പനിനീര് പൂക്കളുടെ തോഴന്
Posted on: 25 Nov 2012
സുരേഷ് മുതുകുളം

പുഷ്പറാണിയാണ് പനിനീര്പ്പൂവെങ്കിലും കടുത്ത രോഗ- കീടബാധ തലവേദനയായപ്പോള്‍ പലരും റോസാച്ചെടികളെ മറന്നു എന്നുപറയാതെ വയ്യ. എന്നാല്‍ 1400 തരം റോസാച്ചെടികളെ അരുമകളായി പരിലാളിച്ച് വളര്‍ത്തുന്ന ഉദ്യാനപാലകന്‍ ഉത്തര കേരളത്തില്‍ വ്യത്യസ്തനാകുന്നു - പേര് വിശ്വനാഥന്. 'റോസ് പാര്‍ക്ക്'എന്ന് പേരിട്ട ഈ പനിനീര്‍പ്പൂന്തോട്ടം വര്‍ണ വൈവിധ്യമുള്ള വിവിധയിനം റോസാച്ചെടികളുടെ താവളമാണ്. കഴിഞ്ഞ 15 വര്‍ഷമായി വിവിധസ്ഥലങ്ങളില്‍ നിന്ന് വാങ്ങുകയും ശേഖരിക്കുകയും ചെയ്ത പനിനീര്‍ച്ചെടികളാണ് ഈ ഉദ്യാനത്തില്‍ നിറഞ്ഞുവളരുന്നത്. വയലറ്റ്, പച്ച , കടുംമഞ്ഞ, വെള്ള, ചുവപ്പ്, കറുപ്പിനോട് സമാനമായ നിറം എന്നിങ്ങനെ വിവിധ നിറമുള്ള പനിനീര്‍പ്പൂക്കള്‍ ഇവിടെയുണ്ട്. കടും ചുവപ്പ് നിറമുള്ള റോസാപ്പൂവ് കണ്ടാല്‍ കറുപ്പ് നിറമാണെന്നേ തോന്നു. 'ബ്ലാക്ക് പേള്‍', 'ബ്ലാക്ക് ലേഡി' എന്നൊക്കെയാണതിന് പേര്. ഇതളുകളില്‍ ഡിസൈനുള്ള 'ഡോട്ട് റോസ്' ഇവിടെയുണ്ട്.
കര്‍ഷകനായിരുന്ന അച്ഛന്റെ പ്രോത്സാഹനമാണ് തന്നെ ഈ രംഗത്തെത്തിച്ചത് എന്ന് വിശ്വനാഥന് പറയുന്നു. തനിക്ക് റോസാച്ചെടികളോടുള്ള കമ്പം കണ്ടറിഞ്ഞ അച്ഛന് അവ വെറുതെ ശേഖരിക്കുന്നതിനുപകരം ഇനങ്ങള്‍ തിരിഞ്ഞും അറിഞ്ഞും ശേഖരിക്കുവാന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് അയല്‍ നാടുകളിലെ ചില റോസ് പാര്‍ക്കുകളും കാണാന്‍ പോയി. അങ്ങനെയാണ് മറ്റെല്ലാം വിട്ട് വിശ്വനാഥന് പുഷ്പറാണിമാരായ റോസാപ്പൂക്കളുടെ ലോകത്തേക്ക് വരുന്നത്.
തുറസ്സായ കൃഷിയാണ് ഇവിടെ റോസ് പാര്‍ക്കില്‍ ചെയ്തിരിക്കുന്നത്. കൃഷിക്കൊരുക്കിയ സ്ഥലത്ത് വരി പിടിച്ച് 2-3 അടി അകലത്തില്‍ തൈകള്‍ നട്ടു. ചാണകവും എല്ലു പൊടിയും തന്നെയാണ് ഇവയ്ക്ക് പ്രധാനവളം. കൂടാതെ ഗോമൂത്രം ബാരലില്‍ ശേഖരിച്ച് 15 ദിവസം കഴിഞ്ഞ് 10 ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് അരലിറ്റര്‍ വീതം ഓരോ ചെടിയുടെയും ചുവട്ടില്‍ ഒഴിച്ചുകൊടുക്കും. ഇത് റോസാ ച്ചെടികള്‍ക്ക് നല്ല വളര്‍ച്ച നല്കുന്നു. തടത്തിലെ മണ്ണ് ഒട്ടും കട്ടിയാകുന്നുമില്ല. ഇതിനായി പശുക്കളെ വളര്‍ത്തുന്നുവെങ്കിലും തികയാതെവന്നാല്‍ പരിസരവാസികളില്‍ നിന്ന് വാങ്ങും.
