
ഇഞ്ചികൃഷിയില്‍ മുകുളമുള്ള ഭൂകാണ്ഡമാണ് നടാനായി സാധാരണയായി ഉപയോഗിച്ചുവരുന്നത്. രോഗകീടബാധയില്ലാത്തതും മുഴുപ്പുള്ളതുമായ ഇഞ്ചിയായിരിക്കണം വിത്തിനായി തിരഞ്ഞെടുക്കേണ്ടത്. ബാക്ടീരിയല്‍ വാട്ടം, മൂടുചീയല്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച സ്ഥലത്തുനിന്ന് ഇഞ്ചിവിത്ത് ശേഖരിക്കരുത്.
വിളവെടുപ്പ് കഴിഞ്ഞ് നടീല്‍ സമയംവരെ നാലഞ്ച് മാസക്കാലം വിത്ത് സൂക്ഷിച്ചുവെക്കേണ്ടതുണ്ട്. വളരെ പെട്ടെന്ന് കേടുവരാന്‍ സാധ്യതയുള്ളതിനാല്‍ വിത്ത് സംഭരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ചീയല്‍, ഉണങ്ങല്‍, മുളയ്ക്കല്‍ മുതാലയവ സാധാരണയായി സംഭരണത്തില്‍ കണ്ടുവരുന്ന ദൂഷ്യങ്ങളാണ്. വിത്തിഞ്ചി സൂക്ഷിക്കുന്നതിന് വിത്തളവ് അനുസരിച്ച് വിവിധ രീതികള്‍ അനുവര്‍ത്തിക്കണം.
കുറച്ച് വിത്ത് മാത്രം ഉള്ളപ്പോള്‍ ചാണകവെള്ളത്തില്‍ മുക്കി ഉണക്കുകയോ കുറച്ചുദിവസം പുകയേല്‍പ്പിച്ചശേഷം മുളംകൂടകളില്‍ സൂക്ഷിക്കുകയോ ചെയ്യാം. അടുപ്പിന് മുകളില്‍ പുകകൊള്ളുന്ന സ്ഥലത്ത് മുളംപായകൊണ്ട് പുറംകെട്ടി അതില്‍ നിരത്തിയിടാം. ഇങ്ങനെ ചെയ്യുമ്പോള്‍ ചൂട് തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം.
വിത്തിഞ്ചിക്കാവശ്യമായ ഇഞ്ചി അടുത്ത നടീല്‍ സമയംവരെ കിളക്കാതെ കൃഷിയിടത്തില്‍തന്നെ നിലനിര്‍ത്തുകയാണ് മറ്റൊരു രീതി. ഒരേക്കര്‍ സ്ഥലത്തേക്കാവശ്യമായ വിത്തിഞ്ചിക്ക് 10-15 സെന്റ് സ്ഥലത്തെ വിള നിലനിര്‍ത്തേണ്ടിവരും. ഇങ്ങനെ കിളക്കാതെ നിലനിര്‍ത്തുന്ന ഇഞ്ചി കൃഷിസ്ഥലത്ത് ഇലകളോ വൈക്കോലോ ഉപയോഗിച്ച് പുതയിടണം. അതേസമയം, മഴപെയ്താല്‍ മുളയ്ക്കുമെന്നതാണ് ഇതിന്റെ ദൂഷ്യവശം. രോഗകീടബാധയ്ക്കും സാധ്യതയേറെയാണ്.
വിത്തിഞ്ചി കുഴികളില്‍ സൂക്ഷിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. മഴയും വെയിലും കൊള്ളാത്ത സ്ഥലത്ത് ഒരു മീറ്ററില്‍ കൂടുതല്‍ ആഴമില്ലാത്ത കുഴികളെടുത്ത് 0.3 ശതമാനം മാങ്കോസെമ്പും 0.1 ശതമാനം മാലത്തിയോണും കലര്‍ത്തിയ ലായനിയില്‍ അരമണിക്കൂര്‍ മുക്കിവെച്ചശേഷം തണലത്ത് ഉണക്കണം. ഇങ്ങനെ ഉണക്കിയ ഇഞ്ചി കുഴിയില്‍ നിരത്തിയ മണലിലോ അറക്കപ്പൊടിയിലോ മുകളില്‍ അരയടി ഉയരത്തില്‍ നിരത്തിവെക്കുന്നു. അതിന് മുകളില്‍ വീണ്ടും മണലോ അറക്കപ്പൊടിയോ നിരത്തുന്നു. വീണ്ടും മറ്റൊരട്ടി ഇഞ്ചി നിരത്തുന്നു. കുഴി നിറയുന്നതുവരെ ഇതാവര്‍ത്തിക്കുന്നു. തുടര്‍ന്ന് കുഴി മൂടാതെ വിടുകയോ പലകകള്‍കൊണ്ട് മൂടുകയോ ചെയ്യുന്നു. പലകകള്‍കൊണ്ട് മൂടുമ്പോള്‍ വിത്തിഞ്ചിക്കും പലകകള്‍ക്കുമിടയില്‍ 5-10 സെ.മീ വിടവുണ്ടായിരിക്കണം. പലകകളുടെ അരികില്‍ ചുറ്റും ചെളിമണ്ണ് ഉപയോഗിച്ച് അടയ്ക്കണം. കുഴിക്കകത്ത് വായുസഞ്ചാരത്തിനായി പൈപ്പുകള്‍ മുകളില്‍നിന്ന് ഇറക്കിവെക്കണം. മാസത്തിലൊരിക്കല്‍ കുഴി തുറന്ന് ഇഞ്ചി പരിശോധിച്ച് കേടുവന്നവ മാറ്റണം.മഴയും വേയിലുമേല്‍ക്കാത്ത തണലായ സ്ഥലത്ത് തറയില്‍ മണലോ അറക്കപ്പൊടിയോ നിരത്തി അതിനുമുകളില്‍ കൂമ്പാരമായി കൂട്ടിയും വിത്തിഞ്ചി സൂക്ഷിക്കാം. കുമിള്‍നാശിനികളും ഹോര്‍മോണുകളും കലര്‍ത്തിയ ലായനിയില്‍ ഇഞ്ചിവിത്ത് മുക്കിയശേഷം പ്ലാസ്റ്റിക് സഞ്ചികളില്‍ വിത്തിഞ്ചി സൂക്ഷിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്.