'പടയാളി'യെ വളര്‍ത്താം

Posted on: 15 Sep 2014

പി. സഹദേവന്‍ലോകത്തിലെ ഏറ്റവും സുന്ദരന്‍മാരും സുന്ദരികളുമായ മീനുകളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഇനമാണ് സയാമീസ് ഫൈറ്റര്‍ മത്സ്യങ്ങള്‍ അഥവാ പടയാളി മത്സ്യങ്ങള്‍. തമ്മില്‍ കണ്ടാലുടന്‍ പരസ്പരം പടവെട്ടുന്ന ആണ്‍ മത്സ്യങ്ങളാണ് ഇവയ്ക്ക് ഫൈറ്റര്‍ എന്ന പേര് നേടിക്കൊടുത്തത്.

നീല, പച്ച, ചുവപ്പ്, കറുപ്പ്, വെള്ള തുടങ്ങി പല നിറങ്ങളിലുള്ള ഫൈറ്റര്‍ മത്സ്യങ്ങള്‍ വിപണിയില്‍ ലഭിക്കും. ഇവയുടെ വിത്തുത്പാദനം ലളിതമാണ്. നീണ്ട ചിറകുകളും കടുത്ത നിറവുമുള്ള ആണ്‍ മീനുകളെ അനായാസം തിരിച്ചറിയാം. പെണ്‍മീനുകള്‍ താരതമ്യേന ചെറുതും നിറക്കൂട്ടുകള്‍ കുറഞ്ഞുമായിരിക്കും. ഹോര്‍ലിക്‌സ് കുപ്പികളിലോ ചെറിയ ടാങ്കുകളിലോ പ്രജനനം നടത്താം. ടാങ്കില്‍ വെള്ളം നിറച്ച് ജലസസ്യങ്ങള്‍ ഇട്ടുകൊടുക്കണം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുള്ള നല്ല ആരോഗ്യമുള്ളതും ആകര്‍ഷകമായ നിറമുള്ളതുമായ മത്സ്യങ്ങളെ വേണം പ്രജനനത്തിന് തിരഞ്ഞെടുക്കാന്‍. ആദ്യം പ്രജനന സജ്ജമായ ആണ്‍ മത്സ്യത്തെ ടാങ്കില്‍ നിക്ഷേപിക്കാം. ആണ്‍ മത്സ്യം വായു കുമിളകള്‍ കൊണ്ട് ജലോപരിതലത്തില്‍ കൂടുണ്ടാക്കുന്നു. കുമിള കൂടുതല്‍ ഉള്ളപ്പോള്‍ ജലത്തില്‍ വാതയാനം നടത്തരുത്. കുമിള കൂടുകള്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍ പെണ്‍ മത്സ്യങ്ങളെ നിക്ഷേപിക്കാം. ഒരു ആണിന് രണ്ടോ മൂന്നോ പെണ്ണാവാം.

പെണ്‍മത്സ്യങ്ങളിടുന്ന മുട്ടകളില്‍ ആണ്‍ മത്സ്യം ബീജ സങ്കലനം നടത്തുകയും മുട്ടകളെ കുമിളക്കൂടുകളില്‍ സംരക്ഷിക്കുകയും ചെയ്യുന്നു. മുട്ടയിട്ടതിന് ശേഷം പെണ്‍ മത്സ്യങ്ങളെ ടാങ്കില്‍ നിന്ന് നീക്കണം. എന്നാല്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞ് സ്വന്തമായി നീന്താന്‍ തുടങ്ങിയതിന് ശേഷം മാത്രമേ ആണ്‍ മത്സ്യത്തെ ടാങ്കില്‍നിന്ന് നീക്കാവൂ.

സാധാരണയായി രണ്ടുദിവസത്തിനകം മുട്ടകള്‍ വിരിയുന്നു.കുഞ്ഞുങ്ങള്‍ക്ക് ഇന്‍ഫ്യൂസോറിയ, കോഴിമുട്ടയുടെ മഞ്ഞക്കരു എന്നിവ ആദ്യഘട്ടത്തിലും ആര്‍ട്ടീമിയ ലാര്‍വ പിന്നീടും തീറ്റയായി നല്‍കാം. ലിംഗ നിര്‍ണയം നടത്താമെന്ന സ്ഥിതി വന്നാല്‍ (ഉദ്ദേശം എട്ട് ആഴ്ച പ്രായം) ആണ്‍ മത്സ്യങ്ങളെ ഓരോന്നിനെയും പ്രത്യേകം പ്രത്യേകം കുപ്പികളിലോ ഭരണികളിലോ വളര്‍ത്തണം. ആണ്‍ മത്സ്യങ്ങളെ ഒറ്റയ്ക്ക് പ്ലാസ്റ്റിക് ബാഗുകളില്‍ വെള്ളവും ഓക്‌സിജനും നിറച്ച് പായ്ക്ക് ചെയ്ത് വിപണനം നടത്താം. അനാകര്‍ഷകങ്ങളായതിനാല്‍ പെണ്‍ മത്സ്യങ്ങളെ പൊതുവേ വിപണനം നടത്താറില്ല. (ഫോണ്‍: 9495900670)


Stories in this Section