പാവം പാവം യൂഫോര്‍ബിയ

Posted on: 07 Sep 2014

സുരേഷ് മുതുകുളംപേരിലെ മുള്‍ക്കിരീടം യഥാര്‍ഥ മുള്‍ക്കിരീടമായി മാറിയ ദുരവസ്ഥയിലാണ് 'യൂഫോര്‍ബിയമിലി' എന്ന ആകര്‍ഷകമായ ഉദ്യാനസസ്യം. നിറഭേദവുമായി നാട്ടിലെ ഉദ്യാനങ്ങളില്‍ വര്‍ണരാജികള്‍ വിരിയിച്ച 'യൂഫോര്‍ബിയമിലി' എന്ന പൂച്ചെടിയുടെ നിലനില്‍പ്പ് ഇന്ന് ഭീഷണിയിലാണ്.

നിരവധി ഉദ്യാനപാലകര്‍ ഈ ചെടി തോട്ടത്തില്‍നിന്ന് വെട്ടി നശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. യൂഫോര്‍ബിയ അര്‍ബുദരോഗകാരിയാണ് എന്ന പ്രചാരണമാണ് ഇതിനുപിന്നില്‍.

കണ്ടാല്‍ കുറ്റിച്ചെടി, മാംസളമായ തണ്ട്, പരമാവധി ഒരു മീറ്റര്‍വരെ വരും. 60 സെ.മീ. പടര്‍ന്ന് വളര്‍ച്ച. തണ്ടിലാകെ മുള്ളുകള്‍. ഈ മുള്‍പ്പരപ്പിനിടയില്‍നിന്ന് തല നീട്ടുന്നതാകട്ടെ നല്ല ചുകചുകപ്പന്‍ പൂക്കളും. ചുവപ്പ് മാത്രമല്ല മഞ്ഞ കലര്‍ന്ന പച്ച, കടും ഓറഞ്ച്, പിങ്ക്, ഓറഞ്ച് കലര്‍ന്ന പച്ച, ചുവപ്പ് കലര്‍ന്ന പച്ച തുടങ്ങി വര്‍ണവൈവിധ്യമുള്ള നിരവധി സങ്കരങ്ങളും ഇന്നുണ്ട്. മുള്‍ക്കിരീടം എന്നും ഇതിനെ പറയാറുണ്ട്. യേശുക്രിസ്തു കുരിശുമരണം വരിക്കുന്ന സമയത്ത് ധരിച്ചിരുന്ന മുള്‍ക്കിരീടം ഈ ചെടിയുടെ തണ്ടില്‍നിന്ന് തീര്‍ത്തതാണെന്ന വിശ്വാസത്തിലാണ് ഈ പേര് കിട്ടിയത്.

ക്രൈസ്റ്റ് പ്ലാന്റ്, ക്രൈസ്റ്റ് തോണ്‍ എന്നും പേരുകളുണ്ട്. തണ്ട് മുറിച്ചുനട്ട് പുതിയ ചെടി വളര്‍ത്താം. നല്ല മൂര്‍ച്ചയുള്ള കത്തിയോ ബ്ലെയിഡോ കൊണ്ട് വളരുന്ന അഗ്രഭാഗം 3-4 ഇഞ്ച് നീളത്തില്‍ മുറിച്ച് മുറിവായ് വെള്ളത്തില്‍ മുക്കി കറചാട്ടം തടഞ്ഞ് ഒരു ദിവസം ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് നേരിയ നനവുള്ള മണലും ഇലപ്പൊടിയും കലര്‍ത്തിയ മിശ്രിതത്തില്‍ കുത്തിയാല്‍ ആറാഴ്ചകൊണ്ട് വേരുപിടിക്കും. മണല്‍, മണ്ണ്, ചാണകപ്പൊടി, ഇലപ്പൊടി, എല്ലുപൊടി എന്നീ കൂട്ടുകള്‍ കലര്‍ത്തിയ പോട്ടിങ് മിശ്രിതമാണ് ചെടിവളര്‍ച്ചയ്ക്ക് നല്ലത്.
'യൂഫോര്‍ബിയേസി' എന്ന സസ്യകുലത്തിലെ ഒരു ജനുസ്സാണ് 'യൂഫോര്‍ബിയ'. ഈ ജനുസ്സിലെ നിരവധി ചെടികളില്‍ ഒന്നു മാത്രമാണ് 'യൂഫോര്‍ബിയമിലി' 'യൂഫോര്‍ബിയ തിരുക്കള്ളി' എന്ന ഒരു ചെടി കാന്‍സര്‍ ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, നമ്മുടെ നാട്ടില്‍ ഇത് അത്ര സുലഭമല്ല.

കെനിയ, ടാന്‍സാനിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത് അലങ്കാരച്ചെടിയായും വേലിച്ചെടിയായും വളര്‍ത്താറുണ്ട്. ഇത് കുട്ടികളില്‍ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയ്ക്ക് ആപത്കരമാകുമാറ്് 'ബര്‍ക്കിറ്റ് ലിംഫോമ' എന്ന അര്‍ബുദത്തിന് കാണമാകുന്നതായി മിഷിഗണ്‍ സര്‍വകലാശാലയിലെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ രോഗാവസ്ഥയുമായി 'യൂഫോര്‍ബിയ മിലിക്ക്' യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. വീട്ടുമുറ്റം വര്‍ണാഭമാക്കുന്ന 'യൂഫോര്‍ബിയ'യെ ഇത്തരമൊരു തെറ്റിദ്ധാരണയുടെ പേരില്‍ വെട്ടിനശിപ്പിക്കേണ്ടതില്ല.


Stories in this Section