പാലക്കാട്: തിരുവനന്തപുരത്തെ വാടകവീടൊഴിഞ്ഞ് തച്ചമ്പാറ മുതുകുറുശ്ശിയിലേക്ക് ചേക്കേറുമ്പോള്‍ രണ്ട് ലോറി നിറയെ പൂച്ചെടികളുമായാണ് സോഫി എത്തിയത്. ഇപ്പോള്‍ മുതുകുറുശ്ശി വാക്കോടന്‍ മലയടിവാരത്തിലെ മുണ്ടാടന്‍ എസ്‌റ്റേറ്റ് വീട്ടില്‍ പത്ത് ലോറിയില്‍ കയറ്റിയാല്‍ തീരാത്ത പൂച്ചെടികള്‍. 32 വര്‍ഷമായി താലോലിച്ച് വളര്‍ത്തിയ ഒന്നരയടി ഉയരക്കാരന്‍ കുഞ്ഞന്‍ പേരാല്‍ മുതല്‍ നൂറുകണക്കിന് ഓര്‍ക്കിഡും ആന്തൂറിയവും വരെ.
68ലെത്തിയ ഈ വീട്ടമ്മയുടെ വിജയം പണിയൊന്നുമില്ലെന്ന് പരാതി പറയുന്ന വീട്ടമ്മമാര്‍ മാതൃകയാക്കണം. 15 ഏക്കറിലെ വീട്ടുവളപ്പില്‍ ഇല്ലാത്ത മരങ്ങളും ചെടികളുമില്ല. 150 ചട്ടികളില്‍ ബോണ്‍സായി മരങ്ങള്‍. ഉപയോഗമില്ലാത്ത സിമന്റ് കുഴല്‍ പാതിയാക്കി കീറി അതിലാണ് ഡാന്‍സിങ് ഗേള്‍ ഓര്‍ക്കി!ഡ് കൃഷി. പാല്‍ കവറുള്‍പ്പെടെ ആയിരക്കണക്കിന് പ്ലാസ്റ്റിക് കവറുകള്‍ ഈ വീട്ടമ്മ
ഉപയോഗയോഗ്യമാക്കിയിരിക്കുന്നത് ചെടികള്‍ നട്ടുകൊണ്ട്. വീട്ടിന്‍പുറത്ത് വീഴുന്ന മഴവെള്ളം ശുദ്ധീകരിച്ച് കിണറ്റിലേക്ക്. പറമ്പില്‍ വീഴുന്ന മഴവെള്ളം സംഭരിക്കാന്‍ ഒരു ലക്ഷം ലിറ്ററിന്റെ മൂന്ന് സംഭരണികള്‍.
ആലുവ സ്വദേശിയായ സോഫിയുടെ വിവാഹം അവസാനവര്‍ഷ ബിരുദത്തിന് പഠിക്കുമ്പോഴാണ്. ഭര്‍ത്താവ് അങ്കമാലി സ്വദേശി ജോണിന് തിരുവനന്തപുരത്തായിരുന്നു ജോലി. ഭര്‍ത്താവിനോടൊപ്പം അവിടെ താമസിക്കുമ്പോഴാണ് പുഷ്പകൃഷിയിലേക്കിറങ്ങിയത്. ആദ്യമായി നട്ട ബോണ്‍സായ് ഇന്നും കൂടെയുണ്ട്. അതാണ് 32കാരനായ കുഞ്ഞന്‍പേരാല്‍.
ഹോളി ട്രീ, എഡീനിയം, അരയാല്‍, ഞാവല്‍, ടൈഗര്‍ ക്ലാമ്പ്, കല്ലാല്‍, ഇലഞ്ഞി, പുളി, മുള, ലിപ്സ്റ്റിക് ട്രീ, കാറ്റാടി, മെയ് ഫ്‌ലവര്‍ തുടങ്ങിയ മരങ്ങളും വള്ളിച്ചെടികളുമുള്‍പ്പെടെ 150ല്‍പ്പരം കുഞ്ഞന്‍ മരങ്ങള്‍ സോഫിയുടെ കൈവിരുതില്‍ വീട്ടിലുണ്ട്.
ഇരുപതില്‍പ്പരം ഇനം ആന്തൂറിയം, അമ്പതോളം ഓര്‍ക്കിഡ്, വിവിധയിനം യൂഫോര്‍ബിയ, ഹെലിക്കോണിയ, മാന്‍ഡിവില ഉള്‍പ്പടെ നാനാനിറങ്ങളിലുള്ള കോളാമ്പിച്ചെടികള്‍...
25000ത്തില്‍പ്പരം ചെടികള്‍ ചട്ടികളില്‍ മാത്രമുണ്ട്. കുഞ്ഞന്‍ മരങ്ങളാക്കാനുള്ള തൈകള്‍ മിക്കവയും വീടിനടുത്തുള്ള കാട്ടില്‍നിന്ന് ശേഖരിച്ചവ. ചിലത് പുറമേനിന്ന് വാങ്ങും. ചിലത് ബോണ്‍സായ് ഗ്രോവേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍വഴി പരസ്?പരം കൈമാറിക്കിട്ടുന്നവ.
മിറക്കിള്‍ പഴം ഉള്‍പ്പടെ നാല്പതില്‍പ്പരം ഫലവൃക്ഷങ്ങളുമുണ്ട്, 15 ഏക്കറിലെ തോട്ടത്തില്‍.
ചെടികളും പൂക്കളും വില്‍ക്കണമെന്നുണ്ട് ഈ വീട്ടമ്മയ്ക്ക്. അരലക്ഷത്തിലേറെ ചെടികളും പതിനായിരക്കണക്കിന് പൂക്കളുമുണ്ട് വീട്ടില്‍. ചെറിയ തോതില്‍ വില്പനയുണ്ട്. കൂടുതല്‍ വിപണി കണ്ടെത്തണം. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍നിന്ന് വിരമിച്ച ഭര്‍ത്താവാണ് പൂന്തോട്ടക്കാര്യത്തില്‍ തുണ. പ്ലാന്റര്‍മാരായ മക്കള്‍ സഞ്ജുവും വിനുവും സഹായിക്കും. ഏകമകള്‍ ഡോ. നീത ഭര്‍ത്താവിനോടൊപ്പം എറണാകുളത്താണ്.