മികച്ച ആദായത്തിന് വാഴയിലകൃഷി

Posted on: 08 Mar 2015

വലിയശാല രാജു



വാഴയിലയ്ക്ക് കേരളത്തില്‍ വലിയ കമ്പോളം തന്നെയുണ്ട്. ഓണം, വിഷു, ചോറൂണ്, പിറന്നാള്‍ തുടങ്ങി വിവാഹം വരെയുള്ള വിശേഷാവസരങ്ങളിലെല്ലാം മലയാളിക്ക് വാഴയില കൂടിയേ തീരൂ. ഒരിക്കലും നിലയ്ക്കാത്ത വന്‍ വിപണിയാണ് വാഴയിലയ്ക്ക് നമ്മുടെ നാട്ടിലുള്ളത്. ഒരിലയ്ക്ക് എട്ടുരൂപ മുതല്‍ പത്തുരൂപ വരെ വിലയുണ്ട്. വിശേഷാവസരങ്ങളില്‍ ഇത് പിന്നെയും കൂടും. അതുകൊണ്ട് നഷ്ടം സംഭവിക്കാത്ത ഒരു കൃഷിയാണ് വാഴയില കൃഷി.

ഇപ്പോള്‍ കേരളത്തിന് ആവശ്യമായ വാഴയിലയില്‍ തൊണ്ണൂറ് ശതമാനവും തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, ചിന്നത്തടാകം, തൃശ്ശിനാപ്പള്ളി എന്നിവിടങ്ങളില്‍നിന്നാണ് വരുന്നത്. ഒരേക്കറില്‍നിന്ന് നല്ല ലാഭം ഇവിടത്തുകാര്‍ക്ക് കിട്ടുന്നുണ്ട്. ഉത്പാദനച്ചെലവ് അല്പം കൂടുമെങ്കിലും നല്ല ലാഭം പ്രതീക്ഷിക്കാവുന്ന കൃഷിതന്നെയാണ് നമ്മുടെ നാട്ടില്‍ വാഴയിലകൃഷി.

സാധാരണ വാഴകൃഷി ചെയ്യുന്നത് പഴത്തിനായാണ്. എന്നാല്‍, വാഴയിലകൃഷിയില്‍ കായ്കള്‍ക്ക് പ്രാധാന്യമേയില്ല. ഒരേക്കര്‍ ഭൂമിയില്‍ 3,000 വാഴകള്‍ നടാം. നാലടി അകലത്തിലാണ് വാഴകള്‍ നടേണ്ടത്. നല്ല ജലസേചനസൗകര്യമുള്ള ഭൂമി ഇതിനായി തിരഞ്ഞെടുക്കണം. വാഴയിലകൃഷിയില്‍ വാഴ നടുന്നതിന് പ്രത്യേകതകളുണ്ട്. നീളത്തില്‍ ചാലുകീറി അതിലാണ് വാഴക്കന്ന് നടേണ്ടത്. നാടന്‍ ഇനങ്ങളായ പൂവന്‍വാഴ, മൈസൂര്‍ എന്നിവയാണ് വാഴയിലകൃഷിക്ക് അനുയോജ്യമായ ഇനങ്ങള്‍.

നടുമ്പോള്‍ അടിവളമായി ജൈവവളം ഉപയോഗിക്കാം. വാഴ വളരുന്നതിനനുസരിച്ച് ചാലിലേക്ക് മണ്ണുകയറ്റി നീളത്തിലുള്ള കൂനയാക്കി മാറ്റണം. അടിയില്‍ മണ്ണ് കൂനയായി മാറുന്നതോടെ രണ്ട് വാഴയ്ക്കിടയില്‍ നന്നായി ചാല് രൂപംകൊള്ളും. ഈ ചാലാണ് ജലസേചനത്തിനായി ഉപയോഗിക്കുക.

ഒരു വാഴയില്‍നിന്ന് ആഴ്ചയില്‍ രണ്ടില വരെ കിട്ടും. തളിര്‍പാകത്തില്‍ത്തന്നെ ഇല വെട്ടിയെടുക്കാം. വാഴത്തടിയില്‍നിന്ന് മുക്കാല്‍മീറ്റര്‍ അകലെ വെച്ചാണ് ഇല വെട്ടിയെടുക്കേണ്ടത്. വാഴനട്ട് ഏഴാംമാസം മുതല്‍ ഇല വെട്ടിത്തുടങ്ങാം. രണ്ടുവര്‍ഷമാണ് ഒരു വാഴയുടെ ആയുസ്സ്. ഒരേക്കറില്‍നിന്ന് ആഴ്ചതോറും 6000 ഇലവരെ വെട്ടാം. വാഴകളെ പുഷ്ഠിയോടെ നിര്‍ത്താന്‍കഴിഞ്ഞാല്‍ പ്രതിമാസം എല്ലാ ചെലവും കഴിച്ച് ഒരു ലക്ഷം രൂപവരെ ലാഭം കിട്ടും. വാഴത്തോട്ടത്തില്‍ ഇടവിളകൃഷികളായി സവാള, തക്കാളി, മുളക് എന്നിവ നടാവുന്നതാണ്. ഇതില്‍നിന്ന് വേറെ വരുമാനം പ്രതീക്ഷിക്കാം.

വാഴനട്ട് ആറുമാസം കഴിയുമ്പോള്‍ പുതിയ വാഴക്കന്നുകള്‍ മുളച്ചുവരാന്‍ തുടങ്ങും. വാഴപ്പഴത്തിനായുള്ള കൃഷിയില്‍ ഈ കന്നുകള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വാഴയില കൃഷിയില്‍ ഈ കന്നുകള്‍ നശിപ്പിക്കേണ്ടതില്ല. മാത്രമല്ല ഇവ ഇലകൃഷിക്ക് മുതല്‍ക്കൂട്ടാണ്. ഏഴുമാസം കഴിയുമ്പോള്‍ ഈ വാഴക്കന്നുകളില്‍നിന്ന് ഇല വെട്ടിത്തുടങ്ങാം. വാഴയിലകൃഷിയില്‍ പ്രധാനമായും ഇലകളാണ് സംരക്ഷിക്കപ്പെടേണ്ടത്. ഇലകള്‍ക്ക് പുഴുശല്യം വരാതിരിക്കാന്‍ വാഴത്തോട്ടത്തില്‍ പുകയിടുന്നത് ഉത്തമമാണ്. ധാരാളം കാറ്റുകിട്ടുന്ന ഭൂമി ഇലവാഴകൃഷിക്ക് അനുയോജ്യമല്ല.

കണ്ണൂര്‍ ജില്ലയില്‍ പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് വാഴയിലകൃഷി നടത്തുന്നുണ്ട്. ഏകദേശം 15 ഏക്കര്‍ സ്ഥലത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്. ഫോണ്‍: 9249972568.




Stories in this Section