തവിടെണ്ണയ്ക്ക് പോഷകഗുണം ഏറെ
Posted on: 22 Dec 2014
ഡോ. പി. സിന്ധുമോള്‍
പാഴാക്കിക്കളയുന്ന തവിടില്‍നിന്ന് എണ്ണ ഉത്പാദിപ്പിക്കുന്ന വ്യാവസായികസാധ്യത പ്രയോജനപ്പെടുത്തിയാല്‍ നെല്‍ക്കര്‍ഷകര്‍ക്ക് അധികവരുമാനമാവും. അരിയുടെ തവിടില്‍നിന്ന് നിര്‍മിക്കുന്ന പോഷകഗുണമേറിയ എണ്ണയാണ് തവിടെണ്ണ. ഗുണകരവും ഹാനികരവുമായ കൊഴുപ്പിന്റെ അനുപാതം ശുപാര്‍ശകള്‍ക്കൊപ്പം നില്‍ക്കുന്ന തവിടെണ്ണയില്‍ അനുപമമായ സസ്യസ്റ്റീറോളുകളും അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളാല്‍ സമൃദ്ധമായ ഇതില്‍ അടങ്ങിയിരിക്കുന്ന സവിശേഷഘടകമായ ഗാമഒറൈസനോള്‍, ടോക്കോട്രയെനോള്‍, ടോക്കോഫെറോള്‍ തുടങ്ങിയവ കാന്‍സറിനെയും അകാലവാര്‍ധക്യത്തെയും ചെറുക്കുന്നു.
രക്തത്തിലെ ഹാനികരമായ കൊളസ്‌ട്രോളിന്റെ നില താഴ്ത്തുന്നതുവഴി തവിടെണ്ണ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതായി ശാസ്ത്രീയപഠനങ്ങള്‍ തെളിയിക്കുന്നു. രക്തസമ്മര്‍ദവും രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവും ക്രമീകരിക്കുന്നു. കൂടാതെ, നാഡീസന്തുലനം സാധ്യമാക്കുന്നു. ഇതിന്റെ നിത്യേനയുള്ള ഉപയോഗം സ്ത്രീകളുടെ ആര്‍ത്തവവിരാമവേളയിലെ അസ്വസ്ഥതകള്‍ അകറ്റുന്നു.
ലോകത്ത് ഏറ്റവും മികച്ച ഭക്ഷ്യയെണ്ണയായി കണക്കാക്കപ്പെടുന്ന ഒലിവെണ്ണയോട് കിടപിടിക്കത്തക്ക ആരോഗ്യഗുണമുള്ള തവിടെണ്ണയ്ക്ക് വില കുറവായതിനാല്‍ സാധാരണക്കാര്‍ക്കും വാങ്ങി ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല, ഉയര്‍ന്ന ഊഷ്മാവില്‍ പാചകം ചെയ്താല്‍ ഒലിവെണ്ണ വിഘടിച്ച് ദൂഷ്യഫലമുളവാക്കുന്നു. എന്നാല്‍, തവിടെണ്ണയാവട്ടെ വര്‍ധിച്ച ചൂട് താങ്ങുന്നതിനാലും അത്ര എളുപ്പത്തില്‍ വിഘടിക്കാത്തതിനാലും വറുക്കുന്നതിനും പൊരിക്കുന്നതിനും മറ്റും ഏറെ അനുയോജ്യമാണ്.
പാചകവേളയില്‍ ഭക്ഷ്യവസ്തുക്കളിലേക്ക് തവിടെണ്ണ വളരെ കുറഞ്ഞ തോതിലേ ആഗിരണം ചെയ്യപ്പെടുന്നുള്ളൂ. പെട്ടെന്ന് കനയ്ക്കാത്തതിനാല്‍ ഈ എണ്ണയില്‍ പാകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ കൂടുതല്‍ കാലം സൂക്ഷിച്ചുവെക്കാവുന്നതുമാണ്. താരതമ്യേന വിലക്കുറവുള്ള തവിടെണ്ണ തനിയെയോ മറ്റ് ഭക്ഷ്യയെണ്ണകളോടൊപ്പം ചേര്‍ത്ത് മിശ്രിതരൂപത്തിലോ ഉപയോഗിക്കാവുന്നതാണ്. തവിടെണ്ണ ഇത്തരം മിശ്രിതങ്ങളുടെ ഗുണമേന്മയും സൂക്ഷിപ്പുകാലവും വര്‍ധിപ്പിക്കുന്നതോടൊപ്പം ചൂടാക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന വിഘടനത്തെ ചെറുക്കുകയും ചെയ്യുന്നു.