
വേനല്‍ച്ചൂട് മനുഷ്യരെ മാത്രമല്ല, മൃഗങ്ങളേയും ബാധിക്കുന്നു. ചൂടിന്റെ ആധിക്യം കാരണം കന്നുകാലികളില്‍ ഉത്പാദന ക്ഷമത കുറയും. ഉത്പാദനം കൂട്ടാന്‍ പുല്ലും തീറ്റയും മാത്രമല്ല വെള്ളവും ധാരാളം കൊടുക്കേണ്ടതുണ്ട്.
ഓരോ ലിറ്റര്‍ പാല്‍ ഉത്പാദനത്തിന് നാല് ലിറ്റര്‍ വെള്ളം വീതം നല്‍കണം. പാലുല്‍പാദനം ഇല്ലാത്തവയ്ക്ക് 5മാസം പ്രായമായതിന് 12 ലിറ്റര്‍ വെള്ളവും, ഒന്നര വയസ്സ് പ്രായമായതിന് 24 ലിറ്റര്‍ വെള്ളവും, രണ്ടു വയസ്സ് പ്രായമായതിന് 32 ലിറ്റര്‍ വെള്ളവും വേണം.
50കിലോ ഭാരമുള്ള ഒരു കന്നുകുട്ടിയുടെ വയറില്‍ എട്ടുലിറ്റര്‍ വെള്ളം കൊള്ളും.
പാലുല്‍പാദനം ഉള്ളവയ്ക്ക് ദിവസം 15 ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്ന പശുവിന് 60 ലിറ്റര്‍ വെള്ളവും, 25 ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്നതിന് 100 ലിറ്റര്‍ വെള്ളവും, കറവ വറ്റിയവയ്ക്ക് 40 ലിറ്റര്‍ വെള്ളവും നല്‍കണം.
അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ ശരീര താപനില ഉയരുകയും കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ശരീരം ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യും. അപ്പോള്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കും. ഇത് പാലുത്പാദനത്തെ സാരമായി ബാധിക്കും.
നിര്‍ജലീകരണം തടയുന്നതിനുള്ള ലവണ മിശ്രിതവും ലായനികളും ലഭ്യമാണ്. ഇവ തീറ്റയിലോ, വെള്ളത്തിലോ കലര്‍ത്തി കൊടുക്കാം. നിര്‍ജലീകരണ ലക്ഷണങ്ങള്‍ പലതാണ്. തൊലി, കണ്ണുകള്‍, മൂക്ക്, മോണ, കണ്‍പോള എന്നിവ വരളും. മറ്റുള്ളവയെ ചവിട്ടുകയും കുത്തുകയും ചെയ്യും. ഭാരക്കുറവ്, തീറ്റക്കുറവ്, ശോഷിച്ച ശരീരം, മൂത്രത്തിന്റെ അളവ് കുറയല്‍, ചലനമറ്റ് കിടക്കല്‍ എന്നിവ കാണാം.
നിശ്ചിത അളവില്‍ വെള്ളം നല്‍കുക മാത്രമല്ല, തൊഴുത്തും പരിസരവും തണുപ്പിക്കണം. കാറ്റും വെളിച്ചവും കിട്ടത്തക്കവണ്ണം ക്രമീകരിക്കുകയും വേണം.