ഇവര്‍ വൈറ്റ് കോളര്‍ ജോലി വിട്ടു, മണ്ണിന്റെ മണമുള്ള കര്‍ഷകരാകാന്‍

Posted on: 29 Mar 2015പാലക്കാട്: മീനച്ചൂടില്‍ ചിറ്റൂരിലെ പാടത്ത് വിയര്‍പ്പൊഴുക്കുകയാണ് മൂന്ന് യുവാക്കള്‍. മദ്രാസ് ഐ.െഎ.ടി. യില്‍ എം.എസ്സി. പഠിച്ചുകൊണ്ടിരിക്കെ ഐ.ടി. കമ്പനി കൊത്തിക്കൊണ്ടുപോയി ജോലിനല്‍കിയ സി.കെ. വൈശാഖ്, തൃശ്ശൂര്‍ കേരളവര്‍മകോളേജില്‍ എം.എസ്സി. മാത്സ് പഠിച്ചുകൊണ്ടിരിക്കെ വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കന്പനിയില്‍ സെയില്‍സ് മാനേജരായി ജോലികിട്ടിയ വി. രഞ്ജു, ചിറ്റൂര്‍ കോളേജില്‍നിന്ന് ബി.കോം. പാസായയുടന്‍ കോയമ്പത്തൂരിലെ ഇലക്ട്രോണിക്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി നിയമനം നേടിയ ആര്‍. വിനീഷ് എന്നിവര്‍ക്കിപ്പോള്‍ ആ ജോലികളില്ല. പക്ഷേ, മനസ്സുനിറയെ സന്തോഷമുണ്ട്. ഉയര്‍ന്ന ശന്പളമുള്ള വൈറ്റ്‌കോളര്‍ ജോലി പോയതല്ല, പാടത്തിറങ്ങി പണിയാന്‍ വേണ്ടി രാജിവെച്ചതാണ്.

ചിറ്റൂര്‍ മാഞ്ചിറ നീര്‍ക്കോട് പാടത്തെ 20 ഏക്കറില്‍ കൊയ്ത്തുയന്ത്രം എത്താത്തയിടങ്ങളില്‍ കതിരുകള്‍ കൊയ്‌തെടുക്കുകയാണീ കൂട്ടുകാര്‍. ടൈ കെട്ടി എയര്‍കണ്ടീഷന്‍ഡ് മുറിയിലിരുന്നിരുന്ന കാലത്തെ ശാരീരികാനന്ദം പാടത്തുനിന്ന് ഇവര്‍ക്ക് കിട്ടുന്നുണ്ടാവില്ല. എന്നാല്‍, അതിനുമപ്പുറത്താണ് പാടത്ത് കതിരുകള്‍ െകായ്യുമ്പോഴുള്ള മാനസീകോന്മേഷമെന്ന് ഈ കൂട്ടുകാര്‍ പറയുന്നു.

ജോലിസ്ഥലത്തെ മാനസികസമ്മര്‍ദമകറ്റാന്‍ ചിറ്റൂരിലെ യോഗാ കേന്ദ്രത്തിലെത്തിയപ്പോഴാണ് മൂവരും കൂട്ടുകാരാകുന്നത്. ജോലിയുടെ വേവലാതി കളഞ്ഞ് കൃഷിയിലേക്കിറങ്ങാന്‍ അവര്‍ തീരുമാനിച്ചതും ഇവിടെവെച്ചുതന്നെ.

പിന്നെ താമസിച്ചില്ല, തൃശ്ശൂര്‍ പാവറട്ടിക്കാരനായ രഞ്ജുവും ചിറ്റൂരുകാരനായ വൈശാഖും നല്ലേപ്പിള്ളിക്കാരനായ വിനീഷും രാജിക്കത്ത് നല്‍കി. തീരുമാനത്തെ ഇവരുടെ കൂട്ടുകാര്‍ പിന്തുണച്ചു. മൂവര്‍സംഘത്തിന് കൃഷിയിറക്കാനായി 25 ഓളം കൂട്ടുകാര്‍ മൂന്നുലക്ഷം നല്‍കി. അത് കൊടുത്താണ് മാഞ്ചിറയില്‍ 20 ഏക്കര്‍ പാട്ടത്തിനെടുത്തത്. ഇപ്പോള്‍ വിളവെടുക്കുന്നത് രണ്ടാംവിളയാണ്. രണ്ടേക്കറില്‍ പൊന്നാര്യന്‍, രണ്ടരയേക്കറില്‍ നവര, 10 ഏക്കറില്‍ കട്ടമുണ്ടന്‍, നാലേക്കറില്‍ കൊടുകണ്ണി, ഒന്നരയേക്കറില്‍ രക്തശാലി. മൂവര്‍സംഘത്തിന്റെ കൃഷി നാടന്‍ നെല്ലിനങ്ങളാണ്.

കാങ്കയം, കുന്പളാശ്ശേരി എന്നീ നാടന്‍ ഇനങ്ങളില്‍പ്പെട്ട രണ്ട് പശുക്കളുമുണ്ട്. ഇവയുടെ ചാണകവും മൂത്രവും മാത്രമാണ് 20 ഏക്കറിലെ കൃഷിക്ക് വളം. യന്ത്രവത്കൃതമാണ് കൃഷിയെന്നതിനാല്‍ പണിക്കാരില്ല. പണിയെല്ലാം മൂന്നുപേരുംചേര്‍ന്ന് ചെയ്യും.

അരിക്കുപുറമെ അവില്‍, അരിയുണ്ട, അരിപ്പൊടി, പുട്ടുപൊടി തുടങ്ങിയ അനുബന്ധ ഉത്പന്നങ്ങളും ഇവര്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. കൃഷിയിറക്കാന്‍ പണം സഹായിച്ചവര്‍ക്ക് ഇവര്‍! കൃത്യമായി 20 ശതമാനത്തോളം പലിശ നല്‍കുന്നുണ്ട്. അത് പണമായല്ല അരിയും അനുബന്ധ ഉത്പന്നങ്ങളുമായാണ്.

മൂവര്‍സംഘത്തിന്റെ പാതയില്‍ ഒരാള്‍കൂടി എത്തിയിട്ടുണ്ട്. സിംഗപ്പൂരിലെ മള്‍ട്ടിനാഷണല്‍ കന്പനിയില്‍ ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ ജോലിയുപേക്ഷിച്ചെത്തിയ ആലത്തൂരിലെ സുധാകരന്‍ ഉണ്ണിയാണ് നാലാമന്‍. ഇനിയും ഈ കണ്ണി നീളാം.Stories in this Section