സെയ്ദ് ഖനിഘാന്റെ സ്വപ്നങ്ങളില്‍ നിറയെ വിത്തുകളുടെ മ്യൂസിയം

Posted on: 12 May 2013



കോഴിക്കോട്: മൈസൂരിനടുത്ത് മാണ്ഡ്യയിലെ മുപ്പത്തിയേഴുകാരന്‍ സെയ്ദ് ഖനിഘാന്റെ കൈയില്‍ ഒരു ആല്‍ബമുണ്ട്. ആ ആല്‍ബത്തില്‍ ചിത്രങ്ങള്‍ ഒന്നുമില്ല. പകരം നിറയെപതിച്ചുവെച്ച നെല്‍ക്കതിരുകള്‍. അവ അറുനൂറില്‍ അധികമുണ്ട്. ഇന്ത്യയ്ക്കകത്തുള്ളവ മാത്രമല്ല, പാകിസ്താന്‍, തായ്‌ലന്റ്, ബര്‍മ എന്നിവിടങ്ങളിലെല്ലാം വിളയുന്ന നെല്‍വിത്തുകള്‍. മിക്കവയും അപൂര്‍വമായവ.

പരമ്പരാഗതമായി കാര്‍ഷികവൃത്തിയാണ് സെയ്ദ് ഖനിഘാന്റെ തൊഴില്‍. പിതാവ് സയ്യിദ് മഹ്മൂദിന് 20 ഏക്കര്‍ കൃഷിയിടമുണ്ടായിരുന്നു. അതില്‍ അരി, മാങ്ങ, റവ, റാഗി, കരിമ്പ് എന്നിവ വിളഞ്ഞു. പകല്‍ സമയത്തുപോലും ആ മാന്തോപ്പില്‍ കടന്നുചെല്ലാന്‍ ടോര്‍ച്ചുവേണം എന്ന് മുത്തശ്ശി പറയുന്നതുകേട്ടാണ് സെയ്ദ് ഖനിഘാന്‍ വളര്‍ന്നത്.

'പെട്ടെന്ന് പിതാവിന് പക്ഷാഘാതം പിടിപെട്ടു. കുടുംബത്തില്‍ മൂത്തയാള്‍ ഞാനായിരുന്നു. എനിക്ക് കൃഷി ഏറ്റെടുക്കേണ്ടിവന്നു. കുറച്ചുകഴിഞ്ഞ് അദ്ദേഹത്തിന് രോഗം ഭേദമായപ്പോള്‍ ഞാന്‍ കോളേജില്‍ ചേര്‍ന്നു. അവസാനവര്‍ഷ പഠനത്തിലേക്ക് കടന്നപ്പോള്‍ പിതാവിന് മസ്തിഷ്‌കാഘാതം വന്നു. അനങ്ങാന്‍ പറ്റാതായി. പഠനമുപേക്ഷിച്ച് ഞാന്‍ കൃഷിയിലേക്ക്മടങ്ങി. അതിപ്പോഴും തുടരുന്നു'.-ഖാന്‍ തന്റെ ജീവിതം ചുരുക്കിപ്പറഞ്ഞു.

അറനൂറിലധികം നെല്‍വിത്തുകള്‍ക്ക് പുറമെ വ്യത്യസ്തമായ 120 മാവുകളും ഖാന്റെ കൈയിലുണ്ട്. ഈ മാങ്ങകളില്‍ പേരക്കയുടെ രുചിയുള്ളവയുമുണ്ട്. നാരങ്ങയുടെയും മൂസമ്പിയുടെയും രുചിയുള്ളവയുമുണ്ട്. എല്ലാം ജൈവവളം മാത്രമിട്ട് വളര്‍ത്തുന്നവ.

തന്റെ കൈയിലുള്ള വിത്തുകള്‍ സഞ്ചരിച്ച്‌ശേഖരിച്ചവയാണ് എന്ന് ഖാന്‍ പറയുന്നു. അവ മറ്റുള്ളവര്‍ക്ക് നല്‍കാനും അദ്ദേഹം തയ്യാറാണ്.

പുരാവസ്തു പഠനംനടത്തി ഏതെങ്കിലും മ്യൂസിയത്തിന്റെ കാവല്‍ക്കാരനാകുക എന്നതായിരുന്നു സെയ്ദ് ഖനിഘാന്റെ സ്വപ്നം. എന്നാല്‍ അതിന് സാധിച്ചില്ല. പകരം തന്റെ അപൂര്‍വ വിത്തുകള്‍ക്കായി ഒരു മ്യൂസിയം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം ഇപ്പോള്‍.
മാറിയകാലത്ത് ജൈവകൃഷി ലാഭമാണോ എന്നു ചോദിച്ചപ്പോള്‍ നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് ഖനിഘാന്‍ പറഞ്ഞു;

'കൃഷി എനിക്ക് ലാഭവുമല്ല, നഷ്ടവുമല്ല. പക്ഷെ സ്വയം അധ്വാനിച്ച് വിളയിച്ചതുകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നു എന്ന് എനിക്ക് അഭിമാനവും ആശ്വാസവും നല്‍കുന്നു. പിന്നെ ഞാന്‍ ഇത്രയുംകാലത്തെ ജീവിതത്തിനിടയില്‍ ഒരു ബാങ്ക്‌ലോണ്‍ പോലും എടുത്തിട്ടില്ല. അതിന്റെ മനഃസമാധാനം എന്റെ ലളിതമായ ജീവിതത്തിന് സുഖം പകരുന്നു'.


Stories in this Section