നിറം മാറും ചെയ്ഞ്ചിങ് റോസ്

Posted on: 17 Aug 2014

സീമ സുരേഷ്



രാവിലെ വെള്ളനിറം, ഉച്ചയാകുമ്പോഴേക്കും പിങ്ക് നിറം, വൈകുന്നേരമായാലോ ? നിറം ചുവപ്പായി. ഇങ്ങനെ പൂവ് ഒരു ദിവസംതന്നെ ഓന്തിനെപ്പോലെ നിറം മാറാന്‍ തുടങ്ങിയാലോ? പ്രകൃതി സൃഷ്ടിച്ച വിചിത്രസ്വഭാവമുള്ള ഈ പൂവാണ് 'ചെയ്ഞ്ചിങ് റോസ്'. സ്വഭാവംപോലെതന്നെ പേരും. 'പൂപ്പരുത്തി' എന്നൊരു മലയാളം വിളിപ്പേരുമുണ്ടിതിന്.

ശിഖരങ്ങളായി വളരുന്ന ഈ ചെടി ഏതാണ്ട് അഞ്ചുമീറ്റര്‍ വരെ ഉയരത്തില്‍ വളരും. തണുപ്പുകാലമായാല്‍ ചെടി ഇലകള്‍ പൊഴിക്കും. വേനലടുക്കുമ്പോള്‍ ചെടി തളിര്‍ത്ത് ഇലമൂടി നിറയും. പൂക്കള്‍ക്ക് ഒറ്റവരിയിതളോ ഇരട്ടവരിയിതളോ ആകാം. 4-6 ഇഞ്ച് വലിപ്പം കാണും.
വേനല്‍ക്കാലത്താണ് പൂവിരിയല്‍ കൂടുതല്‍. അന്തരീക്ഷത്തിലെ ഊഷ്മവ്യതിയാനമാണ് പൂവിന്റെ നിറംമാറ്റത്തിന് കാരണമെന്ന് കരുതുന്നു. മൂന്ന് വ്യത്യസ്ത വര്‍ണങ്ങളിലുള്ള പൂക്കള്‍ ഒരേസമയം ഈ ചെടിയില്‍ക്കാണാം. പൂത്തുകഴിയുമ്പോള്‍ ഗോളാകൃതിയില്‍ രോമാവൃതമായ ഒരു കായുണ്ടാകും.

നല്ലവെയിലത്തും തണല്‍ മാറിമാറി വരുന്ന സ്ഥലങ്ങളിലും ചെയ്ഞ്ചിങ് റോസ് വളരും. അധികശ്രദ്ധയൊന്നും വേണ്ട. കമ്പ് മുറിച്ചുനട്ടാണ് പുതിയ ചെടികള്‍ വളര്‍ത്തുക. മണലും ഇലപ്പൊടിയും കലര്‍ന്ന മിശ്രിതത്തില്‍ നട്ട് വേരുപിടിപ്പിച്ച് നിലത്തേക്ക് മാറ്റി നട്ടാലും മതിയാകും. വര്‍ഷം മുഴുവന്‍ ചെടിയില്‍ പൂക്കളുണ്ടാകും.

ജന്മദേശമായ ചൈനയില്‍ ചെയ്ഞ്ചിങ് റോസിന് പരമ്പരാഗത ചികിത്സാവിധിയിലും ഉപയോഗമുണ്ട്. ഇതിന്റെ കിളുന്നിലകള്‍ തിളപ്പിച്ച് അല്പം എണ്ണയും ഉപ്പും ചേര്‍ത്ത് ആഹാരമായിഉപയോഗിക്കുന്നു. വേരും ഭക്ഷ്യയോഗ്യമാണ് ശരീരത്തിലുണ്ടാകുന്ന നീര്, ചൊറിച്ചില്‍, തീപ്പൊള്ളല്‍ എന്നിവ ശമിപ്പിക്കാന്‍ ഇതിനു കഴിയും.

കമ്പോസ്റ്റ്, ചാണകപ്പൊടി, മത്സ്യവളം എന്നിവയാണ് ചെയ്ഞ്ചിങ് റോസിന് പ്രിയപ്പെട്ട ജൈവാഹാരങ്ങള്‍. ചെടിച്ചുവട്ടില്‍ ഉണങ്ങിയ ഇലകളോ മറ്റോ കൊണ്ട് പുതയിടുന്നതും ഈ ചെടിയുടെ വളര്‍ച്ചയെ സഹായിക്കും.


Stories in this Section