പൂക്കളുടെ വീട്‌

Posted on: 05 Dec 2012

കെ.രാജേഷ് കുമാര്‍,സീൃീവേൃമഷലവെ@ഴാമശഹ.രീാ




കാഞ്ഞങ്ങാട്: നാലേമുക്കാല്‍ സെന്റില്‍ 900 ചട്ടികളില്‍ യൂണിഫോമിട്ട സ്്ക്കൂള്‍ കുട്ടികളെ പോലെ ചെടികള്‍ നിന്ന് പുഞ്ചിരിക്കുകയാണ് .ഒരേ നിറത്തിലും വലിപ്പത്തിലുമുള്ള ചട്ടികള്‍.പച്ചക്കുപ്പായം പോലെ ഇലകള്‍.തലയില്‍ വിരിയുന്നത് മാത്രം വ്യത്യസ്ത നിറത്തിലും വലിപ്പത്തിലുമുള്ള പൂക്കള്‍.27 കൊല്ലം അധ്യാപക വിദ്യാര്‍ഥികളെ പഠിപ്പിച്ച് സ്വയം വിരമിച്ച ആഗസ്തി മാഷ് വീടിന്റെ മുറ്റം മാത്രമല്ല ചുമരും മതിലും ടെറസും സണ്‍ഷെയ്ഡും പൂക്കള്‍ കൊണ്ട് നിറയ്ക്കുകയാണ്.ചുമരിന് പൂശിയ നിറങ്ങള്‍ കൊണ്ടല്ല,ജീവനുള്ള പൂക്കള്‍ കൊണ്ട് വര്‍ണമനോഹരമായിരിക്കുകയാണ് മാഷിന്റെ ഇലവുങ്കല്‍ മാളിക.

ചെടികള്‍ നടാന്‍ മണ്ണല്ല മനസ്സാണ് വേണ്ടതെന്ന് ആഗസ്തി മാഷ് പറയുന്നത് വെറുതേയല്ല. ദേശീയപാതയോരത്ത് പടന്നക്കാടുള്ള മാഷുടെ വീട് കണ്ടവരൊക്കെയും അത് ശരിവെക്കും. ശ്രീനാരായണ ടീച്ചേര്‍സ് ട്രൈയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകനായാണ് ഇ.എ.ആഗസ്തി പടന്നക്കാട് എത്തിയത്.സ്്ക്കൂളിന് തൊട്ട് മുന്നിലുള്ള പൂഴി നിറഞ്ഞ നാലേമുക്കാല്‍ സെന്റ് വാങ്ങുമ്പേഴേ ചില കണക്കുകൂട്ടലുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.മരുഭൂമി പോലെ കിടന്ന മണ്ണില്‍ ഇപ്പോള്‍ പച്ചയില്ലാതൊരിടം സൂചികുത്താന്‍ പോലും കാണില്ല.

മരുഭൂമിയില്‍ വളരുന്ന യൂഫോര്‍ബിയ ആണ് വീട്ടിലെ താരം.ഒരേ വലിപ്പത്തില്‍ 53 തരം യൂഫോര്‍ബിയ 300 ചട്ടികളില്‍ പൂത്തുനില്‍ക്കുന്നു.30 ഇനം അഡേനിയം 70 ചട്ടികളില്‍.120 ചട്ടികളില്‍ ആന്തൂറിയത്തിന്റെ 12 ഇനങ്ങള്‍ .ഓര്‍ക്കിഡ് 20 തരം 70 ചട്ടികളില്‍.15 നിറങ്ങളിലുള്ള ചെക്കികള്‍ 90 ചട്ടികളില്‍.ഏഴിനം ജറബറ.പത്തുമണിപ്പൂവിന്റെ മൂന്നിനങ്ങള്‍ 80 ചട്ടികളില്‍.നിറയെ മുള്ളുകള്‍ ഉള്ള 16 കാക്റ്റിസകള്‍.ഹൈഡ്രേന്‍ജിയ,മഞ്ഞ ലില്ലി,ബോണ്‍സായ്,ചെമ്പരത്തി,റോസ്,ക്രിസ്മസ് ട്രീ ,വിവിധ തരം ഇലച്ചെടികള്‍ ഇവയ്‌ക്കെല്ലാം മുന്നില്‍ വല്ല്യേട്ടനായി കണിക്കൊന്നയും.

