അലങ്കാരമായി പള്ളത്തിയും

Posted on: 07 Sep 2014

പി. സഹദേവന്‍



അലങ്കാരമത്സ്യമെന്ന നിലയില്‍ പള്ളത്തിക്ക് പ്രചാരമേറുകയാണ്. സൗന്ദര്യത്തിലുപരി ദ്രുതചലനങ്ങളിലൂടെയാണ് അക്വേറിയത്തില്‍ കരിമീനിന്റെ ഈ 'കൊച്ചനിയത്തി' നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.നമ്മുടെ നാട്ടില്‍ കായലുകളിലും പുഴകളിലും തോടുകളിലുമൊക്കെ ഏറെ സുലഭമായി കാണുന്ന മീനാണിത്.

ചൂട്ട, ചൂട്ടാച്ചി എന്നീ പേരുകളില്‍ വടക്കന്‍ കേരളത്തിലും പള്ളത്തിയെന്ന പേരില്‍ തിരു-കൊച്ചി മേഖലകളിലും അറിയപ്പെടുന്നു. എട്രോപ്ലസ് മാകുലേറ്റസ് എന്നാണ് ശാസ്ത്രനാമം. ശുദ്ധജലത്തിലും വളരുമെങ്കിലും ഉപ്പുവെള്ളത്തില്‍ വളര്‍ത്തിയാല്‍ ഇവയ്ക്ക് കൂടുതല്‍ വര്‍ണഭംഗിയുണ്ടാവും. പള്ളത്തിയുടെ ശരീരത്തിന് ഏതാണ്ട് അണ്ഡാകൃതിയാണ്. ശരീരത്തിന് മൊത്തത്തില്‍ 7.5 സെ.മീറ്ററില്‍ കൂടുതല്‍ വലിപ്പമുണ്ടാവാറില്ല. ശല്‍ക്കങ്ങള്‍ക്ക് മഞ്ഞകലര്‍ന്ന ഇളം പച്ചനിറമാണ്. ചിറകുകളോട് ബന്ധപ്പെട്ട് ശരീരത്തില്‍ കുറുകെ ഏതാണ്ട് പതിനേഴോളം നിരകളിലായി തിളങ്ങുന്ന സ്വര്‍ണനിറമുള്ള പൊട്ടുകളുണ്ട്. ചിലത് തവിട്ടുനിറത്തിലും കാണാറുണ്ട്. പാര്‍ശ്വരേഖയോട് ബന്ധപ്പെട്ട് മൂന്ന് കറുത്ത പുള്ളികളും കാണാറുണ്ട്. മഞ്ഞയും കറുപ്പും ഇളംവെള്ളയും പച്ചയും വിവിധ അനുപാതത്തില്‍ കൂടിക്കലര്‍ന്ന നിറങ്ങളിലെല്ലാം പള്ളത്തിയെ കാണാറുണ്ട്. കൂട്ടത്തോടെ ജീവിക്കുന്ന സ്വഭാവമുള്ളതിനാല്‍ അക്വേറിയത്തില്‍ ഒന്നിലേറെ മീനുകളെ വളര്‍ത്തണം. ടാങ്കിലെ വെള്ളത്തിന്റെ അമ്ല-ക്ഷാരനില ഏഴിനും എട്ടിനുമിടയ്ക്ക് ക്രമീകരിക്കണം. വെള്ളം തുടര്‍ച്ചയായി ശുദ്ധീകരിക്കുന്നതിന് അരിപ്പകള്‍ ഉണ്ടായിരിക്കുന്നത് നന്ന്.
സര്‍വാഹാരിയാണെങ്കിലും ജന്തുജന്യ ആഹാരവും ആല്‍ഗകളുമാണ് പ്രധാനം. പൂര്‍ണമായി കൃത്രിമത്തീറ്റ നല്കിയും വളര്‍ത്താം. എങ്കിലും മീനുകളുടെ ഊര്‍ജസ്വലത നിലനിര്‍ത്താന്‍ ഇടയ്ക്കിടെ ജൈവാഹാരം നല്കണം.

പെണ്‍മത്സ്യം ഒരേസമയം 200 വരെ മുട്ടകള്‍ ഇടുന്നു. ആണ്‍മത്സ്യം അവയ്ക്കുമേല്‍ ബീജം വര്‍ഷിക്കുന്നു. മൂന്ന് മുതല്‍ ആറ് ദിവസങ്ങള്‍ക്കകം മുട്ട വിരിയും. കുഞ്ഞുങ്ങളെ ജന്തുപ്ലവകങ്ങള്‍ നല്കി വളര്‍ത്തിയെടുക്കാം. (ഫോണ്‍: 9495900670).


Stories in this Section