ശീമക്കൊന്നയെ മറന്നോ?
Posted on: 09 Nov 2014
എസ്. ജയകുമാര്‍
പ്രകൃതിയുടെ വരദാനംപോലെ, പ്രകൃതിയില്‍തന്നെ വളര്‍ന്ന് വളമായി മാറുന്നവയാണ് പച്ചിലവളച്ചെടികള്‍. ഈ ശ്രേണിയില്‍ മുന്നില്‍ നില്ക്കുന്ന ചെടിയാണ് ശീമക്കൊന്ന.
ജൈവവേലിയിലും തെങ്ങിന്‍തോപ്പില്‍ ഇടവിളയായുമെല്ലാം പാരമ്പര്യ കര്‍ഷകര്‍ ഈ പച്ചിലവളച്ചെടി വളര്‍ത്തിയിരുന്നു. എന്നാല്‍, ഇന്ന് ഇതിന്റെ ഉപയോഗം കുറഞ്ഞുവരികയാണ്.
ചണമ്പ്, ഡെയിഞ്ച, സെസ്‌ബേനിയ, തുവര, കിലുക്കി, സുബാബുള്‍ തുടങ്ങിയ ചെടികളുടെ വിത്തുകള്‍ പാടത്ത് വിതച്ച് ഇല തളിര്‍ക്കുമ്പോള്‍ ഉഴുതുചേര്‍ത്ത് വളമേന്മ ഉറപ്പാക്കുന്ന പതിവും ഉണ്ടായിരുന്നു. പയറുവര്‍ഗത്തില്‍പെട്ട ചെടിയായതുകൊണ്ടുതന്നെ ശീമക്കൊന്നയ്ക്ക്, അന്തരീക്ഷത്തില്‍നിന്ന് നൈട്രജന്‍ മണ്ണിലെത്തിക്കാനുള്ള കഴിവുണ്ട്. പുറമ്പോക്കുകളിലും അതിരുകളിലും വിത്ത് പാകിയോ, കമ്പ് മുറിച്ചുനട്ടോ, നിഷ്പ്രയാസം ഇവ വളര്‍ത്തിയെടുക്കാം. നട്ട് മൂന്നാംവര്‍ഷം ഇലയെടുക്കാം.
ഒരു ഹെക്ടര്‍ തെങ്ങിന്‍തോപ്പില്‍ ശീമക്കൊന്ന വളര്‍ത്തി പച്ചിലവളമാക്കിയാല്‍ തെങ്ങിന് ആവശ്യമുള്ള നൈട്രജന്റെ 90 ശതമാനവും ഫോസ്ഫറസിന്റെ 25 ശതമാനവും പൊട്ടാഷിന്റെ 15 ശതമാനവും ലഭിക്കും. അതായത് പകുതി വളത്തിന് ഈ പച്ചിലച്ചെടി മതിയാകും.
കര്‍ഷകരുടെ പ്രിയ ജൈവവളമായ ചാണകത്തില്‍ നൈട്രജന്‍ അഞ്ചു ശതമാനവും മണ്ണിര കമ്പോസ്റ്റില്‍ 0.75 ശതമാനവും ആയിരിക്കുമ്പോള്‍ ശീമക്കൊന്നയില്‍ ഈ മുഖ്യ മൂലകത്തിന്റെ അളവ് 23 ശതമാനമാണ്. പച്ചിലത്തോലിനൊപ്പം ചാണകവുംകൂടി ചേര്‍ത്താല്‍, പൊടുന്നനെ പച്ചില അഴുകി വളമായി മാറും. സൂക്ഷ്മജീവികളുടെ സാന്നിധ്യവും വര്‍ധിക്കും.
ധാതുവിനിയോഗം സംഭവിക്കാത്ത ഹരിതസസ്യപദാര്‍ഥങ്ങളെ മണ്ണിലേക്ക് ഉഴുതോ കിളച്ചോ ചേര്‍ക്കുന്നതിന് പച്ചിലവളപ്രയോഗം എന്നു പറയുന്നു.
പച്ചിലവളം ചേര്‍ക്കുമ്പോള്‍:
* മണ്ണിന്റെ ഘടന നന്നാകുന്നു.
* മണ്ണില്‍ വായുസഞ്ചാരം വര്‍ധിക്കുന്നു.
* ജലാഗിരണവും നിര്‍ഗമനശേഷിയും കൂടുന്നു.
* മണ്ണിന്റെ ഉപരിതലാവരണമായി ജലനഷ്ടം കുറയ്ക്കുന്നു.
* മണ്ണൊലിപ്പ് കുറയ്ക്കുന്നു.
* അണുജീവികളുടെ വംശവര്‍ധന സാധ്യമാകുന്നു.
* ചെടികള്‍ക്കാവശ്യമായ പ്രാഥമികമൂല്യങ്ങള്‍ ചെറിയ അളവില്‍ സമ്മാനിക്കുന്നു.
* ഉത്പന്നത്തിന്റെ രുചി, ദീര്‍ഘനാള്‍ കേടുകൂടാതെ ഇരിക്കുവാനുള്ള ശേഷി എന്നിവ വര്‍ധിപ്പിക്കുന്നു.
* ചെടികള്‍ക്ക് കീടരോഗപ്രതിരോധശേഷി നല്‍കുന്നു.