ഡോ. പൂര്ണിമയാദവ് പി.ഐ
കേരളത്തിലുടനീളം കാണപ്പെടുന്ന വെട്ടുകല്‍ മണ്ണ് അമ്ളഗുണമുള്ളതാണ്. ഇത്തരം മണ്ണില്‍ ഇരുമ്പ്, മാംഗനീസ്, അലുമിനിയം എന്നീ മൂലകങ്ങള്‍ അധികമായി അടങ്ങിയിട്ടുണ്ട്. ഈ മൂലകങ്ങളുടെ ആധിക്യം വിഷാവസ്ഥയിലെത്തി മറ്റു പല മൂലകങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ച് നെല്‍പ്പാടങ്ങളില്‍ ഈ മൂലകങ്ങള്‍ ലേയ രൂപത്തിലാകുകയും ചെടികള്‍ അധികമായി വലിച്ചെടുക്കുകയും ചെയ്യുന്നു. നെല്‍ക്കൃഷിയില്‍ ഇവയുടെ അധിക ആഗിരണം ചെടിയുടെ വളര്‍ച്ചയെയും വിളവിനെയും സാരമായി ബാധിക്കുന്നു. എന്നാല്‍ സിലിക്ക വളമായി നല്കുമ്പോള് ഇരുമ്പ്, മാംഗനീസ് എന്നീ മൂലകങ്ങളുടെ ആഗിരണത്തെ കുറച്ച്, മറ്റു മൂലകങ്ങള്‍ നെല്‍ച്ചെടിക്ക് ലഭ്യമാക്കുന്നു.
ഇത്തരം മണ്ണില്‍ കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നെല്ലില്‍ വിളവ് കൂട്ടുന്നതിനായി സിലിക്ക അടങ്ങിയ വളങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ വളപ്രയോഗരീതി വളരെ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള സദാനന്ദപുരത്തെ കൊല്ലം കൃഷി വിജ്ഞാനകേന്ദ്രം ഈ പതിയ വളപ്രയോഗരീതി അഞ്ചു കര്‍ഷകരുടെ സ്ഥലങ്ങളില്‍ പരീക്ഷിച്ചു.
പുതിയ ശുപാര്‍ശയില്‍ കുമ്മായത്തിന്റെ അളവ് പഴയ ശുപാര്‍ശയുടെ നാലിലൊന്ന് മാത്രം മതി (150 കി.ഗ്രാം). എന്നാല്‍ പുതിയ ശുപാര്‍ശയില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ്. നെല്ലില്‍ സിലിക്ക ഉപയോഗിച്ചപ്പോള്‍ ഉണ്ടായ വ്യത്യാസം കര്‍ഷകര്‍തന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി.

പുതിയ വളപ്രയോഗരീതി അനുവര്‍ത്തിച്ചപ്പോള്‍ ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന് 6.33 ടണ്‍ നെല്ലും 9.13 ടണ്‍ വൈക്കോലുമാണ് ലഭിച്ചത്. പഴയ വളപ്രയോഗരീതിയില്‍ ഇത് യഥാക്രമം 5.82 ടണ്ണും 7.59 ടണ്ണും (ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന്) ആയിരുന്നു. കീടരോഗ ആക്രമണം സിലിക്ക ഉപയോഗിച്ച പാടത്ത് 15 ശതമാനവും ഉപയോഗിക്കാത്ത പാടത്ത് 30.6 ശതമാനവുമായിരുന്നു.
സോഡിയം സിലിക്കേറ്റ് (250 കി.ഗ്രാം/ഹെക്ടര്‍), ഫൈന്‍ സിലിക്ക (100 കി.ഗ്രാം/ഹെക്ടര്‍) അല്ലെങ്കില്‍ ഉമിച്ചാരം (500 കി.ഗ്രാം/ഹെക്ടര്‍) ഇവയൊക്കെ സിലിക്ക അടങ്ങിയ വളങ്ങളാണ്. സോഡിയം സിലിക്കേറ്റാണ് നല്കുന്നതെങ്കില് തലേ ദിവസമോ നടുന്ന അന്നുതന്നെയോ നല്‍കാവുന്നതാണ്. മണ്ണുമായി നന്നായി കൂട്ടിക്കലര്‍ത്തണം. ഫൈന്‍ സിലിക്ക, ഉമിച്ചാരം എന്നിവ ഉപയോഗിക്കുകയാണെങ്കില്‍ വിതയ്ക്കുന്നതിനു 23 ആഴ്ച മുമ്പ് മണ്ണില്‍ ചേര്‍ത്തുകൊടുക്കണം. ഗ്ലാസ് ഫാക്ടറികളില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുവാണ് ഫൈന്‍ സിലിക്ക.