കെണിവിളയുണ്ടെങ്കില്‍ കീടനാശിനി വേണ്ട

Posted on: 03 May 2015

വീണാറാണി ആര്‍.



അഴീക്കോട്ടെ ചന്ദ്രിയേച്ചി സന്തോഷത്തിലാണ്. നാട്ടുകാര്‍ക്ക് വിഷം തീണ്ടാത്ത പച്ചക്കറിയെത്തിക്കുക എന്നതായിരുന്നു ഫാം സ്‌കൂള്‍ അനുവദിക്കുമ്പോള്‍ കണ്ണൂര്‍ അഴീക്കോട്ടെ കൃഷി ഓഫീസര്‍ ജിതേഷ്, ചന്ദ്രിയുടെ നേതൃത്വത്തിലുള്ള വനിതാഗ്രൂപ്പിന് നല്കിയ ടാര്‍ജറ്റ്. ക്ലസ്റ്ററിലെ ഓരോ അംഗത്തിന്റെയും മണ്ണുസാമ്പിള്‍ ശേഖരിച്ചുകൊണ്ടായിരുന്നു ചന്ദ്രി ദൗത്യത്തിന് തുടക്കംകുറിച്ചത്.

മണ്ണ് നന്നായാല്‍ പാതി നന്നായി എന്ന് അഴീക്കോട്ടുകാര്‍ക്ക് അറിയാമായിരുന്നു. തളിപ്പറമ്പ് ജില്ലാ മണ്ണുപരിശോധനാ ലാബിന്റെ സഹകരണത്തോടെ പച്ചക്കറി കൃഷിയിറക്കുംമുമ്പുതന്നെ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ഫാം സ്‌കൂളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സൗജന്യമായി വിതരണംചെയ്തു. ഫലംകണ്ട് അംഗങ്ങള്‍ ശരിക്കും ഞെട്ടി.

പുളിരസം കൂടിയ, ജൈവാംശവും പൊട്ടാഷും തീരേ കുറഞ്ഞ മണ്ണ്. ഈ മണ്ണില്‍നിന്ന് കീടരോഗ ബാധയില്ലാതെ പച്ചക്കറി വിളവെടുക്കുകയെന്നത് നടക്കാത്ത സ്വപ്നമായി നാട്ടുകാര്‍ വിധിയെഴുതി. വനിതകള്‍ പിന്മാറാന്‍ തയ്യാറായില്ല.

പ്രശ്‌നപരിഹാരവുമായി 'ആത്മ' പ്രോജക്ട് ഡയറക്ടര്‍ പ്രസന്നകുമാരിയും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു പണിക്കരും കൃഷിഭവന്‍ ഉദ്യോഗസ്ഥരും എത്തി. മണ്ണിന്റെ പുളി കളയാന്‍ ഡോളമൈറ്റും രോഗകാരികളായ കുമിളുകളെ തുരത്താന്‍ െ്രെടക്കോഡര്‍മ വളര്‍ത്തിയ ജൈവവളവും പ്രയോഗിച്ചു. സമയത്തുതന്നെ വളംചെയ്ത് മണ്ണ് പരിപോഷിപ്പിച്ചത് ഏറ്റു. പച്ചക്കറി കൃഷിയില്‍ രോഗം അടുത്തില്ല.

രോഗത്തെ ജൈവരീതിയില്‍ കടിഞ്ഞാണിട്ട് തളച്ച അഴീക്കോട്ടുകാര്‍ കീടങ്ങളെ തുരത്താന്‍ ഉപയോഗിച്ചത് കെണിവിളകളെയാണ്. കീടങ്ങളെ ആകര്‍ഷിച്ച് വരുതിയിലാക്കുന്നവരാണ് കെണിവിളകള്‍.

