ചൂടും മഴയും കീടരോഗബാധ വ്യാപകമാക്കും

Posted on: 19 Apr 2015

എം.എ.സുധീര്‍ബാബുകേരളത്തില്‍ ചൂട് വര്‍ധിച്ചുവരികയാണ്. വിളകള്‍ക്ക് ഉണക്കമുണ്ടാകുന്നതിനു പുറമെ ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ നിമിത്തം കുമിള്‍രോഗങ്ങള്‍, പുഴുക്കേടുകള്‍ എന്നിവയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

നെല്ലിന് അകാലമഴ വലിയ ദോഷമാണുണ്ടാക്കിയത്. കോള്‍നിലങ്ങളിലെ കൊയ്യാറായതും കൊയ്തുതുടങ്ങിയതുമായ നെല്ലിന് വലിയ നാശനഷ്ടമാണ് മഴനിമിത്തം വന്നത്. ഇതിനുപുറമെ നെല്ലില്‍ പോളരോഗം, പോളയഴുകല്‍, ബ്‌ളാസ്റ്റ് എന്നിവയും ഓലചുരുട്ടി, തണ്ടുതുരപ്പന്‍, ചാഴി എന്നിവയും വരാന്‍ സാധ്യതയുണ്ട്. െ്രെടക്കോകാര്‍ഡുകള്‍ പാടത്ത് സ്ഥാപിച്ചാല്‍ തണ്ടുതുരപ്പന്‍, ഇലചുരുട്ടി എന്നിവയെ നിയന്ത്രിക്കാം. കതിരുനിരക്കുന്ന സ്ഥലങ്ങളില്‍ നെല്ലില്‍ ചാഴിശല്യത്തിനെതിരെ ജാഗ്രത വേണം.

തെങ്ങിന് നന, പുതയിടീല്‍ നിര്‍ബന്ധമാണ്. തെങ്ങിന്റെ തടത്തില്‍, ഉണക്കയില, ചപ്പില എന്നിവ നിരത്തി പുതയിടുന്നത് ചുവട്ടില്‍ നനവും തണുപ്പും നിലനിര്‍ത്താന്‍ സഹായിക്കും.

തീരപ്രദേശങ്ങളിലെ തെങ്ങോലകളില്‍ തെങ്ങോലപ്പുഴുശല്യം വരാം. ഇത് മിത്രപ്രാണികളെ വിട്ട് നിയന്ത്രിക്കാം. ചെമ്പന്‍ചെല്ലി ബാധ കൂടാന്‍ സാധ്യതയുണ്ട്. ഫെറമോണ്‍ കെണികള്‍ തോട്ടത്തില്‍ വെച്ചാല്‍ ഇവ നിയന്ത്രിക്കാം.

ദിവസം 60 മുതല്‍ 70 ലിറ്റര്‍ വെള്ളം തുള്ളിനന വഴി നല്‍കണം. കമുകിലും നന ആവശ്യമാണ്. തെങ്ങിന്‍തടത്തിലെ പുതയിടീല്‍ തെങ്ങിന് നല്ലതാണ്. തെങ്ങില്‍ മീലിമൂട്ടകള്‍ കാണാം. ഇവ തെങ്ങിലെ പൂങ്കുലകളില്‍ പഞ്ഞിയുടെ മാതിരി വെളുത്തനിറത്തില്‍ കാണും. ഇളം ഭാഗത്തുനിന്ന് നീരൂറ്റിക്കുടിക്കുന്നതിനാല്‍, മച്ചിങ്ങകള്‍ കൊഴിയാന്‍ സാധ്യതയുണ്ട്.

