എം.എ. സുധീര്‍ബാബു, പട്ടാമ്പി, ഫോണ്‍: 8086861023.
റബ്ബര്‍ മരങ്ങളുടെ ഇല ഡിസംബര്‍- ജനവരിയില്‍ പൊഴിയുക പതിവാണ്. അതിനുശേഷം, തളിരിലകള്‍ വളരുന്ന സമയത്ത്, റബ്ബറിനെ ബാധിക്കുന്ന കുമിള്‍ രോഗമാണ്'പൊടിക്കുമിള്‍' അഥവാ 'പൗഡറി മില്‍ഡ്യൂ'.
'ഒയിഡിയം ഹിവിയേ'യെന്ന കുമിളാണീ രോഗത്തിന്കാരണം. തളിരിലകളുണ്ടാകുന്ന സമയങ്ങളില്‍, മഞ്ഞു പൊഴിച്ചില്‍, ചാറ്റല്‍മഴ എന്നിവയുണ്ടാവുന്നത് രോഗബാധയ്ക്കു അനുയോജ്യമായ സാഹചര്യം ഉണ്ടാക്കും.
ജനവരി-ഫിബ്രവരി മാസങ്ങളില്‍ പൊടിച്ചുവരുന്ന തളിരിലകള്ക്ക്ചാരനിറം വരുകയും ഇലയുടെ അരികുകള്ചുരുങ്ങി കരിഞ്ഞ് അകത്തേക്ക് വളയുകയും ശേഷം കൊഴിയുകയും ചെയ്യുന്നതുകാണാം. പിന്നീട്, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍, ഇലത്തണ്ടുകളും അടര്‍ന്നു വീഴുന്നു. രോഗബാധ രൂക്ഷമായാല്‍, ചെറിയ ശിഖരങ്ങളും ഉണങ്ങും. കുറച്ചു മൂപ്പായ ഇലകളില്‍ വെളുത്ത പാടുകള്‍ കാണും. തവാരണയിലെ ചെടികളില്‍ രോഗാക്രമണം തുടര്‍ച്ചയായി വരും.പൊടിക്കുമിള്‍ രോഗം അതിരൂക്ഷമായി ബാധിച്ചാല്‍ റബ്ബര്‍ മരങ്ങള്‍ പലപ്രാവശ്യം ഇല പൊഴിയുകയും മുകളില്‍ നിന്ന് താഴോട്ടുണങ്ങി നശിക്കാനിടയാവുകയും ചെയ്യും.
സള്‍ഫര്‍ (ഗന്ധകപ്പൊടി) പവര്‍ ഡസ്റ്റര്‍ ഉപയോഗിച്ച് അടിക്കുകയാണ് രോഗം തടയാനുള്ള മാര്‍ഗം. ഒരു ഹെക്ടറിന് 11 കി.ഗ്രാം. മുതല്‍ 13 കി.ഗ്രാം വരെ സള്ഫര്പ്പൊടി വേണം.
റബ്ബര്‍ മരങ്ങള്‍ തളിരിട്ടു തുടങ്ങിയാല്‍ ഒന്നോ രണ്ടോ ആഴ്ച ഇടവിട്ട് തളിരിടുന്ന കാലം കഴിയുന്നതുവരെ മൂന്ന്മുതല്‍ ആറ്പ്രാവശ്യം വരെ സള്‍ഫര്‍ അടിക്കേണ്ടിവരും.
അന്തരീക്ഷം ശാന്തമായിരിക്കുകയും ഇലകളില്‍ മഞ്ഞുതുള്ളികള്‍ വീണ് നനഞ്ഞിരിക്കുകയും ചെയ്യുന്ന സമയത്ത് രാത്രികാലങ്ങളിലോ അതിരാവിലെയോ ഗന്ധകപ്പൊടി അടിക്കുന്നതാണുചിതം. എഴുപത്ശതമാനം ഗന്ധകവും മുപ്പത്ശതമാനം 'ടാല്‍ക്കും' ചേര്‍ത്തു തയ്യാറാക്കിയ മിശ്രിതമാണ് ഉപയോഗിക്കേണ്ടത്.
വെള്ളത്തില്‍ കലക്കാവുന്ന 'സള്ഫര്പ്പൊടി' (സള്‍ഫെക്സ് 80 ഡബ്ല്യു.പി.), രണ്ടര ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി, നഴ്സറികളിലെ തൈകളിലും തോട്ടത്തില്‍ നട്ടിട്ടുള്ള ചെറുതൈകളിലും തളിക്കുന്നത് നല്ലതാണ്. വിപണിയില്‍ ലഭിക്കുന്ന ചില സള്ഫര്പ്പൊടികളാണ്ഷെയര്, തയോവിറ്റ്, ഇന്സഫ്, സള്ട്ടാഫ്, ധനുസല്, സള്ഫെക്സ്ഗോള്ഡ്, കോസാന്‍, മൈക്രോസള്, വെല്‍വെറ്റ് എന്നിവ.
കാര്‍ബെന്‍ഡാസിം (ബാവിസ്റ്റിന് 50 ഡബ്ല്യു.പി.) ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയും സള്‍ഫര്‍ ലായനിയും ഒന്നിടവിട്ട് മാറ്റിമാറ്റി സ്പ്രേ ചെയ്യുന്നതാണുത്തമവും ഫലപ്രദവും.
കാര്ബെന്ഡാസിമിന്റെ വേറെ ചില പേരുകളാണ്'സൂം (200 എം.), കാര്സിം, ബെന്ഫില്, ലാക്സിം, ജൈസ്റ്റിം, സാള്ഡാസിം എന്നിവ.