മിത്രങ്ങള്‍ ഈ ജീവാണുക്കള്‍
Posted on: 28 Sep 2014
രോഗം വരുത്താനും ഭക്ഷണം കേടാക്കാനും മാത്രം അറിയാവുന്ന ശത്രുക്കളല്ല എല്ലാ സൂക്ഷ്മാണുക്കളും. ഇവരില്‍ മിത്രങ്ങളും ഉപകാരികളും ഏറെയുണ്ട്.
സസ്യപരിപാലനത്തില്‍ നിരവധി മിത്ര ജീവാണുക്കള്‍ ഉപയോഗിക്കപ്പെടുന്നു. വളര്‍ത്തുമൃഗങ്ങളുടെ തീറ്റയില്‍ ചേര്‍ത്തോ നേരിട്ടോ നല്‍കാവുന്ന സൂക്ഷ്മജീവാണുക്കള്‍, പ്രോബയോട്ടിക്‌സ് എന്നാണറിയപ്പെടുന്നത്.
മൃഗങ്ങളുടെ ആമാശയത്തിലെ സ്വാഭാവിക സൂക്ഷ്മാണുക്കളുടെ സംതുലനാവസ്ഥ നിലനിര്‍ത്തുകയാണ് ഇവരുടെ ധര്‍മം.
ഇതുവഴി വളര്‍ച്ച നിരക്കിലും ഉത്പാദനത്തിലും വര്‍ധനയുണ്ടാകുന്നതോടൊപ്പം ആരോഗ്യസ്ഥിതയിലും മെച്ചമുണ്ടാക്കുന്നു.
ബാക്ടീരിയ, കുമിള്‍ വിഭാഗത്തില്‍പ്പെടുന്നവയാണ് മിക്ക പ്രോബയോട്ടിക്കുകളും. ഇവയില്‍ ലാക്‌ടോബാസില്ലസ് എന്ന ബാക്ടീരിയയും സാക്കാറമൈസസ് സെര്‍വീസിയ എന്ന യീസ്റ്റും ആണ് പ്രധാനപ്പെട്ടവ.
വളര്‍ച്ചനിരക്ക് കൂട്ടാനും ആരോഗ്യ സംരക്ഷണത്തിനുമായി ആന്റിബയോട്ടിക്കുകള്‍ കാലിത്തീറ്റയില്‍ ചേര്‍ക്കുന്ന രീതി ഇപ്പോള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. പകരം പ്രോബയോട്ടിക്കുകള്‍ ചേര്‍ക്കാം. ആന്റിബയോട്ടിക്ക് പ്രതിരോധശേഷി പോലെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്ന് മാത്രമല്ല, മാംസത്തിലോ, മുട്ടയിലോ, പാലിലോ യാതൊരു ദോഷഫലങ്ങളും പ്രോബയോട്ടിക്കുകള്‍ ഉണ്ടാക്കുന്നില്ല.
അയവെട്ടുന്ന പശു, ആട് തുടങ്ങിയ മൃഗങ്ങളില്‍ ദഹനം പ്രധാനമായും നടക്കുന്നത് ആമാശയത്തിലെ സൂക്ഷ്മജീവികളുടെ സഹായത്താലാണ്. ഇവയുടെ നിലനില്പും എണ്ണവും ഉറപ്പുവരുത്തുകയാണ് യീസ്റ്റ് പോലുള്ള ജീവാണുക്കള്‍ ചെയ്യുന്നത്. പുല്ല്, വൈക്കോല്‍ എന്നീ പരുഷാഹാരങ്ങളോടൊപ്പം യീസ്റ്റ് നല്‍കുമ്പോള്‍ സെല്ലുലോസിനെ ദഹിപ്പിക്കാന്‍ കഴിയുന്ന സൂക്ഷ്മജീവികളുടെ എണ്ണം കൂടും. അതുവഴി ദഹനനിരക്ക് കൂടുകയും കൂടുതല്‍ തീറ്റ തിന്നുകയും ചെയ്യും. യീസ്റ്റ് ചേര്‍ക്കുന്നത് തീറ്റയുടെ മണവും രുചിയും കൂട്ടുന്നു. പാലുത്പാദനത്തിലും വളര്‍ച്ചയിലും വര്‍ധനവുണ്ടാകുന്നു. ആടുകളിലെ വളര്‍ച്ച നിരക്ക് കൂട്ടാനും യീസ്റ്റ് നല്‍കുന്നത് നല്ലതാണ്.
കിടാക്കളിലെ വയറിളക്കം തടയാന്‍ ലാക്‌ടോബാസില്ലസ് അടങ്ങിയ ജീവാണു മിശ്രിതം സഹായിക്കുന്നു. കോഴിമുട്ട, മാംസം എന്നിവയുടെ ഉത്പാദനവും മേന്മയും കൂട്ടുന്നു.
പ്രോബയോട്ടിക്കുകള്‍ ഏറെ ഗുണകരമാകുന്നത് മൃഗങ്ങള്‍ സമ്മര്‍ദാവസ്ഥയിലാകുന്ന അവസരങ്ങളിലാണ്. അണുബാധ, ദഹനപ്രശ്‌നങ്ങള്‍, ദീര്‍ഘയാത്ര, കാലാവസ്ഥാ മാറ്റങ്ങള്‍, തള്ളയില്‍നിന്ന് കുഞ്ഞുങ്ങളെ വേര്‍പിരിക്കുന്ന സമയം തുടങ്ങിയവ ഇത്തരം സമ്മര്‍ദാവസ്ഥകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇത്തരം സാഹചര്യങ്ങള്‍ ആമാശയത്തിലെ പ്രശ്‌നക്കാരായ ബാക്ടീരിയകളുടെ എണ്ണം കൂട്ടാനിടയാകും. വയറിളക്കം പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത്തരം അവസരങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിനു പകരം പ്രോബയോട്ടിക്കുകള്‍ നല്‍കി ആമാശയത്തിലെ സൂക്ഷ്മാണുക്കളുടെ സംതുലനാവസ്ഥ നിലനിര്‍ത്തി അപകടകാരികളായ അണുക്കളുടെ എണ്ണം പെരുകുന്നത് തടയുന്നു.
വിപണിയില്‍ നിന്ന് ലഭിക്കുന്ന കാലിത്തീറ്റ ധാരാളമായി ഉപയോഗിക്കുമ്പോള്‍ ആമാശയത്തിലെ അമ്‌ളക്ഷാരനില വ്യത്യാസപ്പെടുന്നതും ദഹനക്കേടുണ്ടാകുന്നതും പതിവാണ്. യീസ്റ്റ് പോലുള്ള ജീവാണുക്കള്‍ നല്‍കുന്നത് ഇത്തരം വ്യതിയാനങ്ങള്‍ ഒഴിവാക്കി ദഹനത്തെ സഹായിക്കുകയും ഉത്പാദനം നിലനിര്‍ത്തുകയും ചെയ്യുന്നു.
കന്നുകാലികള്‍, ഓമന മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയ്ക്ക് നല്‍കാവുന്ന നിരവധി പ്രോബയോട്ടിക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. ഒരു വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം അവ ഉപയോഗിക്കാവുന്നതാണ്.
ഡോ. സാബിന്‍ ജോര്‍ജ്