ഉദ്യാനത്തിന് പകിട്ടേകാന്‍ ഹക്കിനാന്‍ വാഴ

Posted on: 19 Apr 2015

ഡോ. എ.കെ. പ്രദീപ്വാഴയുടെ വംശപാരമ്പര്യവും ഹെലിക്കോണിയയുടെ വര്‍ണഭംഗിയും താമരമൊട്ടിനോട് രൂപസാദൃശ്യവും പുലര്‍ത്തുന്ന അതിമനോഹരമായ ബഹുവര്‍ഷി

സസ്യമാണ് മ്യൂസ ഹക്കിനാനി. കാട്ടുവാഴകളില്‍ ആകൃഷ്ടനായ ഫിന്‍ലന്‍ഡ് നാവികനായ മര്‍ക്കു ഹക്കിനാന്റെ സ്മരണയ്ക്കായി നാമകരണം നടത്തിയിട്ടുള്ള, ഫിലിപ്പീന്‍ ദ്വീപുകളില്‍നിന്നുള്ള ഈ കുള്ളന്‍വാഴ കേരളത്തിലെ ഉദ്യാനങ്ങള്‍ക്ക് ഏറ്റവും യോജിച്ചതാണ്. ഇരുണ്ട പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ വിടര്‍ന്നുവരുന്ന 3050 സെ.മീ. നീളം വരുന്ന ഇവയുടെ രക്തവര്‍ണാഭമായ പൂങ്കുലകള്‍ ആരിലും കൗതുകമുണര്‍ത്തും. മാസങ്ങളോളം വര്‍ണശോഭ കൈവിടാതെ വിടര്‍ന്നുവിലസുന്ന ദീര്‍ഘായുസ്സുള്ള പൂങ്കുലകള്‍ ഇവയെ മറ്റിനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നു.

കേരളത്തിലെ കാലാവസ്ഥയില്‍ അതിവേഗം തഴച്ചുവളരുകയും പുഷ്പിക്കുകയും ചെയ്യുന്ന ഈ സസ്യത്തിന് ഭാഗികമായ തണലും നല്ല ജൈവവളാംശവും നീര്‍വാര്‍ച്ചയുള്ള മണ്ണും ആവശ്യമാണ്. ജലസേചന സൗകര്യമുള്ള തോട്ടങ്ങളില്‍ ഏതുകാലത്തും ഹക്കിനാന്‍വാഴ നട്ടുവളര്‍ത്താം. മൂന്നടി ആഴത്തില്‍ മണ്ണ് കിളച്ചിളക്കി ഇതിനായി തടങ്ങള്‍ തയ്യാറാക്കണം. തടത്തിന്റെ അടിയില്‍ ഏതാണ്ട് ഒരടി കനത്തില്‍ ചാണകമോ കമ്പോസ്‌റ്റോ നിറച്ചശേഷം അതിനുമുകളില്‍ മേല്‍മണ്ണ് നിറയ്ക്കണം. ഇങ്ങനെ തയ്യാറാക്കിയ തടങ്ങളില്‍ കന്നുകള്‍ നടാം. ഒരു കൊല്ലം പ്രായമായ ചെടികളുടെ ചുവട്ടില്‍ 10 മുതല്‍ 15 വരെ കന്നുകള്‍ കാണാം. പഴയമൂട്ടില്‍നിന്ന് കിളച്ചെടുത്ത കന്നുകള്‍ ഇലകള്‍ കോതിമാറ്റിയ ശേഷം നടാന്‍ ഉപയോഗിക്കാം. കന്നുകള്‍ നടേണ്ട ഭാഗത്ത് ചെറിയ കുഴികള്‍ എടുത്ത് അതില്‍ മണല്‍ ഇട്ടശേഷം തൈകള്‍ നടാം.

ചെടികള്‍ നട്ട് ആറുമാസത്തിനകംതന്നെ പൂങ്കുലകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങും. കേരളത്തിലെ കാലാവസ്ഥയില്‍ കാര്യമായ രോഗകീടങ്ങളൊന്നും ഇവയെ ശല്യംചെയ്തുകാണുന്നില്ല.

Stories in this Section