ഡോ. പി.കെ. മുഹ്സിന്

കന്നുകാലികളെ ബാധിക്കുന്ന മാരകരോഗമാണ് തൈലേറിയാസിസ്. ആഗോളാടിസ്ഥാനത്തില്‍ ഈ രോഗം കണ്ടുവരുന്നു. പട്ടുണ്ണികള്‍ വഴിയാണ് രോഗം പകരുന്നത്.
മുതിര്‍ന്ന കാലികളാണ് ഈ രോഗത്തിന് കൂടുതലായും വിധേയമാവുന്നത്. തീവ്രമായ സംക്രമണം പിടിപെടുന്ന കാലികളില്‍ 90 മുതല്‍ 100 ശതമാനം വരെ മരണസാധ്യതയുണ്ട്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ എട്ടുമുതല്‍ 25 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കും.
കന്നുകാലികളില്‍ മൂന്നുരീതിയിലാണ് സാധാരണയായി രോഗാവസ്ഥ ഉണ്ടാവുന്നത്. ക്ഷോഭിതം, ഉപക്ഷോഭിതം, മന്ദരൂപം എന്നിവയാണ് അവ.
ക്ഷോഭിതരൂപത്തില് തുടക്കത്തില്‍ കാണുന്ന രോഗലക്ഷണം ശക്തിയായ പനിയാണ്.
താപനില 104 മുതല്‍ 107 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയരുന്നു. താപനില ഇടവിട്ട് ഉയര്‍ന്നും താഴ്ന്നും ഇരിക്കും. പനിയുള്ളപ്പോള്‍ തീറ്റയെടുക്കാതിരിക്കല്‍, അയവെട്ടാതിരിക്കല്‍ എന്നിവയും കാണാം. കണ്ണുകളില്‍നിന്നും മൂക്കില്‍നിന്നും വെള്ളമൊലിക്കലും ഉപരിതല ലസികാഗ്രന്ഥികളും കണ്‍പോളകളും ചെവിയും വിങ്ങുന്നതായും കണ്ടുവരുന്നു. ഹൃദയസ്പന്ദനം വര്‍ധിക്കുക, ക്ഷീണം കൂടുക, ശക്തി ക്ഷയിക്കുക, പാലുത്പാദനം കുറയുക, ചുമ എന്നീ ലക്ഷണങ്ങളും കാണാം.
ചോരയും കഫവും കലര്‍ന്ന വയറിളക്കവും ഉണ്ടാവും. ശ്വാസം വര്‍ധിച്ച നിരക്കിലായിരിക്കും. വിളര്‍ച്ചയും അനുഭവപ്പെടും. രോഗബാധയേറ്റവയുടെ രക്തം പരിശോധിച്ചാല്‍ അണുക്കളെ നിരീക്ഷിച്ച് രോഗനിര്‍ണയം നടത്താം. രോഗാരംഭത്തില്‍ വിദഗ്ധചികിത്സകൊണ്ട് രോഗം ഒരുപരിധിവരെ സുഖപ്പെടുത്താം. പട്ടുണ്ണികളുടെ നശീകരണം രോഗനിരോധനത്തിന് അത്യന്താപേക്ഷിതമാണ്. രോഗബാധയേറ്റ മൃഗങ്ങളില്‍ നിന്നും 510 മില്ലി ലിറ്റര്‍ രക്തം സിട്രേറ്റ് ചേര്‍ത്ത് ആരോഗ്യമുള്ളവയില് കുത്തിവെച്ചാല്‍ തൈലേറിയ ആനുലേറ്റ രോഗബാധയ്ക്കെതിരെ പ്രതിരോധശക്തി ഉണ്ടാക്കാം.