നാലരികില്‍ മാത്രമല്ല പച്ചക്കറി കൃഷിക്കിടയിലും കെണിവിളകള്‍ക്ക് സ്ഥാനമൊരുക്കാം. ഓരോ കീടത്തെയും മുന്‍കൂട്ടിക്കണ്ട് കെണിവിളയൊരുക്കിയതാണ് അഴീക്കോട്ടുകാരുടെ വിജയം. വെള്ളരിവര്‍ഗ വിളകളിലെ പ്രധാന ശത്രുവായ മത്തന്‍വണ്ടിനെ മെരുക്കാന്‍ നിയോഗിച്ചത് റാഡിഷ് എന്ന മുള്ളങ്കിയെയായിരുന്നു. ഒന്നാംവിള കൊയ്ത്തുകഴിഞ്ഞ വയലില്‍ വെള്ളരിയുടെ വേരുകളാണ് മത്തന്‍വണ്ടിന്റെ പുഴുക്കള്‍ക്ക് പ്രിയം.

ആക്രമണം മുറുകുന്നതോടെ വെള്ളരി പൂര്‍ണമായും ഉണങ്ങും. മുള്ളങ്കി വിത്തുകള്‍ പാകി മുളപ്പിച്ച തൈകളാണ് വെള്ളരിക്കണ്ടത്തില്‍ അവിടവിടെയായി നട്ടത്. കാബേജിനിടയില്‍ റാഡിഷ് നട്ടപ്പോള്‍ പുഴുക്കള്‍ കാബേജിനെ ആക്രമിക്കാന്‍ മെനക്കെട്ടില്ല.

ചെണ്ടുമല്ലിയായിരുന്നു പച്ചമുളകിനും തക്കാളിക്കും വഴുതനയ്ക്കും തുണയായത്. സോളനേഷ്യ കുടുംബക്കാരായ ഇവരുടെ വളര്‍ച്ച തളര്‍ത്തുന്ന വെള്ളീച്ച, മുഞ്ഞ, മീലിമൂട്ട, മണ്ഡരി തുടങ്ങിയ കീടങ്ങളെ വശീകരിച്ച ചെണ്ടുമല്ലിയായിരുന്നു വയലിലെ താരം. ജമന്തിയും ചെണ്ടുമല്ലിയും ചേര്‍ന്നായിരുന്നു നിമാവിരകളെ ഓടിച്ചത്.

ചോളം കയ്പയുടെ കായീച്ചയെ ആകര്‍ഷിക്കാന്‍ കച്ചകെട്ടിയവളാണ്. കയ്പ നടുന്നതിനുമുമ്പുതന്നെ ചോളത്തൈകള്‍ നാലതിരിലും നട്ടുവളര്‍ത്തിയത് അഴീക്കോട്ടുകാര്‍ക്ക് അനുഗ്രഹമായി. സൂര്യകാന്തിപ്പൂവിനോടാണ് പയറിലെ ചാഴിക്ക് ചായ്്‌വ്. സൂര്യകാന്തിപ്പൂ വിടര്‍ന്നുകഴിഞ്ഞാല്‍ പയറിനടുത്തേക്ക് ചാഴി പോകില്ല.

ശത്രുകീടങ്ങളെപ്പോലെത്തന്നെ മിത്രങ്ങളെയും ആകര്‍ഷിക്കാന്‍ കെണിവിളയ്ക്ക് പ്രത്യേക കഴിവുണ്ട്. ചിലന്തിയും ലേഡിബേര്‍ഡ് വണ്ടും കെണിവിളയിലാണ് വളരുക.

അതിര്‍ത്തി കാക്കുന്ന സുരക്ഷാഭടന്മാരെപ്പോലെ കെണിവിളയെ ഒപ്പം കൂട്ടണമെന്നാണ് 'ഓപ്പറേഷന്‍ ഫോര്‍ സെയ്ഫ് ടു ഈറ്റ്' എന്ന് അഴീക്കോട് കൃഷിഭവന്‍ പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ വനിതകള്‍ നമുക്ക് നല്കുന്ന ജൈവ പച്ചക്കറി കൃഷിപാഠം (കൂടുതല്‍ വിവരങ്ങള്‍ക്ക് അഴീക്കോട് കൃഷിഭവന്‍ 0497 27272372).


Stories in this Section