറിയവും അടങ്ങിയ കുടുംബം. 2003ല്‍ മികച്ച ഗ്രാമ്പൂകര്‍ഷകനുള്ള ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ പുരസ്‌കാരം കിട്ടിയിട്ടു്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9387653102.


Stories in this Section