പട്ടിന്റെ തിളക്കവുമായി ചന്ദ്രശേഖരന്‍

Posted on: 22 Mar 2015

കെ.ആര്‍. അജയകുമാര്‍




പട്ടുനൂല്‍പ്പുഴു വളര്‍ത്തലില്‍ ചന്ദ്രശേഖരന് ഇത് രണ്ടാമൂഴം. എന്തുകൊണ്ട് മള്‍ബറി എന്നതിന് വയനാട്ടിലെ ഈ വടുവഞ്ചാല്‍ സ്വദേശിക്ക് വ്യക്തമായ ഉത്തരമുണ്ട്. ''പ്രതിമാസവരുമാനം കിട്ടുന്നത് പട്ടുനൂല്‍പ്പുഴു വളര്‍ത്തലിലൂടെ മാത്രമാണ്. ബാക്കിയൊക്കെ സീസണ്‍ അനുസരിച്ചാണ്. പച്ചക്കറിക്ക് മഴ കഴിയണം. വാഴവെച്ചാല്‍ ഓണം കഴിഞ്ഞേ പൈസ കിട്ടുകയുള്ളൂ. കൊക്കൂണിന് 250ല്‍ കുറയാത്ത വില എപ്പോഴും കിട്ടും'' ചന്ദ്രശേഖരന്‍ പറയുന്നു.

ഭാര്യവീട് കര്‍ണാടകത്തിലെ ഗുണ്ടല്‍പ്പേട്ട് ആയതുകൊണ്ട് അക്കാലംമുതല്‍ തന്നെ മള്‍ബറികൃഷി കണ്ടിട്ടുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഏതെങ്കിലും പുതിയ കൃഷിയെക്കുറിച്ച് കേട്ടാല്‍ അത് പരീക്ഷിക്കുന്ന ഉമ്മര്‍ക്ക വയനാട്ടില്‍ മള്‍ബറികൃഷി തുടങ്ങിയത്. ആദ്യം മടിച്ചെങ്കിലും വൈകാതെ അദ്ദേഹവുമായി കൂട്ടുചേര്‍ന്ന് പട്ടുനൂല്‍പ്പുഴു വളര്‍ത്തല്‍ തുടങ്ങി. അന്ന് ഒരുപാട് വിഷമതകള്‍ നേരിടേണ്ടിവന്നു. ഇന്നത്തെ വിക്ടറിവണ്‍ മള്‍ബറിയുടെ പകുതി മാത്രം ഇലലഭിക്കുന്ന കണ്‍വാ2 എന്ന ഇനമായിരുന്നു കൃഷി. ഓരോ ഇലപറിച്ച് ട്രേയില്‍ ഇട്ട് വളര്‍ത്തുന്ന രീതിയും ശ്രമകരമായിരുന്നു.

മഴക്കാലത്തെ പുഴുവളര്‍ത്തല്‍ കീറാമുട്ടിയായപ്പോള്‍ പാട്ടഭൂമിയിലെ മള്‍ബറികൃഷിയില്‍നിന്നും ചന്ദ്രശേഖരന്‍ പതുക്കെ പിന്‍മാറി. പിന്നെ വാഴയിലും പച്ചക്കറികളിലും കുരുമുളകിലുമായി വര്‍ഷങ്ങള്‍ നീങ്ങി.

അത്യുത്പാദനശേഷിയുള്ള വിക്ടറിവണ്‍ മള്‍ബറി ഉപയോഗിച്ച്, റാക്ക് സംവിധാനത്തില്‍ കമ്പോടുകൂടിയുള്ള വിളവെടുപ്പിലൂടെയാണ് ചന്ദ്രശേഖരന്‍ രണ്ടാമൂഴത്തില്‍ പട്ടിന്റെ തിളക്കമുള്ള വിജയഗാഥ എട്ടുവര്‍ഷമായി സ്വന്തമാക്കിയിരിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ 100 മുതല്‍ 125 മുട്ടക്കൂട്ടങ്ങള്‍ വരെ വളര്‍ത്തിയാണ് ആനുപാതികമായി ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ മാസവരുമാനം ഉറപ്പാക്കുന്നത്. ഭാര്യ രത്‌നയും മക്കള്‍ ബി.കോം. ബിരുദധാരികളായ പ്രവീണും അരുണും പുഴുവളര്‍ത്തലില്‍ അച്ഛനോടൊപ്പം സജീവമാണ്. കഷ്ടി ഒരേക്കര്‍ മള്‍ബറിത്തോട്ടത്തില്‍നിന്നാണ് ഈ വരുമാനം.

ആദ്യവര്‍ഷത്തെ ഇലയെടുപ്പോടെതന്നെ മണ്ണിലെ വളക്കൂറ് മുഴുവന്‍ ഇലവഴി ഭൂമിയില്‍നിന്ന് നഷ്ടപ്പെടുന്നതുകൊണ്ട് വളപ്രയോഗം അത്യാവശ്യമാണ്. തണലില്‍ ഉണക്കിയ ചാണകം ഒാേരാ കിലോവീതം ഒരു ചെടിക്ക് ഇട്ടുകൊടുക്കും. ആവശ്യാനുസരണം യൂറിയ, പൊട്ടാഷ്, രാജ്‌ഫോസ്‌ഫേറ്റ് എന്നീ രാസവളങ്ങളും മുറതെറ്റാതെ മള്‍ബറിക്ക് നല്‍കാറുണ്ട്. പരിശോധനയില്‍ മണ്ണില്‍ അമ്‌ളരസം കൂടുതല്‍ കണ്ടതിനാല്‍ കുമ്മായവും ഇടയ്ക്ക് ചേര്‍ക്കും.

കര്‍ണാടകയിലെ രാമനഗരത്തിലാണ് കൊക്കൂണ്‍ വിപണനം. പട്ടുനൂല്‍പ്പുഴുവിന്റെ മുട്ട ലഭിക്കുന്നത് കേന്ദ്ര സില്‍ക്ക് ബോര്‍ഡിന്റെ കല്പറ്റ കേന്ദ്രം വഴിയാണ്. സാങ്കേതിക സഹായവും പിന്തുണയുമായി ഗ്രാമവികസന വകുപ്പിലെ എനിസ് ഒ. മുഹമ്മദ് സലിനും ചന്ദ്രശേഖരന്റെ കൂടെയുണ്ട്. (ചന്ദ്രശേഖരന്‍ ഫോണ്‍: 9747576221).


Stories in this Section