എന്തേ മാഷേ പൂക്കളോടിത്ര സ്‌നേഹം എന്ന് ചോദിച്ച് തീരും മുമ്പ് മറുപടിയും വന്നു.ഒരു പരാതിയും പരിഭവവും പറയാതെ ഇതുപോലെ ചിരിച്ചു നില്‍ക്കാന്‍ ഇവയ്ക്കല്ലാതെ മറ്റെന്തിന് ഈ ഭൂമിയില്‍ കഴിയും.അപ്പോള്‍ പിന്നെ ഇവയെ സ്‌നേഹിക്കാതിരിക്കുന്നതെങ്ങനെ?നട്ടിട്ട് വീട്ടിലിരുന്നാല്‍ ഒരു ചെടിയും പൂക്കുകയും കായ്ക്കുകയും ചെയ്യില്ല.ഞാറ് നട്ടാല്‍ വരമ്പത്തിരിക്കണം.അല്ലാതെ തലയില്‍ മുണ്ട് കെട്ടി രാഷ്ട്രീയം പറഞ്ഞാല്‍ നെല്ല് നല്ലപോലെ കതിരിടില്ല.നാല് നേരം ഭക്ഷണം കഴിക്കുന്ന നമ്മളില്‍ പലരും വീട്ടുപറമ്പിലെ തെങ്ങിന് വെള്ളമൊഴിച്ചോ എന്ന് ചിന്തിക്കാറില്ല.പറമ്പിലെ ഓരോ മരങ്ങളെയും കുടുംബത്തിലെ അംഗങ്ങളായി കാണണം.അതിനുള്ള മനസ്സ് എല്ലാവരിലും വളരണംആയിരക്കണക്കിന് അധ്യാപകരെ കണക്കും ഇംഗ്ലീഷും പഠിപ്പിച്ച് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ പ്രാപ്തരാക്കിയ ആഗസ്തി മാഷുടെ ഉള്ളിലെ അധ്യാപകന്‍ വീണ്ടും ഉണര്‍ന്നു.

പൂക്കള്‍ പറിക്കരുത് എന്നൊരു ബോര്‍ഡ് വീടിന് ചുറ്റും വെച്ചാലോ എന്ന് പണ്ട് മാഷ് ചിന്തിച്ചിരുന്നു.അധ്യാപകനായിരിക്കെ അദ്ദേഹം നട്ടുണ്ടാക്കുന്ന പൂക്കളെല്ലാം വിദ്യാര്‍ഥികള്‍ പറിച്ച് കൊണ്ടു പോയപ്പോഴായിരുന്നു അത്.കുറച്ചു കഴിഞ്ഞപ്പോള്‍ പൂക്കളിലായിരുന്നില്ല ജനത്തിന്റെ കണ്ണ്.ചട്ടിതന്നെ കൊണ്ടു പോകാന്‍ തുടങ്ങി.വീട് റോഡരികില്‍.വാഹനം നിര്‍ത്തുക.ചട്ടി കയറ്റുക.വിടുക.കള്ളന്മാര്‍ക്ക് പൂന്തോട്ടമൊരുക്കാന്‍ എന്തെളുപ്പം.പത്ത് ചട്ടി വരെ മോഷ്ടിച്ച് കൊണ്ടുപോയ ദിവസങ്ങള്‍ ഉണ്ടായിരുന്നു.പക്ഷെ കള്ളന്മാരെ മാഷ് പറ്റിച്ചു.രാത്രി മോഷ്ടിച്ച സ്ഥലത്ത്‌നേരം വെളുക്കുമ്പോള്‍ വീണ്ടും ചട്ടിയില്‍ ചെടി പൂവിട്ട് നില്‍ക്കുന്നുണ്ടാകും.കട്ടുകട്ട് കള്ളന്മാര്‍ക്കിപ്പോള്‍ മടുത്ത സ്ഥിതിക്ക് അദ്ദേഹം അതിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.വീടിന്റെ മട്ടുപ്പാവില്‍ അമ്പതോളം ചട്ടികളില്‍ ചെടികള്‍ സമാന്തരമായി വളര്‍ത്തും.ഏത് ചെടി ഉണങ്ങിയാലും പിണങ്ങിയാലും മട്ടുപ്പാവില്‍ നിന്ന് വേറൊരാള്‍ ഇറങ്ങിവരും.അതായത് വീടിന് ചുറ്റും ഒരുക്കിയ ബെഞ്ചില്‍ എന്നും ഹാജര്‍ നൂറില്‍ നൂറ്.

തൊള്ളായിരം ചട്ടിയില്‍ വെള്ളമൊഴിക്കാന്‍ കണികാ ജലസേചന സംവിധാനം ഒരുക്കിയിട്ടുണ്ട്.പടന്നക്കാട് കാര്‍ഷിക കേന്ദ്രത്തില്‍ നിന്നാണ് അദ്ദേഹം അത് പഠിച്ചത്.ഇരുമ്പുകമ്പി ചെടിച്ചട്ടി നിര്‍ത്താന്‍ കഴിയുന്ന തരത്തില്‍ വളച്ചാണ് മതിലിലും പാരപ്പറ്റിലും ചുമ്‌രിലും പൂന്തോട്ടമൊരുക്കുന്നത്.കമ്പി വളക്കാന്‍ കോണ്‍ക്രീറ്റ് തൊഴിലാളി തമ്പാന്‍ സഹായിക്കാറുണ്ടെന്ന് മാഷ്.കമ്പി കുടുക്കാന്‍ മതിലിലും പാരപ്പെറ്റിലും ദ്വാരമിടുന്നത് മാഷ് തന്നെ.അതിനായി അദ്ദേഹം ഒരു ഡ്രില്ലര്‍ സ്വന്തമായി വാങ്ങി.ചുറ്റും നനവുള്ള ചട്ടികള്‍ ഉള്ളതിനാല്‍ വീടിനുള്ളിലും കുളിര്.കഴിഞ്ഞ മൂന്ന് കൊല്ലമായി നീലേശ്വരം ഫ്്‌ളവര്‍ ഷോയില്‍ ആഗസ്തിമാഷാണ് ചാമ്പ്യന്‍.ഹാട്രിക്് തികച്ച അഭിമാനത്തോടെ മാഷ് പറയുന്നു.ഇനി പുതിയ ആരെങ്കിലും ആയിക്കേട്ടെ എന്ന്.ജെന്നി ഫ്ലവേഴ്‌സിലെ ടോമിയാണ് ഈ ഉദ്യാനപാലകനെ പുറം ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്.

