
തെങ്ങിന്റെ ഓലക്കാലുകള്‍ വേര്‍പെടാതെ വിശറിരൂപത്തില്‍ ഭാവമാറ്റം വന്നപ്പോഴേ കണ്ണൂര്‍ ജില്ലയിലെ ചെറുതാഴത്ത് ദാമോദരന് സംശയം തുടങ്ങിയിരുന്നു. പൂങ്കുലകള്‍ കരിഞ്ഞുണങ്ങിയപ്പോള്‍ കാര്യം ഉറപ്പിച്ചുമണ്ണിന് കാര്യമായ പ്രശ്‌നമുണ്ട്.
കൃഷി ഓഫീസറുടെ ഉപദേശപ്രകാരം മണ്ണിലെ സൂക്ഷ്മമൂലകങ്ങള്‍ അടക്കമുള്ള പോഷകഘടകങ്ങളുടെ അളവ് പരിശോധിച്ചപ്പോഴാണ് ചിത്രം തെളിഞ്ഞത്. ബോറോണ്‍, സിങ്ക്, മഗ്‌നീഷ്യം, കാത്സ്യം തുടങ്ങിയ സൂക്ഷ്മമൂലകങ്ങള്‍ മണ്ണില്‍ ഇല്ലാതായിരിക്കുന്നു. ക്ലോറോഫിന്‍ രൂപവത്കരണത്തിനും പ്രകാശസംശ്ലേഷണത്തിനും കാര്‍ബോ ഹൈഡ്രേറ്റ് വ്യാപനത്തിനും എന്നുവേണ്ട വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും വരെ സൂക്ഷ്മമൂലകങ്ങള്‍ക്ക് അതിന്റേതായ പങ്കുണ്ടെന്ന് ഈയടുത്തകാലത്ത് നടത്തിയ മണ്ണുപരിശോധന ഫലങ്ങള്‍ വ്യക്തമാക്കുന്നു.
പ്രാഥമിക മൂലകങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചുമാത്രം ആവശ്യമുള്ളവയാണ് സൂക്ഷ്മമൂലകങ്ങള്‍. അതുകൊണ്ടുതന്നെ സൂക്ഷ്മമൂലകങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും നല്‍കാറുമില്ല.
സൂക്ഷ്മമൂലകങ്ങളുടെ ലഭ്യത മണ്ണില്‍ കുറവാണെങ്കില്‍ ചെടികളില്‍ പ്രത്യേക അഭാവ ലക്ഷണങ്ങള്‍ കാണാം. രോഗബാധയാണെന്ന് കരുതി ചികിത്സ തുടങ്ങുന്നത് കൃഷിച്ചെലവ് കൂട്ടും.
മണ്ണില്‍ കുറഞ്ഞുവരുന്ന ഒരു പ്രധാന സൂക്ഷ്മമൂലകമാണ് കാത്സ്യം. ഇളം ഓലകളിലാണ് കാത്സ്യത്തിന്റെ അഭാവലക്ഷണം ആദ്യം പ്രത്യക്ഷപ്പെടുക. വട്ടത്തില്‍ മഞ്ഞനിറമുള്ള പാടുകളായി തുടങ്ങി മധ്യത്തില്‍ തവിട്ടുനിറമുള്ള പാടുകളായി തീരുന്നു. പിന്നീട് കൂടിച്ചേര്‍ന്ന് അവസാനം കരിഞ്ഞുണങ്ങുന്നു.
ഓലകള്‍ ചുക്കിച്ചുളിഞ്ഞ് ആകൃതി വ്യത്യാസപ്പെടുന്നതും കാത്സ്യത്തിന്റെ അഭാവ ലക്ഷണംതന്നെ. വാഴയിലെ കുരുനിലകള്‍ക്ക് കട്ടി കൂടി അകം മഞ്ഞളിക്കുന്നുണ്ടെങ്കില്‍ കാത്സ്യം കുറവാണെന്ന് ഉറപ്പിക്കാം. നെല്ലില്‍ നാമ്പോല ഞരമ്പുകള്‍ക്കിടയിലെ മഞ്ഞളിപ്പും വളര്‍ച്ചാമുകുളങ്ങള്‍ മുരടിച്ച് കരിയുന്നതും കാത്സ്യത്തിന്റെ അഭാവലക്ഷണമാണ്. ശുപാര്‍ശ പ്രകാരമുള്ള ജൈവവളവും കുമ്മായവും ചേര്‍ന്നാല്‍ത്തന്നെ കാത്സ്യം പ്രശ്‌നക്കാരനാകില്ല.
