
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഒഴികെ കേരളത്തിലെ മുഴുവന്‍ മണ്ണും പുളിരസമുള്ളതാണ്. വര്‍ഷം കഴിയുംതോറും മണ്ണിന്റെ പുളി കൂടിവരുന്നു. ഹൈഡ്രജന്‍, അലുമിനിയം എന്നിവയുടെ അയോണുകള്‍ അധികമാകുന്നതും കാത്സ്യം ഉള്‍പ്പെടെയുള്ള പോഷകമൂലകങ്ങള്‍ വിളകള്‍ക്ക് ലഭിക്കാതെ പോകുന്നതും പുളിമണ്ണിന്റെ പ്രശ്‌നമാണ്.
സസ്യങ്ങള്‍ക്ക് ശരിയായ വേരുപടലമോ വേരുകള്‍ക്ക് പൂര്‍ണ വളര്‍ച്ചയോ ഇത്തരം മണ്ണില്‍ ഉണ്ടാകുന്നില്ല. വായുസഞ്ചാരവും ജലനിര്‍ഗമനവും പുളി മണ്ണില്‍ കുറയും. കൂനിന്മേല്‍ കുരുവെന്നപോലെ രോഗകാരികളായ കുമിളുകളുടെ ഇഷ്ടവാസസ്ഥലം കൂടിയാകുന്നു പുളിമണ്ണ്. കൂമ്പുചീയല്‍ ബാധിച്ച തെങ്ങും മഹാളി ഗ്രസിച്ച കവുങ്ങും ദ്രുതവാട്ടം നശിപ്പിച്ച കുരുമുളകും നമ്മുടെ പറമ്പിലെ താരങ്ങളായതും നമ്മുടെ മണ്ണിന്റെ പുളിപ്രശ്‌നം കൊണ്ടുതന്നെ.
അമ്ല-ക്ഷാരാവസ്ഥ അഥവാ പി.എച്ച്. 6.5-ല്‍ കുറയുന്ന അവസ്ഥയാണ് മണ്ണിലെ പുളി. കുമ്മായവസ്തുക്കള്‍ ചേര്‍ക്കുന്നതാണ് മണ്ണിലെ പുളി കളയുന്നതിനുള്ള ഏക മാര്‍ഗം. കുമ്മായം ചേര്‍ക്കുമ്പോള്‍ മണ്‍ശകലങ്ങളുടെ പശ കുറയുകയും മണ്ണിനകത്ത് വായു സഞ്ചാരം കൂടുകയും ചെയ്യും. ഒപ്പം ജലനിര്‍ഗമനം സുഗമമാക്കും. ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റാത്ത രീതിയില്‍ മണ്ണിലടങ്ങിയിരിക്കുന്ന ധാതുപദാര്‍ഥങ്ങളെ ആഗിരണം ചെയ്യാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരപ്പെടുത്താനും കുമ്മായവസ്തുക്കള്‍ക്ക് കഴിവുണ്ട്. പുളിമണ്ണിലുള്ള കുമിളുകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ച് സസ്യങ്ങളുടെ സംരക്ഷകനാകാനും കുമ്മായം മുന്നിലാണ്.
ജൈവവസ്തുക്കളുടെ വിഘടനത്തെ സഹായിക്കുന്നതും അതുവഴി കൂടുതല്‍ നൈട്രജന്‍ സസ്യങ്ങള്‍ക്ക് ലഭ്യമാക്കുന്നതും ഇതിന്റെ പ്രവര്‍ത്തന മികവാണ്. പുളിമണ്ണിലെ ഇരുമ്പിന്റെ രാസപ്രവര്‍ത്തനം തടസ്സപ്പെടുത്തി ഫോസ്ഫറസ് പെട്ടെന്ന് ലഭ്യമാക്കും. സസ്യകോശഭിത്തിയിലെ പ്രധാന ഘടകമായ കാത്സ്യം മണ്ണില്‍ കുറഞ്ഞാല്‍ ചെടികള്‍ക്ക് വളര്‍ച്ച കുറയും. ഇലയില്‍ നിര്‍മിക്കുന്ന അന്നജം ചെടിയുടെ മറ്റുഭാഗത്ത് ശേഖരിക്കുന്നതില്‍ പ്രധാന റോള്‍ കാത്സ്യത്തിനുണ്ട്.
മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ രണ്ടോ മൂന്നോ തവണകളായി കുമ്മായം ചേര്‍ക്കാം. വര്‍ഷംതോറും ലഘുവായ തോതില്‍ ചേര്‍ത്ത് ക്രമേണ മണ്ണിലുള്ള കുമ്മായച്ചേരുവ വര്‍ധിപ്പിക്കുന്നതാണ് നല്ലത്.
ചുണ്ണാമ്പുകല്ല്, കുമ്മായം, ഡോളമൈറ്റ് എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന കുമ്മായ വസ്തുക്കള്‍. കുമ്മായത്തിനേക്കാളും എന്തുകൊണ്ടും മികച്ചതാണ് ഡോളമൈറ്റ്. ഉപമൂലകമായ കാത്സ്യമാണ് കുമ്മായത്തിലെ പ്രധാന സസ്യപോഷകം. കാത്സ്യത്തോടൊപ്പം മഗ്‌നീഷ്യവും അടങ്ങിയിട്ടുണ്ടെന്നുള്ളതും കുമ്മായത്തെ അപേക്ഷിച്ച് വിലക്കുറവാണെന്നതും ഡോളമൈറ്റിന്റെ മാറ്റ് കൂട്ടുന്നു.
മണ്ണില്‍ നനവുള്ളപ്പോള്‍ മാത്രമേ കുമ്മായം ചേര്‍ക്കാവൂ. കാലവര്‍ഷത്തിന്റെ അവസാനത്തിലോ തുലാവര്‍ഷത്തിന്റെ ആരംഭത്തിലോ ചേര്‍ക്കുന്നതാണ് ഉത്തമം. സാധാരണഗതിയില്‍ തെങ്ങൊന്നിന് ഒരു കിലോഗ്രാമും കവുങ്ങിനും കുരുമുളകിനും വാഴയ്ക്കും അരക്കിലോഗ്രാമും നെല്ലിന് സെന്റൊന്ന് രണ്ടരക്കിലോഗ്രാമും പച്ചക്കറിക്ക് ഒന്നരക്കിലോഗ്രാമും കുമ്മായമാണ് ശുപാര്‍ശചെയ്യുന്നത്.