
പൂക്കളുടെ പട്ടമഹിഷി എന്നാണ് പനിനീര്‍പ്പൂവിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റ് ഏതെല്ലാം പുതിയ താരങ്ങള്‍ പുഷ്പവിപണിയില്‍ എത്തിയാലും പനിനീര്പ്പൂവിന് അന്നും ഇന്നും ആരാധകര്‍ ഏറെ.
റോസാപ്പൂവ് എന്ന പനിനീര്‍പ്പൂവിന്റെ ചന്തം തെല്ലും നഷ്ടമാകാതെ അത് മൊട്ടായിരിക്കുമ്പോള്‍ തന്നെ യാതൊരു കേടും പറ്റാതെ സ്വാഭാവികമായി വളര്‍ന്ന് വിടരാന്‍ പാകത്തിന് ചില പുതിയ പരിചരണങ്ങളും ഇന്ന് റോസാകൃഷിയുടെ രംഗത്തുണ്ട്. ഇവയില്‍ ശ്രദ്ധേയമാണ് 'റോസ് ബഡ് ക്യാപ്' എന്ന 'പൂമൊട്ടുതൊപ്പി' റോസയുടെ മൊട്ടുകളെ അവ തല നീട്ടുമ്പോള്‍ മുതല്‍ പൊന്നുപോലെ കാത്തുസൂക്ഷിക്കുകയാണ് ഈ ബഡ് ക്യാപ്പിന്റെ ജോലി.
വല കൊണ്ടു തീര്‍ത്ത ഈ ക്യാപ് പൂമൊട്ടിന്റെ മേന്മയും രൂപഭംഗിയും കാന്തിയും വര്‍ധിപ്പിക്കാന്‍ സഹായിക്കും, പോരാത്തതിന് കീടരോഗബാധകളില് നിന്ന് അത്യാവശ്യം സംരക്ഷണം നല്‍കുകയും ചെയ്യും. പൂെമാട്ടുകള് വേണ്ടവിധം പാകമാകുന്നതിന് മുന്‍പ് കാലം തെറ്റി വിടരാന്‍ ശ്രമിക്കുന്നതും ബഡ് ക്യാപ് സമര്‍ഥമായി തടയുന്നു. ഒരു റോസാപ്പൂമൊട്ടിനെ നൈസര്‍ഗികമായി രൂപപ്പെട്ട് ആകൃതിയൊത്തു വളര്‍ന്ന് യഥാസമയം വിടര്‍ന്ന് ലക്ഷണയുക്തമായ പുഷ്പമാക്കി മാറ്റുന്ന ജോലി ഭംഗിയായി ചെയ്യുന്നു ബഡ് ക്യാപ്. 'റോസ് ബഡ് സ്ളീവ്' എന്നും ഇതിന് പേരുണ്ട്. എട്ടു മില്ലി മീറ്റര്‍, 10 മില്ലിമീറ്റര്‍ ഇങ്ങനെ വിവിധ രീതിയില്‍, ഇത് വാങ്ങാന്‍ കിട്ടും. വെള്ളയോ പിങ്കോ നിറമാകാം ഇതിന്. തോട്ടത്തില്‍ വിരിയുന്ന പനിനീര്‍പ്പൂമൊട്ട് വിദൂരസ്ഥലങ്ങളില്‍ തന്നെ കാത്തിരിക്കുന്ന പുഷ്പപ്രേമിയുടെ കൈയില്‍ ഒട്ടും കേടില്ലാതെ രൂപഭംഗിയോടെ എത്തിക്കുവാന്‍ ഇതിന് കഴിയും.
പൂമൊട്ട് വളരുന്നതനുസരിച്ച് ബഡ്ക്യാപ്പും സ്വതന്ത്രമായി അയഞ്ഞുകൊടുക്കും. അത്യാവശ്യം വേണ്ട വെളിച്ചം പൂമൊട്ടിന്റെ പുറം ഇതളുകളില്‍ പതിക്കാന്‍ അനുവദിക്കുന്ന ബഡ്ക്യാപ് മൊട്ടിന്റെ ഉള്ളിലെ ഇതളുകളിലേക്ക് കടുത്ത വെളിച്ചമൊട്ടു കടത്തി വിടുകയുമില്ല. പൂവിതളുകളെ സംരക്ഷിക്കാനും പൂവിന്റെ ആയുസ്സ് വര്‍ധിപ്പിക്കാനും ബഡ് ക്യാപ്പുകള്‍ സഹായിയാണ്. കേരളത്തിലെ റോസാകൃഷിത്തോട്ടങ്ങളിലും റോസ് ബഡ്ക്യാപ് ഇപ്പോള്‍ പ്രചാരം സിദ്ധിച്ചു വരുന്നു.