കന്നിപ്പാല്‍ പോഷകസമ്പന്നം

Posted on: 26 Apr 2015

ഡോ. പി.കെ. മുഹ്‌സിന്‍



സസ്തനികളുടെ അകിടില്‍നിന്ന് പ്രസവത്തിനുശേഷം ഏതാനും ദിവസങ്ങള്‍ കിട്ടുന്ന പാലിനെയാണ് കന്നിപ്പാല്‍ അഥവാ കൊളസ്ട്രം എന്ന് പറയുന്നത്. പശു പ്രസവിക്കുമ്പോള്‍ അകിട്ടിലുള്ള പാലിന് കട്ടികൂടുതലും മഞ്ഞയോ ചുവപ്പോ നിറത്തിലുള്ളതുമായിരിക്കും. കൊഴുത്ത് പശിമയുള്ള ഈ ദ്രാവകം കുട്ടി പിറക്കുന്നതിനുമുമ്പുതന്നെ അകിടില്‍ ഉത്പാദിപ്പിച്ച് തുടങ്ങും. ഈ കന്നിപ്പാല്‍ പാത്രത്തില്‍ കുറേസമയം സൂക്ഷിച്ചാല്‍ പല പാളികളായി വേര്‍പെടുന്നു. സാധാരണ പാലില്‍ ഉള്ളതിനേക്കാള്‍ പ്രോട്ടീനും കൊഴുപ്പും ജീവകങ്ങളും കന്നിപ്പാലിലുണ്ട്. എന്നാല്‍, പാലിലെ കാര്‍ബോഹൈഡ്രേറ്റായ ലാക്ടോസ് ഇതില്‍ കുറവാണ്.

കന്നിപ്പാലിന്റെ മഞ്ഞനിറത്തിന് കാരണം ഇതില്‍ ധാരാളമായിട്ടുള്ള കരോട്ടിനാണ്. വൈറ്റമിന്‍ 'എ' ഏകദേശം 1015 മടങ്ങും റൈബോേഫ്ലവിന്‍ 34 മടങ്ങും കൂടുതലാണ്.

സാധാരണ പാലില്‍നിന്ന് ഇതിനുള്ള പ്രധാന വ്യത്യാസം ഇതില്‍ ധാരാളമായി ഗ്ലോബുലിന്‍ എന്ന മാംസ്യമുണ്ടെന്നതാണ്. ഏകദേശം ആറ് ശതമാനത്തോളം ഗ്ലോബുലിന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പ്രസവം കഴിഞ്ഞ് മൂന്നുദിവസത്തോളം ഇതിന്റെ തോത് കൂടിയിരിക്കുന്നതിനാല്‍ ആ സമയത്തെ പാല്‍ ചൂടാക്കുമ്പോള്‍ കട്ടിയാവുന്നു. കൊളസ്ട്രത്തില്‍ സമൃദ്ധമായ രോഗപ്രതിരോധ വസ്തുക്കള്‍ ഗ്ലോബുലിനിലാണ് അടങ്ങിയിരിക്കുന്നത്.

കന്നിപ്പാലില്‍ സാധാരണ പാലിനേക്കാള്‍ ഏകദേശം 17 മടങ്ങ് ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുണ്ട്. ജനിക്കുന്ന കുട്ടികളില്‍ രക്തത്തിന്റെ നിര്‍മാണത്തിന് ഈ ഇരുമ്പ് ഉപകരിക്കുന്നു. പ്രസവം കഴിഞ്ഞ് 34 ദിവസംകൊണ്ട് ക്രമേണ ഇതിന്റെ ഘടന സാധാരണപോലെയാകുന്നു.

കൊളസ്ട്രം പുതുതായി ജനിച്ച കുട്ടിയുടെ മലവിസര്‍ജനത്തിന് സഹായിക്കുന്നു. കന്നുകാലികളില്‍ പുതുതായി ജനിക്കുന്ന കുട്ടികളെ രോഗത്തില്‍നിന്ന് രക്ഷിക്കുന്നതിന് ഇതില്‍ ധാരാളമായുള്ള പ്രതിരോധവസ്തുക്കള്‍ സഹായകമാണ്. മാംസ്യമയമായ പ്രതിരോധവസ്തുക്കള്‍ പുതുതായി ജനിച്ച കുട്ടികളില്‍ ആമാശയത്തില്‍നിന്ന് രക്തത്തിലേക്ക് ദഹിക്കാതെ വലിച്ചെടുക്കുന്നു.


Stories in this Section