
എട്ടടിയോളം ഉയരത്തില്‍ ശാഖോപശാഖകളായി വളരുന്ന കുറ്റിച്ചെടിയാണ് യൂഫോര്‍ബിയ ല്യൂക്കോസിഫാല. മധ്യ അമേരിക്കയില്‍നിന്ന് കേരളത്തിലെ ഉദ്യാനങ്ങളിലേക്ക് ചേക്കേറിയ ഈ മനോഹരസസ്യം, മറ്റുപല യൂഫോര്‍ബിയ ഇനങ്ങളെയുംപോലെ ഡിസംബര്‍മാസം തുടങ്ങുന്നതോടെയാണ് പുഷ്പാഭമാവുന്നത്. ക്രിസ്മസ് കാലത്ത് പൂക്കള്‍കൊണ്ട് വിരുന്നൊരുക്കുന്ന ഈ സസ്യം 'ലിറ്റില്‍ ക്രിസ്മസ് ഫ്ലവേഴ്‌സ്' എന്നാണ് മധ്യ അമേരിക്കയിലും മെക്‌സിക്കോയിലും അറിയപ്പെട്ടുവരുന്നത്. ഇവയുടെ പൂക്കാലം ആഴ്ചകളോളം നീണ്ടുനില്ക്കും.
അനേകം കൊച്ചുപൂക്കളും അവയ്ക്കുചുറ്റും ക്രമമായി വിന്യസിക്കപ്പെട്ടിട്ടുള്ളതും സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്നതുമായ പരിദളങ്ങളും ഈ ചെടിയെ മനോഹരമാക്കുന്നു.
കഠിനമായ സൂര്യപ്രകാശമേല്‍ക്കുന്നതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ ഏതുതരം മണ്ണിലും യൂഫോര്‍ബിയ തഴച്ചുവളരും. ഇവയുടെ രണ്ടിനങ്ങളാണ് പ്രധാനമായും ഉദ്യാനങ്ങളില്‍ കണ്ടുവരുന്നത്. തൂവെള്ള പരിദളങ്ങളോടുകൂടിയ 'സ്‌നോഫ്ലെയിക്ക്', വെള്ളയില്‍ തുടങ്ങി പാടലവര്‍ണത്തിലേക്ക് മാറുന്ന 'പിങ്ക് ഫിനേല്‍' എന്നിവയാണ് കൂടുതലായും നട്ടുവളര്‍ത്തിവരുന്നത്. പുഷ്പകാലം കഴിയുന്നതോടെ ചെടികള്‍ വെട്ടിയൊതുക്കി നിര്‍ത്തേണ്ടതാണ്. ഇത് പുതിയ ശാഖകള്‍ പൊട്ടിവളരാനും ചെടികള്‍ക്ക് കൂടുതല്‍ രൂപഭംഗി കൊടുക്കാനും സഹായിക്കും.
യൂഫോര്‍ബിയയുടെ എല്ലാ ഭാഗങ്ങളിലും വെളുത്ത കറ (ഘമറവന്ദ) അടങ്ങിയിട്ടുണ്ട്. കമ്പുകള്‍ മുറിച്ചുനട്ട് ഇവയെ വര്‍ധിപ്പിച്ചെടുക്കാം. ഇളംതണ്ടുകള്‍ മുറിച്ച് രണ്ടുദിവസം നനവ് തട്ടാതെ തണലില്‍ സൂക്ഷിച്ചശേഷം മണ്ണ്, പുഴമണല്‍, അഴുകിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്ത മിശ്രിതം ഇവ പോളിത്തീന്‍ കവറുകളില്‍ നിറച്ചശേഷം നടാവുന്നതാണ്.
വേരുപിടിച്ച തൈകള്‍ പൂന്തോട്ടങ്ങളിലെ നല്ല സൂര്യപ്രകാശമേല്‍ക്കുന്നതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലങ്ങളില്‍ ഒന്നരയടി സമചതുരത്തിലുള്ള കുഴികള്‍ എടുത്ത് നടണം. കേരളത്തിലെ കാലാവസ്ഥയില്‍ കാര്യമായ രോഗ-കീടങ്ങളൊന്നും ഈ ചെടിയെ ശല്യം ചെയ്യാറില്ല.