മരം വെച്ചാല്‍ വെള്ളം കോരണം എന്നതില്‍ വെള്ളം ചേര്‍ക്കാന്‍ മാഷെ കിട്ടില്ല.രാവിലെ മുതല്‍ ഉച്ചവരെ ചെടികള്‍ക്കിടയിലായിരിക്കും അദ്ദേഹം.ഉണങ്ങിയ ഇലകളും പൂക്കളും ഒന്നൊഴിയാതെ പറിച്ചു കളയും.വളം വേണ്ടതിന് അത് ചേര്‍ക്കും.കീടനാശിനി തളിക്കും.പൂന്തോട്ടമൊരുക്കാന്‍ നെട്ടോട്ടമോടേണ്ട കാര്യമൊന്നുമില്ലെന്നാണ് മാഷിന്റെ പോളിസി.അഞ്ച് ചട്ടിയായാലും അത് വെക്കേണ്ടിടത്ത് വെക്കേണ്ട പോലെ വെച്ചാല്‍ ഭംഗി കിട്ടുമെന്ന് മാഷ് പറയുന്നു.

പടന്നക്കാടെത്തിയപ്പോഴാണ് സാവൂര്‍ സാഹിബിന്റെ മാമ്പഴത്തോട്ടം മാഷെ ആകര്‍ഷിക്കുന്നത്.തന്റെ തറവാട് കൃഷിയിടങ്ങളിലെല്ലാം ഒട്ടുമാവിന്‍ തൈകള്‍ പണ്ടേ എത്തിച്ചു.അടുക്കത്തുള്ള ഒമ്പത് ഏക്കറില്‍ കുരുമുളകും കശുമാവും മാത്രമാണ് വിള.റബ്ബറിലേക്ക് തിരിയാതിരിക്കാനുള്ള കാരണവും മാഷ് പറയുന്നു.ടാപ്പിങും ബഡ്ഡിങ്ും അറിയാമെങ്കിലും തൊഴിലാളി ക്ഷാമം വരുമെന്ന് നേരത്തേ മനസ്സിലാക്കിയതാണ്് ആ പരീക്ഷണത്തിന് നില്‍ക്കാതിരുന്നതെന്ന് അദ്ദേഹം.

ഭാര്യ തെരേസ തോമസിന് പൂക്കളിലും ചെടികളിലും ആദ്യം അത്ര കമ്പം ഉണ്ടായിരുന്നില്ലെന്ന് മാഷ് പറയുന്നു.കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ ഫിസിക്‌സ് അധ്യാപികയായിരുന്നു അവര്‍.പിന്നീട് കാഞ്ഞങ്ങാട് ക്രസന്റ് സ്‌ക്കൂളില്‍ അഞ്ച് വര്‍ഷം പ്രിന്‍സിപ്പലുമായി.മക്കള്‍ സ്മിതയും സിതാരയും ജോലിയാവശ്യാര്‍ഥം പുറം നാട്ടിലേക്ക് ചേക്കേറി.ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് വീട്ടില്‍ തന്നെ ആയപ്പോള്‍ മാഷക്കും ടീച്ചര്‍ക്കും 'കുഞ്ഞുങ്ങളെ' തേടി എങ്ങും പോകേണ്ടി വന്നില്ല.അപ്പോഴേക്കും വീട് നിറയെ പൂക്കുഞ്ഞുങ്ങള്‍ നിറഞ്ഞിരുന്നു.

ഓരോ പൂക്കളിലും വിടരുന്നത് നന്മയുടെ മുഖങ്ങളാണ്.ഇതളുകളില്‍ നിന്ന് കാഴ്ചക്കാരനിലേക്ക് നീളുന്ന നന്മയുടെ നൂല്‍ബന്ധം.ല്ക്ഷക്കണക്കിന് രൂപ ചെലവിട്ട് കൃത്രിമ നിറങ്ങള്‍ പൂശി വീടലങ്കരിക്കുന്നവര്‍ ആഗസ്തിമാഷുടെ വീട് കാണുക.വ്യത്യസ്തമായ കാര്യങ്ങളല്ല വിജയികള്‍ ചെയ്യുന്നത്.അവര്‍ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യുന്നു.പൂക്കളുടെ വീട്ടിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം.





Stories in this Section