പോളിത്തീന്‍ ചാക്കില്‍ പച്ചക്കറി കൃഷി

Posted on: 04 Jan 2015

അനുപമ ജി.കെ.




ബാലരാമപുരം കട്ടച്ചല്‍ക്കുഴി സരിഗ വീട്ടിലെ വിത്സ്‌രാജ് വീട് ഇരിക്കുന്ന സ്ഥലം ഒഴിച്ച് മുറ്റവും നടപ്പാതയും പോളിത്തീന്‍ ചാക്കില്‍ പച്ചക്കറിക്കൃഷി ചെയ്തിരിക്കുന്നു.

പച്ചമുളക്, വഴുതന, കത്തിരി, തക്കാളി എന്നിവ വീട്ടാവശ്യം കഴിഞ്ഞ് ബാക്കിയുള്ളവ അയല്‍വാസികള്‍ക്ക് സൗജന്യമായി നല്‍കുന്നു. പോളിത്തീന്‍ ബാഗുകളില്‍ മണല്‍, മേല്‍മണ്ണ്, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കൂട്ടി യോജിപ്പിച്ച മിശ്രിതം നിറച്ചതില്‍ തൈകള്‍ നട്ടിരിക്കുന്നു. ആഴ്ചയിലൊരിക്കല്‍ ചെടി ഒന്നിന് 200 ഗ്രാം ജൈവവളം മാറിമാറി നല്‍കാറുണ്ടെന്ന് വിത്സ്‌രാജ് പറയുന്നു. അതിനാലാകണം ഒരു മാസത്തെ വിളവുള്ള കത്തിരിക്കപോലും അഴുകിവീഴാതെ ചെടിയില്‍ നില്ക്കുന്നത്.

നാലുവര്‍ഷമായി പച്ചക്കറി കൃഷിചെയ്യുന്ന വിത്സ്‌രാജ് വേപ്പിന്റെ ഇല, തണ്ട് എന്നിവ അരച്ച് എടുത്ത സത്തില്‍ 6 ഇരട്ടി ജലവും ചേര്‍ത്ത് കീടനാശിനിയായി ഉപേയാഗിച്ചുവരുന്നു. കൂടാതെ മീറിന്റെ കൂട് വൃക്ഷത്തില്‍നിന്നും ശേഖരിച്ച് പച്ചക്കറി ചെടികളില്‍ വെക്കുന്നു. മീറ്് കീടങ്ങലള ഭക്ഷണമാക്കുകയും ചെയ്യുന്നു.

വീട്ടുവളപ്പിലെ സ്ഥലപരിമിതി കാരണം ഒന്നര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചി, മഞ്ഞള്‍, കാച്ചില്‍, ചെറുകിഴങ്ങ്, നനക്കിഴങ്ങ്, ചേന എന്നിവയും വിവിധ ഇനത്തിലെ വാഴകളും കൃഷിചെയ്തുവരുന്നു. വാഴക്കൃഷിയില്‍ വിത്സ്‌രാജിന് സ്വന്തമായ ചില വളപ്രയോഗങ്ങള്‍ ഉണ്ട്.

തടി അറുപ്പുമില്ലില്‍ ഉപയോഗശൂന്യമായി അടിഞ്ഞുകിടക്കുന്ന മരങ്ങളുടെ പുറംതോട് അഴുകി പൊടിഞ്ഞത് ശേഖരിച്ചതും ചാരവും 1:1 എന്ന അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് 21 ദിവസത്തിലൊരിക്കല്‍ എന്ന ക്രമത്തില്‍ അഞ്ചുതവണവരെ വളമായി നല്‍കാറുണ്ട്.

ബാലരാമപുരത്തെയും സമീപത്തെയും സ്‌കൂളുകളിലെ ഹരിത ക്ലബ്ബില്‍ പച്ചക്കറി ക്കൃഷിയെപ്പറ്റി ക്ലാസുകളെടുക്കാറുണ്ട്. ജ്വാലാ സഖി എന്ന ഇനത്തിലെ പച്ചമുളകും അര്‍ക്കാ അനാമിക ഇനം വഴുതനയും ശക്തി ഇനത്തിലെ തക്കാളിയും ഇപ്പോള്‍ കൃഷിചെയ്തിരിക്കുന്നു. കിഴങ്ങുവര്‍ഗ വിളകളും വാഴക്കുലകളും വി.എഫ്.പി.സി.യുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ നേരിട്ട് എത്തിച്ചാണ് വില്പന നടത്താറുള്ളത്. (ഫോണ്‍: വിത്സ്‌രാജ് 9048960452).


Stories in this Section