ഓര്‍ക്കിഡ് കൃഷിയില്‍ വസന്തം വിരിയിച്ച് ഡോ. റോബിന്‍

Posted on: 22 Mar 2015

എം.പി. അയ്യപ്പദാസ്‌



ഓര്‍ക്കിഡിനെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഡോക്ടറേറ്റ് നേടിയ റോബിന്‍ സര്‍ക്കാര്‍ ജോലി അന്വേഷിച്ചുപോയില്ല.ഒരേക്കര്‍ സ്ഥലത്ത് ഓര്‍ക്കിഡ് വളര്‍ത്തി മികച്ച വരുമാനം നേടുകയാണ് ഇദ്ദേഹം

ഓര്‍ക്കിഡുകളെക്കുറിച്ച് എട്ടുവര്‍ഷത്തെ പഠനം. ഡോക്ടറേറ്റ്. പിന്നീട് മുഴുവന്‍ സമയ ഓര്‍ക്കിഡ് കൃഷി.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഡോ. റോബിന്‍ സര്‍ക്കാര്‍ ജോലിതേടിപ്പോയില്ല. ഓര്‍ക്കിഡിന്റെ വിപണന സാധ്യത മനസ്സിലാക്കി ഒരേക്കര്‍ സ്ഥലത്ത് കൃഷി തുടങ്ങി. 12000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് കുറഞ്ഞ ചെലവില്‍ പോളിഹൗസ് നിര്‍മിച്ചാണ് കൃഷി, രണ്ടുവര്‍ഷമേ ആയുള്ളൂ, ഇപ്പോള്‍ നല്ല വരുമാനം. തിരുവനന്തപുരം ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഗവേഷണം നടത്തിയാണ് ഡോക്ടറേറ്റ് നേടിയത്. ടിഷ്യൂകള്‍ച്ചര്‍ തൈവാങ്ങി വളര്‍ത്തിയും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തുമാണ് വിപണനം.

ഓര്‍ക്കിഡ് ഇനങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും നമ്മുടെ നാടിനനുയോജ്യമായതും വിപണനപ്രിയമുള്ളവയുമാണ് ഇവിടെ വളര്‍ത്തുന്നത്. ഡെന്‍ ഡ്രോബിയത്തിലെ മുഖ്യഇനമായ സിസാര്‍പിങ്ക്, വൈറ്റ് കെ ഓറഞ്ച്, പിങ്ക്‌വാനില സോണിയ, ബി.ജെ.എല്ലോ പര്‍പ്പിള്‍ എന്നിവയും മൊക്കാറയില്‍ മുഡാന്‍ജ്‌റെഡ്, പിങ്ക്‌സ്‌പോട്ട്, കാലിപ്‌സോ, ജംബോ, ജയ്‌ലാക്ക് വൈറ്റ് എന്നിവയും ഇവിടെയുണ്ട്. സപ്‌നാര, ഹോള്‍ട്ടുമാറ, കഗ്വാര, ലിമാറ, ലിയാര എന്നീ ഇനങ്ങളും ഒണ്‍സീഡിയം ഇനങ്ങളില്‍ ഗോള്‍ഡന്‍ സണ്‍സെറ്റ്, ലിന്‍ഡ് മുതലായവയും ഒറ്റത്തണ്ടായി വളരുന്ന ഫലനോപ്‌സിസില്‍ അമാബലീസ്, സാന്‍ഡ്രയാന, വയലേഷ്യ, പമീല തുടങ്ങിയ മികച്ച ഇനങ്ങളും വളര്‍ത്തുന്നുണ്ട്.

തൊണ്ട് ചെറുകഷണങ്ങളായി മുറിച്ചതും കരി, ഓടുകഷണം എന്നിവ നന്നായി കഴുകി പ്‌ളാസ്റ്റിക് ചട്ടികളില്‍ നിറച്ചാണ് തൈകള്‍ നടുന്നത്. ആഴ്ചതോറും 19:19:19 രാസവളമിശ്രിതം 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് വേരിലും ഇലകളിലും തളിക്കും. രാവിലെ എട്ടുമണിക്ക് മുമ്പായും, വൈകുന്നേരം എട്ടുമണിക്ക് ശേഷവും ദിവസം രണ്ട് തവണ മിസ്റ്റ് പ്രവര്‍ത്തിപ്പിച്ച് നനയ്ക്കും.

തായ്‌ലന്‍ഡില്‍ സ്വന്തമായി ഓര്‍ക്കിഡ് സെന്ററുള്ള ഡോ. റോബിന്‍ വര്‍ഷത്തില്‍ പലതവണ അവിടെ പോകുന്നതോടൊപ്പം ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പുതുഇനം ഓര്‍ക്കിഡുകളെ ഇറക്കുമതി ചെയ്യുന്നുമുണ്ട്. ഇവയെ വിമാനത്താവളത്തിലെ പരിശോധനകള്‍ക്ക് ശേഷം ഒന്നരമാസക്കാലം ക്വാറന്റയിന്‍ റൂമില്‍ വെച്ച് വെള്ളായണി കാര്‍ഷിക കോളേജിലെ പരിശോധനയ്ക്ക് ശേഷമേ വില്‍ക്കാറുള്ളൂ.

ഓര്‍ക്കിഡുകളെ ബാധിക്കുന്ന ചീയല്‍, പൂപ്പല്‍ രോഗങ്ങളെ തടയാന്‍ ബാവസ്റ്റിന്‍ അല്ലെങ്കില്‍ സാഫ് ഇവയിലൊന്ന് രണ്ടുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് രണ്ടാഴ്ച ഇടവിട്ട് തളിക്കും.

പൂക്കളുടെ മൊട്ടുകുത്തി നശിപ്പിക്കുന്ന പ്രാണികളെ ആകര്‍ഷിച്ച് കൊല്ലാന്‍ പശയുള്ള ഇന്‍സെക്റ്റ് കാര്‍ഡുകള്‍ ഗ്രീന്‍ഹൗസിനുള്ളില്‍ പല ഭാഗങ്ങളില്‍ കെട്ടിത്തൂക്കും.

പൂക്കളോടു കൂടിയതും, അല്ലാത്തതുമായ തൈകളാണ് വില്പന. കേരളത്തിലെ ഇതരസ്ഥലങ്ങളിലും, പുണെ, അന്തമാന്‍, ബെംഗളൂരു എന്നിവിടങ്ങളിലേക്കുമാണ് കൊണ്ടുപോകുന്നത്. കട്ടക്കോടുള്ള റോബിന്റെ വീട്ടുപേരും ഗ്രേസ് ഓര്‍ക്കിഡ്‌സ് എന്നാണ്. എന്നും ഓര്‍ക്കിഡ് വസന്തം വിരിയിക്കുന്ന ഈ ഫാമില്‍ ഡോ. റോബിനും ഭാര്യ ഹിമയും അമ്മ മാര്‍ഗററ്റും, ആറ് തൊഴിലാളികളുമാണ് എല്ലാ പണികളും ചെയ്യുന്നത്. ഫോണ്‍: 9495 333 482. E.mail: graceorchids 875 @ gmail.com


Stories in this Section