ജി.എസ്. ഉണ്ണികൃഷ്ണന്‍

മോര് മനുഷ്യര്‍ക്ക് മാത്രമല്ല, കാര്‍ഷിക വിളകള്‍ക്കും മെച്ചപ്പെട്ട പാനീയമാണ്. വേനലിനെ ചെറുക്കാനും വിളവ് മെച്ചപ്പെടാനും ഇത് സഹായിക്കുമെന്നാണ് പഠനഫലം.
വൃക്ഷായുര്‍വേദത്തില്‍, വിളകള്‍ നന്നായി പുഷ്പിക്കാന്‍ (ബഹുപുഷ്പികം) മോരിന്റെ ഉപയോഗം സഹായിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ ജാം നഗര്‍ ആയുര്‍വേദ കോളേജ് ഇതുസംബന്ധിച്ച് കൃഷിയിടപരീക്ഷണം നടത്തി. 25 ദിവസം പ്രായമായ നിലക്കടലയില്‍ മോര് സ്‌പ്രേചെയ്തപ്പോള്‍ വളര്‍ച്ച മെച്ചപ്പെടുകയും വിളവ് ഏക്കറില്‍നിന്ന് 250 കിലോഗ്രാം അധികം ലഭിക്കുകയുമുണ്ടായി.
കാലിത്തീറ്റയായി ഉപയോഗിക്കുന്ന നിലക്കടലയുടെ, വിളവെടുത്തശേഷമുള്ള അവശിഷ്ടത്തിന്റെ അളവ് മൂന്നിരട്ടിയായി വര്‍ധിച്ചു. വേനലില്‍ എള്ളില്‍ മോര് തളിച്ചപ്പോള്‍ കഠിനമായ വരള്‍ച്ചയെ അത് അതിജീവിച്ചതായി കണ്ടെത്തി. പരുത്തിയിലും മികച്ച വിളവാണ് മോര്പ്രയോഗമുണ്ടാക്കിയത്.
മോരില്‍ മറ്റുവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന 'അരപ്പൂമോര് മിശ്രിതം' ഉത്തേജകമായി ഉപയോഗിക്കുന്നുണ്ട്. ഇതുണ്ടാക്കാന്‍ വരച്ചി (തമിഴില്‍ അരപ്പൂ) ഒരു ലിറ്റര്‍ കപ്പില്‍ കൊള്ളുന്നത്ര എടുക്കണം. ഇത് നന്നായി അരച്ച് അഞ്ചുലിറ്റര്‍ ഗോമൂത്രം, ഒരു ലിറ്റര്‍ ഇളനീര്‍ എന്നിവയില്‍ കലര്‍ത്തണം. വരച്ചിക്കുപകരം സോപ്പിന്‍കായ ഉപയോഗിക്കാം. ഈ മിശ്രിതം ഒരു പാത്രത്തില്‍ നിറച്ച ശേഷം അഴുകിയ പഴങ്ങള്‍ നെറ്റ് ബാഗിലോ തുണിസഞ്ചിയിലോ നിറച്ച് ഇതില്‍ ഒരാഴ്ച മുക്കിവെക്കണം. തുടര്‍ന്ന് അരിച്ച് പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് വിളകളില്‍ തളിക്കാം. പൂവിടല്‍ ത്വരപ്പെടുത്താന്‍ ഈ മിശ്രിതം ഉത്തമമാണ്; വളര്‍ച്ചയും മെച്ചപ്പെടുത്തും.