സൗജന്യ മണ്ണ് പരിശോധന

Posted on: 25 May 2014


നല്ലവിളവ് ലഭിക്കുന്നതിന് ഉപയുക്തമായ മണ്ണാണ് കൃഷിയിലെ ഫലസമൃദ്ധി. അശാസ്ത്രീയമായ കൃഷിരീതികള്‍ പലപ്പോഴും മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നു. സുസ്ഥിരകൃഷിയുടെ അടിസ്ഥാനം യഥാസമയമുള്ള മണ്ണുപരിശോധനതന്നെ. ലഭ്യമാകുന്ന നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയ പോഷകമൂലകങ്ങള്‍ മാത്രമല്ല, മണ്ണിന്റെ അമ്ല-ക്ഷാരനിലയും ലവണനിലയും സാധാരണഗതിയിലുള്ള മണ്ണുപരിശോധനയിലൂടെ മനസ്സിലാക്കാം.

മണ്ണ് സാമ്പിള്‍ ശേഖരിക്കുന്നതിന് മുമ്പായി മണ്ണിന് മുകളിലുള്ള എല്ലാ അന്യവസ്തുക്കളും നീക്കം ചെയ്യണം. 'വി' ആകൃതിയിലുള്ള കുഴിയെടുക്കുന്നതാണ് മണ്ണ് ശേഖരണത്തിലെ ആദ്യഘട്ടം. സാധാരണയായി 15 സെന്റീമീറ്റര്‍ താഴ്ചയിലാണ് കുഴിയെടുക്കേണ്ടത്. ദീര്‍ഘകാലവിളകള്‍ കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ 25 സെന്റീമീറ്റര്‍ ആഴം വേണം.

കുഴിയുടെ വശങ്ങളില്‍നിന്ന് ഏകദേശം രണ്ടുസെന്റീമീറ്റര്‍ കനത്തില്‍ മണ്ണ് ചെത്തിയെടുക്കുന്നതാണ് മണ്ണ് സാമ്പിള്‍ ശേഖരണത്തിലെ പ്രധാന പടി. ഇത്തരത്തില്‍ പ്ലോട്ടിന്റെ 10 ഭാഗങ്ങളില്‍ നിന്നെങ്കിലും മണ്ണ് സാമ്പിളെടുത്ത് മണ്‍കട്ടകളുടച്ച ് നന്നായി യോജിപ്പിക്കണം. അടുത്തത് പകുതിയാക്കല്‍ പ്രക്രിയയാണ്. ഇതിനായി ശേഖരിച്ച മണ്ണ് നിരപ്പായസ്ഥലത്ത് സമചതുരാകൃതിയില്‍ ഒേരകനത്തില്‍ നിരത്തുക. നീളത്തിലും വീതിയിലും രണ്ടായി പകുത്ത് ഇതിനെ തുല്യയളവിലുള്ള സമചതുരങ്ങളാക്കി തിരിക്കണം. കോണോടുകോണ്‍ വരുന്ന രണ്ട് സമചതുരങ്ങളിലെ മണ്ണ് ഉപേക്ഷിക്കാം. മണ്ണ് സാമ്പിള്‍ അരക്കിലോഗ്രാമാകുന്നതുവരെ പകുതിയാക്കല്‍ പ്രക്രിയ തുടരണം.

ഇനി മണ്ണ് സാമ്പിള്‍ തണലിലിട്ട് ഉണക്കാം. ലബോറട്ടറിയില്‍ പരിശോധനയ്ക്ക് 10 ഗ്രാം മണ്ണ് മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ശേഖരിക്കുന്ന ആകെ മണ്ണ് സാമ്പിളിന്റെ അളവായ 500 ഗ്രാം അത് ശേഖരിക്കുന്ന സ്ഥലത്തെ ആകെ മണ്ണിന്റെ പ്രാതിനിധ്യ സ്വഭാവത്തോട് കൂടിയായിരിക്കണമെന്നത് നിര്‍ബന്ധം.

14 ജില്ലകളിലും കൃഷിവകുപ്പിന് മണ്ണുപരിശോധനാ ലാബുണ്ട്. കൃഷിഭവന്‍ മുഖേനയോ കൃഷിഓഫീസറുടെ സഹായത്തോടെയോ കര്‍ഷകര്‍ക്ക് മണ്ണ് സാമ്പിള്‍ ലാബിലെത്തിക്കാം. ഇത്തരം സാമ്പിളുകള്‍ സൗജന്യമായി പരിശോധിക്കാനുള്ള സംവിധാനം ലാബുകളിലുണ്ട്. അല്ലാത്തപക്ഷം 25 രൂപ ഫീസടയ്ക്കണം. പോഷകസമ്പുഷ്ടമായ മണ്ണാണ് കൃഷിയുടെ അടിത്തറ. മണ്ണറിഞ്ഞ് കൃഷിചെയ്താല്‍ നേട്ടങ്ങളുമേറും.


Stories in this Section