ചിലയിടങ്ങളില്‍ കുമിള്‍രോഗമായ ചെന്നീരൊലിപ്പ് വരാം. തെങ്ങിന്റെ തടിയില്‍ നിന്ന് കറയൊലിച്ചിറങ്ങും. ഇത് ചെത്തിനീക്കി മരുന്ന് പുരട്ടണം. കാലിക്സ്സിന്‍ 5 മില്ലീ ലിറ്റര്‍ 100 മില്ലീ ലിറ്റര്‍ വെള്ളത്തില്‍ കലക്കി പുരട്ടണം. ഇതിനുപുറമെ തെങ്ങിന്‍തടത്തിലെ മണ്ണിലും കുമിള്‍നാശിനി ചേര്‍ക്കണം. തെങ്ങിന്‍ചുവട്ടില്‍ സ്യൂഡോമോണസ്, െ്രെടക്കോഡെര്‍മ എന്നീ മിത്ര ബാക്ടീരിയയും കുമിളും ചേര്‍ക്കുന്നത് നല്ലതാണ്.

കമുകില്‍ മഞ്ഞളിപ്പും വരാന്‍ സാധ്യതയുണ്ട്. ഇലകളില്‍ ചാഴിശല്യവും വരാന്‍ സാധ്യതയുണ്ട്. എക്കാലക്‌സ് 2 മില്ലി, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യണം.

റബ്ബര്‍ൈത്തകളെ വെയിലില്‍ നിന്ന് രക്ഷിക്കണം. ചെറിയ മരങ്ങളുടെ തടിയില്‍ കുമ്മായം പൂശണം. റബ്ബറിലെ പുതുപ്പട്ടയില്‍ വെള്ളയടിക്കണം. റബ്ബര്‍ നഴ്‌സറി നനയ്ക്കണം. ചെറുതൈകളുടെ കൂമ്പ് തിന്നാന്‍ ഒച്ചുകള്‍ വരുന്നുവെങ്കില്‍ രാത്രിയില്‍ പിടിച്ചു നശിപ്പിക്കണം.

മൂപ്പുവന്ന മാങ്ങകള്‍ക്ക് അകാലമഴ ദോഷമാണ്. മാങ്ങയുടെ തൊലിയുടെ നിറത്തെ ബാധിക്കും. ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പുതുമഴ നല്ലതാണ്. സ്ഥലമൊരുക്കിയിടണം.

വാഴയില്‍ മഴവഴി വളര്‍ച്ച മെച്ചമാകുമെങ്കിലും ചൂടും ഇടയ്ക്കിടെയുള്ള മഴയും വഴി സിഗാട്ടോക്ക ഇലപ്പുള്ളി രോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നേന്ത്രവാഴയില്‍ നനയ്ക്കുമ്പോള്‍ ഒരു നനയ്ക്ക് 40 ലിറ്റര്‍ വെള്ളമാവശ്യമാണ്. വയനാടുപോലെയുള്ള ഭാഗങ്ങളില്‍ കാപ്പിക്ക് മഴ ഗുണമാണ് ചെയ്തത്. കാപ്പി പുഷ്പിക്കാനും പുഷ്പിച്ച് നന്നായി കായ്കള്‍ രൂപപ്പെടാനും ഈ മഴ ഗുണമായിട്ടുണ്ട്.
പാവല്‍, പടവലം, കോവല്‍ എന്നിവയുടെ ഇലകളില്‍ കീടശല്യം വഴി മഞ്ഞളിപ്പും വരും. ഇതിനെതിരെ വേപ്പടങ്ങിയ എണ്ണ, സോപ്പ്, കാന്താരി എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന മരുന്നു തളിക്കുക. മഞ്ഞനിറത്തിലുള്ള ഒട്ടുകെണി, നീലനിറത്തിലുള്ള ഒട്ടുകെണി എന്നിവ തോട്ടത്തില്‍ തൂക്കിയിടണം. സ്യൂഡോമോണസ്, ബൊവേറിയ, െ്രെടക്കോഡെര്‍മ, വാം എന്നിവയുടെ ഉപയോഗം കൂട്ടാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം.

പപ്പായയില്‍ മീലിമൂട്ടശല്യം വരുകയാണെങ്കില്‍ വെര്‍ട്ടിസീലിയം തളിക്കുകയോ മിത്രകീടത്തെ ഉപയോഗിച്ചോ നിയന്ത്രിക്കാന്‍ ശ്രമമാവശ്യമാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8086861023.

Stories in this Section