വീണാറാണി. ആര്‍

ചെടി നിരീക്ഷിച്ച് മണ്ണിന്റെ ഫലപുഷ്ടി മനസ്സിലാക്കുന്നതിനുള്ള എളുപ്പവിദ്യയാണ് ലീഫ് കളര്‍ കാര്‍ഡ്. പേര് സൂചിപ്പിക്കുന്നതുപോലെ ചെടിയുടെ ഇലയുടെ നിറം ലീഫ് കളര്‍ കാര്‍ഡിലെ നിറവുമായി താരതമ്യപ്പെടുത്തി വളപ്രയോഗത്തിന്റെ ആവശ്യകത മനസ്സിലാക്കാം.
നെല്‍ക്കൃഷിയില്‍ ഈ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കാം. നെല്ല് പറിച്ചുനട്ട് രണ്ടാഴ്ച മുതല്‍ കാര്‍ഡിന്റെ പണി തുടങ്ങും. ഏകദേശം ഒരേ അകലത്തിലുള്ള നെല്‍ച്ചെടികളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഇത്തരത്തിലുള്ള 10 ആരോഗ്യമുള്ള നെല്‍ച്ചെടികളുടെ മുഴുവനുംതുറന്ന ഏറ്റവും മുകളിലുള്ള ഇലയിലാണ് പരീക്ഷണം നടത്തുക. ഇലയുടെ മധ്യഭാഗം ചാര്‍ട്ടില്‍ വരുന്ന രീതിയില്‍ തുറന്നുവെക്കണം. ഇല പറിച്ചെടുക്കാതെതന്നെ ഗുണം അളക്കാമെന്നതാണ് ലീഫ് കളര്‍ റീഡിങ്ങിന്റെ പ്രത്യേകത.
ഇളം മഞ്ഞകലര്‍ന്ന പച്ചനിറം മുതല്‍ കടും പച്ചവരെയുള്ള ആറ് ഗ്രേഡുകളാണ് ലീഫ് കളര്‍ കാര്‍ഡിലുള്ളത്. ഏറ്റവും കുറഞ്ഞത് ഒന്നും കൂടിയാല്‍ ആറുമാണ്. പരീക്ഷിച്ച 10 ഇലകളില്‍ അഞ്ച് എണ്ണത്തിന്റെ റീഡിങ്ങും നാലില്‍ താഴെയാണെങ്കില്‍ ഇനി വൈകേണ്ട. ഏക്കറിന് 25 കിലോഗ്രാം യൂറിയ ഉടന്‍ ചേര്‍ത്തുകൊടുക്കണം. ഇങ്ങനെ ഓരോ ആഴ്ചയും ലീഫ് കളര്‍ റീഡിങ് എടുക്കാം. ചെടി പുഷ്പിക്കുന്നതുവരെ ലീഫ് കളര്‍ കാര്‍ഡിന് പണിയുണ്ട്. രാവിലെ എട്ടുമണിക്കും 10-നും ഇടയിലുള്ള സമയമാണ് ലീഫ് കളര്‍ റീഡിങ്ങിന് ഏറ്റവും അനുയോജ്യം. ഈ കാര്‍ഡ് സൂര്യപ്രകാശത്തില്‍ തുറന്നുപിടിക്കരുത്.
ഏറ്റവും ചെലവുകുറഞ്ഞതും വേഗത്തില്‍ പ്രയോഗിക്കാവുന്നതും എളുപ്പവുമായ മണ്ണുപരിശോധനാ രീതിയാണ് ലീഫ് കളര്‍കാര്‍ഡ് റീഡിങ്. വളം ചെയ്യേണ്ട സമയവും വളത്തിന്റെ അളവും ഇതിലൂടെ തിരിച്ചറിയാം.
നൈട്രജന്റെ അളവ് മണ്ണില്‍ അധികമായാല്‍ ഉണ്ടാകാവുന്ന കീടരോഗബാധയ്ക്കുള്ള പ്രതിവിധികൂടിയാണ് കാര്‍ഡ്. പത്തനംതിട്ട കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നടത്തിയ പരീക്ഷണത്തില്‍ നെല്‍ക്കൃഷിയില്‍ 25 ശതമാനം വരെ കൃഷിച്ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
(veena4raghvan@gmail.com)