മത്സ്യവിത്ത്: പൊരുത്തപ്പെടുത്തല്‍ ഏറെ പ്രധാനം
Posted on: 29 Dec 2014
പി. സഹദേവന്‍
മത്സ്യകൃഷിയില്‍ ഉയര്‍ന്ന ഉത്പാദനം ലഭിക്കുന്നതിന് അവലംബിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗങ്ങളിലൊന്നാണ് വിത്തിന്റെ പൊരുത്തപ്പെടുത്തല്‍ അഥവാ അക്‌ളിമെറ്റെസേഷന്‍. വിത്തുത്പാദന കേന്ദ്രങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് കൂടുകളിലാണ് മത്സ്യവിത്ത് കര്‍ഷകര്‍ക്ക് നല്കുന്നത്. ഉദ്ദേശം മൂന്നിലൊന്ന് ഭാഗം വെള്ളം നിറച്ച കൂടുകളില്‍ വിത്ത് നിക്ഷേപിച്ചശേഷം ഓക്‌സിജന്‍ നിറച്ച് വായ്ഭാഗം വരിഞ്ഞുകെട്ടിയാണ് മത്സ്യവിത്ത് കൃഷിസ്ഥലത്തേക്ക് കൊണ്ടുവരുന്നത്. ഇത്തരം വിത്ത് കൃഷിക്കുളത്തില്‍ നേരിട്ട് നിക്ഷേപിച്ചാല്‍ അതിജീവന നിരക്ക് നന്നേ കുറഞ്ഞുപോകാന്‍ സാധ്യതയുണ്ട്.
വിത്തുത്പാദന കേന്ദ്രത്തിലെ ജലത്തിന്റെയും കൃഷിക്കുളത്തിലെ ജലത്തിന്റെയും രാസഭൗതിക ഗുണങ്ങള്‍ തമ്മിലുള്ള അന്തരം അതിജീവിക്കാന്‍ മത്സ്യവിത്തിന് സാധിക്കുകയില്ല. പ്ലാസ്റ്റിക് കൂടിലെ ജലത്തിന്റെ രാസഭൗതിക ഗുണങ്ങള്‍ വളര്‍ത്തുകുളത്തിലെ ജലത്തിന്റെ രാസഭൗതിക ഗുണങ്ങളുമായി പൊരുത്തപ്പെടുത്തിയശേഷം മാത്രമേ മത്സ്യവിത്ത് നിക്ഷേപിക്കാവൂ. മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബാഗുകള്‍ കെട്ടഴിക്കാതെ വളര്‍ത്തുകുളത്തിലെ ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ അനുവദിക്കണം. ബാഗുകളിലെ വെള്ളത്തിന്റെ താപനില കുളത്തിലെ വെള്ളത്തിന്റേതുമായി പൊരുത്തപ്പെടാനാണ് ഇങ്ങനെ ചെയ്യുന്നത്. 1020 മിനുട്ടുകള്‍ക്ക് ശേഷം ജലത്തില്‍ പൊങ്ങിക്കിടക്കുന്ന അവസ്ഥയില്‍ത്തന്നെ ബാഗുകളുടെ കെട്ടഴിച്ച് കുളത്തിലെ ജലം അല്പാല്പം ബാഗിനുള്ളിലേക്ക് കയറാന്‍ അനുവദിക്കണം.
ഒരു മഗ്ഗ് ഉപയോഗിച്ച് കുറേശ്ശെയായി കുളത്തിലെ വെള്ളം കൂടിനുള്ളില്‍ ഒഴിക്കുകയുമാവാം. പൊരുത്തപ്പെടുത്തലിനുശേഷം ബാഗ് മെല്ലെ ചെരിച്ചാല്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ സ്വയം കുളത്തിലേക്ക് നീന്തിപ്പോവും. ഭൂരിഭാഗം കുഞ്ഞുങ്ങളും ഇറങ്ങിയതിനുശേഷം കൂടുകള്‍ ജലത്തില്‍ നിന്ന് ഉയര്‍ത്താതെ പിന്നില്‍ പിടിച്ച് സാവകാശം പിറകോട്ട് ഊരിയെടുക്കുക. ബാഗിലെ ജലത്തിന്റെയും കുളത്തിലെ ജലത്തിന്റെയും താപനിലയിലും രാസഗുണങ്ങളിലും ഏറെ അന്തരമുണ്ടെങ്കില്‍ പൊരുത്തപ്പെടുത്തല്‍ മണിക്കൂറുകളോളം എടുത്ത് ചെയ്യേണ്ടതായി വരും. ധൃതിയില്‍ ചെയ്യുകയാണെങ്കില്‍ കുഞ്ഞുങ്ങളുടെ മരണനിരക്ക് വളരെ കൂടാനും ചിലപ്പോള്‍ മുഴുവനായി ചത്തുപോകാനും സാധ്യതയുണ്ട്. (ഫോണ്‍: 9495900670)