വിശ്വനാഥന് തലവേദനയാകുന്നത് റോസ് ചെടികളുടെ കമ്പുണക്കമാണ്. ഇതിന് 'ഫൈറ്റൊലാന്‍'ആണ് തളിക്കുന്നത്. നിരന്തരം പുകയിലക്കഷായവും മറ്റും തളിക്കുന്നതിനാല്‍ പുഴുക്കളും കീടങ്ങളുമൊക്കെ സ്വാഭാവികമായി നശിച്ചുപോകുന്നു. 2010 ഡിസംബര്‍ മാസമാണ് 'റോസ്പാര്ക്ക്' ഉദ്യാനപ്രേമികള്ക്കായി തുറന്നുകൊടുത്തത്. എല്ലാവര്‍ഷവും ഡിസംബര്‍ മാസം ഇവിടെ സ്വന്തം നിലയില്‍ പുഷ്പ പ്രദര്‍ശനവും നടത്താറുണ്ട്. ഇതില്‍ റോസാച്ചെടികളുടെ വന്‍ ശേഖരത്തിനു പുറമെ ഡാലിയ, ജമന്തി, ചെത്തി, ചെണ്ടുമല്ലി, ബോണ്‍ സായ് തുടങ്ങിയവയും വിവിധ ഫലവര്‍ഗങ്ങളും കാണികള്‍ക്കായി ഒരുക്കുന്നു.
മാനന്തവാടി കൃഷി ഓഫീസില്‍ നിന്നും റോസാക്കൃഷിയുടെ പരിപാലനം, സസ്യ സംരക്ഷണം മുതലായ കാര്യങ്ങളില്‍ വേണ്ട നിര്‍ദേശം ലഭിക്കാറുണ്ടെന്ന് വിശ്വനാഥന് പറയുന്നു. മികച്ച ഇനങ്ങളില്‍പ്പെട്ട ഏതാണ്ട് എണ്‍പതോളം റോസാച്ചെടികളുടെ ബഡ്ഡ് തൈകള്‍ ഇദ്ദേഹം ആവശ്യക്കാര്‍ക്ക് 25 രൂപ നിരക്കില്‍ വില്‍ക്കുന്നു. പുറത്ത് ഇതിന്റെ മൂന്നിരട്ടിയോളം വിലയുണ്ടെന്ന് ഇദ്ദേഹം പറയുന്നു. സന്ദര്‍ശകര്‍ക്കും വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികള്‍ക്കും ഇവിടെ റോസ് ബഡ്ഡിങ് ഇള്‍പ്പെടെയുള്ള പരിചരണമുറകളില്‍ പരിശീലനവും നല്‍കുന്നുണ്ട്. ഭാര്യ സജിതയും വിദ്യാര്‍ഥിയായ മകന് അനിലുമാണ് വിശ്വനാഥന്റെ സഹായികള്‍. ഡിസംബര്‍ മുതല്‍ ജനവരിവരെയാണ് റോസ് പാര്‍ക്കിലെ പനിനീര്പ്പൂക്കാലം. റോസാച്ചെടിയില്‍ ഇത്രയും ഇനങ്ങളുണ്ടെന്ന് മലയാളികളെ ബോധ്യപ്പെടുത്താനാണ് വിശ്വനാഥന് പനിനീര്‍പ്പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. റോസാപ്പൂക്കളില്‍ നിന്ന് പനിനീര് (റോസ് വാട്ടര്‍ ) വേര്‍തിരിക്കാനും ഇദ്ദേഹം നടപടികളാരംഭിച്ചു. മാനന്തവാടി - കണ്ണൂര്‍ റോഡിലാണ് ഈ പനിനീര് പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. ഫോണ്‍: 974744956571. 9562477477.