
മേടമാസമാകുന്നതോടെ വിഷുവിന്റെ വരവറിയിച്ചുകൊണ്ട് കണിക്കൊന്നകള്‍ പൂവിട്ടുതുടങ്ങും. മലയാളികളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന കണിക്കൊന്നയുടെ ബന്ധുവായ 'കനേഡിയന്‍ കൊന്ന'യും നാട്ടില്‍ പൂവിട്ടുതുടങ്ങി.
സീസണ് ഇല്ലാതെ വര്‍ഷം മുഴുവന്‍ മഞ്ഞപ്പൂക്കളുടെ വസന്തമൊരുക്കിയാണ് ഇവയുടെ നില്പ്.
ചെറുസസ്യമായി വളരുന്ന ഇവയ്ക്ക് താഴേക്ക് തൂങ്ങിയ ശാഖകളും ചെറിയ ഇലകളുമാണ് ഉണ്ടാവുക. കണിക്കൊന്നയുടെ ചെറിയ പതിപ്പ്. ശാഖാഗ്രങ്ങളിലും ഇലഞെട്ടുകളിലും ചെറിയ മഞ്ഞപ്പൂക്കള്‍ കൂട്ടമായിക്കാണുന്നു. നിറയെ പൂത്തുനില്ക്കുന്ന കനേഡിയന്‍ കൊന്ന കാണാന്‍ മനോഹരമാണ്.
കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയും നീര്‍വാര്‍ച്ചയുള്ള മണ്ണുമാണ് ഇവയുടെ വളര്‍ച്ചയ്ക്ക് യോജിച്ചത്. വീട്ടുമുറ്റങ്ങളിലും പൂന്തോട്ടങ്ങളിലുമൊക്കെ വളര്‍ത്താം. കാര്യമായ പരിചരണമൊന്നും ആവശ്യവുമില്ല.
വേനല്‍ അധികമായാല്‍ പരിമിതമായി ജലസേചനം നല്‍കണം. കനേഡിയന്‍ കൊന്നയുടെ വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. ചെറു കുഴികളെടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് ഇവ നടാം. മഴ ലഭിക്കുന്നില്ലെങ്കില്‍ നേരിയ ജലസേചനവുമാകാം. വളര്‍ന്നുവരുന്ന തൈകളുടെ മുകള്‍ ഭാഗം മുറിച്ച് ധാരാളം ശാഖകള്‍ വളരാന്‍ അനുവദിച്ചാല്‍ ഭംഗിയേറും.
മൂന്നു വര്‍ഷത്തിനുള്ളില്‍ കനേഡിയന്‍ കൊന്നകള്‍ പൂവിട്ടുതുടങ്ങും.