പശുവളര്‍ത്തല്‍ നല്‍കുന്ന വിജയത്തിന്റെ കഥയാണ് സമ്മിശ്ര കര്‍ഷകന് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന ജില്ലാതല അവാര്‍ഡിനര്‍ഹനായ കോഴിക്കോട് നരിക്കുനിയില്‍ പാലങ്ങാട് രാരപ്പക്കണ്ടി മുഹമ്മദിനും സായി തൃക്കൈപറമ്പില്‍ അമ്മതിനും പറയാനുള്ളത്.
സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ നരിക്കുനി ശാഖയില്‍നിന്ന് കാര്‍ഷിക വായ്പയായി നാലരലക്ഷം രൂപ നേടിയാണ് കിസാന്‍ ഡയറി ഫാമിന്റെ തുടക്കം. ഇതില്‍ ഒരു ലക്ഷം രൂപയോളം സബ്‌സിഡി ലഭിക്കും. പാലില്‍ നിന്നുള്ള വരുമാനത്തില്‍നിന്നും മാസാന്ത ഗഡുക്കള്‍ അടച്ചുതീര്‍ക്കാന്‍ കഴിയുന്നതായി അവര്‍ പറയുന്നു. പാലങ്ങാട് ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളക്കുന്ന ഇവര്‍ക്ക് പതിനഞ്ച് പശുക്കളാണ് ഉള്ളത്.
സ്ഥിരം സംവിധാനമായി തയ്യാറാക്കിയ തൊഴുത്തില്‍ പശുക്കള്‍ക്ക് സൗകര്യപൂര്‍വം കിടക്കാനും ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമെല്ലാം സൗകര്യമൊരുക്കിയിട്ടുണ്ട്. സിമന്റിട്ട തറയില്‍ മാലിന്യങ്ങള്‍ കെട്ടി നില്‍ക്കാതിരിക്കാന്‍ വാട്ടര്‍ സര്‍വീസ് സംവിധാനമാണ്. മേരിയ വണ്ണത്തില്‍ അതിശക്തിയില്‍ വെള്ളം ചീറ്റാനുള്ള പൈപ്പാണ് ഇതിന് സഹായിക്കുന്നത്. ഓരോ പശുവിനും കുടിവെള്ളം ലഭിക്കുന്നത് മുന്നിലുള്ള സ്റ്റീല്‍ പാത്രത്തില്‍ നിന്നാണ്. സ്റ്റീല്‍ പാത്രങ്ങള്‍ ചെറു ടാങ്കുമായി ഘടിപ്പിച്ചതിനാല്‍ വെള്ളം തീര്‍ന്നുപോകുന്ന പ്രശ്‌നമില്ല. പശുപരിപാലനം വളരെ എളുപ്പമാക്കുന്ന ഇത്തരം സൗകര്യങ്ങള്‍ കൂടുതല്‍ പേര്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരാന്‍ പ്രചോദനമാവുകയാണ്.
തീറ്റയിനത്തില്‍ മുഖ്യപങ്ക് സി.ഒ.3 ഇനം പുല്ലിനാണ്. തൊഴുത്തിനോട് ചേര്‍ന്ന തെങ്ങിന്‍തോപ്പില്‍ ഇടവിളയായാണ് പുല്ല് വളര്‍ത്തുന്നത്. മുക്കാല്‍ ഏക്രയോളം സ്ഥലത്ത് വളര്‍ത്തുന്ന പുല്ലിന് വളം ചാണകം തന്നെ. ഇങ്ങനെ തെങ്ങിനും മറ്റ് വിളകള്‍ക്കും ചാണകം അനുഗ്രഹമാകുന്നു. കൂടുതലുള്ള ചാണകം ഒരു കുഴിയില്‍ ശേഖരിച്ച് ഉണക്കി വില്പനയും നടത്തുന്നു. അഞ്ച് കിലോഗ്രാം പുല്ലും ബിയര്‍വേസ്റ്റുമാണ് ഓരോ പശുവിനും ദിനംപ്രതി നല്‍കുന്നത്.
ഗര്‍ഭധാരണമുള്ളതോ കറവയുള്ളതോ ആയ പശുക്കളെ മാത്രം വളര്‍ത്തുന്ന രീതിയാണ് ഇവര്‍ക്ക്. ഇരുപത്തഞ്ചായിരം മുതല്‍ മുപ്പതിനായിരം രൂപവരെ വിലവരുന്ന പശുക്കള്‍ക്ക് ഗര്‍ഭധാരണം നടന്നില്ലെങ്കിലുള്ള വന്‍ നഷ്ടം ഒഴിവാക്കാനാണ് ഈ രീതി. ഓരോന്നിനെയും ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ക്ക് ഉടനെ ചികിത്സ നല്‍കുന്നു. കുട്ടിയുണ്ടെങ്കില്‍ കൂടുതല്‍ പാല്‍ എന്നതാണ് ഇവരുടെ അനുഭവം. കുട്ടികളെ പ്രത്യേകം കൂട്ടിലാണ് സംരക്ഷിക്കുന്നത്.
തൊഴുത്തില്‍നിന്നുള്ള ചാണകവും മൂത്രവും ദ്രാവകരൂപത്തില്‍ കൃഷിയിടത്തിലേക്ക് ഒഴുക്കുന്നതിന് മുന്നെ എത്തുന്നത് ബയോഗ്യാസ് ടാങ്കിലാണ്. വീട്ടാവശ്യത്തിനും കൃഷി ആവശ്യത്തിനുമുള്ള ഇന്ധനം മുഴുവന്‍ ഇതില്‍നിന്നുള്ള ബയോഗ്യാസാണ്.
മൃഗസംരക്ഷണ വകുപ്പ് ഫാം സ്‌കൂള്‍ ആയി തിരഞ്ഞെടുത്തതിനാല്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് പഠിക്കാന്‍ കര്‍ഷകരും വിദ്യാര്‍ഥികളും സന്ദര്‍ശിക്കുന്നു. ഫോണ്‍: 9447338568, 9946171902.