അസുന്തലിതമായ വളപ്രയോഗരീതിയും ചെടികള്‍ തമ്മിലുള്ള അകലക്കുറവും രൂക്ഷമാക്കുന്നത് സിങ്കിന്റെ അഭാവലക്ഷണത്തെയാണ്. വാഴയിലയുടെ വീതി നീളത്തിനെ അപേക്ഷിച്ച് വളരെയധികം കുറയുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. സാധാരണയില്‍നിന്ന് വ്യത്യസ്തമായി വാഴത്തടിയുടെ വശത്തുകൂടി കുലച്ച് വിളവ് കുറയുന്നതും കായകള്‍ നീളവും കനവും കുറഞ്ഞ് ഇളം പച്ചനിറത്തില്‍ കാണുന്നതും സിങ്കിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. നെല്ലോലകള്‍ ചെറുതാവുന്നതും ഇലഞരമ്പുകളില്‍ പച്ചപ്പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതും നെല്ല് മൂപ്പെത്താന്‍ കാലതാമസം വരുന്നതും വയലില്‍ പലചെടികള്‍ക്കും പല വളര്‍ച്ചയുമാണെങ്കില്‍ വൈകണ്ട, ഏക്കറിന് 10 കിലോഗ്രാം സിങ്ക് സള്‍ഫേറ്റ് ചേര്‍ത്ത് കൊടുക്കാം. വാഴ ഒന്നിന് 50 ഗ്രാം സിങ്ക് സള്‍ഫേറ്റാണ് ശാസ്ത്രീയ ശുപാര്‍ശ.
ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നത് ബോറോണിന്റെ ലഭ്യതക്കുറവാണ്. ഓലക്കാലുകള്‍ വേര്‍പെടാതെ വിശറിയുടെ രൂപത്തില്‍ കാണുന്നതും പൂങ്കുലകള്‍ കരിഞ്ഞുണങ്ങുന്നതും മച്ചിങ്ങ കൊഴിച്ചിലും പേടുതേങ്ങ ഉണ്ടാകുന്നതും മണ്ണില്‍ ബോറോണിന്റെ അപര്യാപ്തതമൂലമാണ്. ജൈവവള പ്രയോഗം കുറഞ്ഞതോടെ പല വിളകളിലും ബോറോണ്‍ പ്രശ്‌നക്കാരനായി. ബോറോണിന്റെ അഭാവലക്ഷണം കാണിക്കുന്ന തെങ്ങിന്‍ തോട്ടങ്ങളില്‍ വര്‍ഷത്തില്‍ രണ്ടുതവണ 50 ഗ്രാം ബോറാക്‌സ് ചേര്‍ത്ത് കൊടുക്കണം.
ബോറോണിന്റെ അഭാവം കവുങ്ങില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അടയ്ക്ക പൊഴിച്ചില്‍, പൂര്‍ണ വളര്‍ച്ചയെത്താത്ത ചെറിയ അടയ്ക്കകള്‍, വിള്ളലോടുകൂടിയ അടയ്ക്കകള്‍ എല്ലാം കവുങ്ങിന് ബോറോണ്‍ ആവശ്യത്തിന് ലഭിക്കുന്നില്ല എന്നതിന്റെ സൂചകങ്ങളാണ്. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ കവുങ്ങൊന്നിന് 30 ഗ്രാം ബോറാക്‌സ് നല്‍കാം. വാഴയില പെട്ടെന്ന് പൊട്ടുന്നതും ചുരുണ്ട് വികൃതമാകുന്നതും പഴത്തിലെ കല്ലിപ്പും ബോറോണിന്റെ അഭാവലക്ഷണങ്ങളാണ്. നടുമ്പോള്‍ത്തന്നെ വാഴ ഒന്നിന് 20 മുതല്‍ 50 ഗ്രാം വരെ ബോറാക്‌സ് ചേര്‍ത്ത് കൊടുക്കാം. വാഴ നട്ട് നാലും അഞ്ചും മാസങ്ങളില്‍ അഞ്ച് ഗ്രാം ബോറിക് ആസിഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കാനും ശ്രദ്ധിക്കണം.
ഉത്പാദനശേഷിയെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു സൂക്ഷ്മമൂലകമാണ് മഗ്‌നീഷ്യം. മൂപ്പുള്ള ഓലകളില്‍ ഈര്‍ക്കിലിനോട് ചേര്‍ന്നുള്ള ഭാഗം ഒഴികെ മഞ്ഞളിക്കുന്നതും രൂക്ഷമായ അവസ്ഥയില്‍ ഓലക്കാലുകളുടെ തുമ്പുകള്‍ കരിയുന്നതും മഗ്‌നീഷ്യത്തിന്റെ അഭാവ ലക്ഷണമാണ്. തെങ്ങൊന്നിന് അര കിലോഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റ് ചേര്‍ത്തുകൊടുത്താല്‍ പ്രശ്‌നം പരിഹരിക്കാം. ചെടികളുടെ വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും വളരെ കുറച്ചുമാത്രം ആവശ്യമായ സൂക്ഷ്മമൂലകങ്ങള്‍ കാര്‍ഷികരംഗത്ത് സൃഷ്ടിക്കുന്ന പ്രശ്‌നം ചില്ലറയല്ല. നമ്മുടെ മാറിയ കൃഷിരീതിക്കുള്ള പ്രഹരമാണ് സൂക്ഷ്മമൂലക അഭാവ സൂചകങ്ങള്‍.