സീമ ദിവാകരന്‍, കൃഷി അസി. ഡയറക്ടര്‍, തിരുവനന്തപുരം
ഓര്‍ക്കിഡ് കുലത്തില്‍ ശ്രദ്ധേയരായ വാന്‍ഡകളുടെ കൂട്ടത്തിലെ അംഗമാണ് 'ബ്ലൂ വാന്‍ഡ'. പൂക്കളുടെ കണ്ണഞ്ചിപ്പിക്കുന്ന നീലനിറം നിമിത്തമാണ് ഇതിനിങ്ങനെ പേരു കിട്ടിയത്. മുകളിലേക്ക് ഒറ്റക്കമ്പായി വളരുന്ന തടിച്ചതണ്ടില്‍ വിപരീതമായി വളരുന്ന ഇലകളും വായുവിലേക്ക് തലനീട്ടുന്ന വേരുകളും ദീര്‍ഘായുസ്സുള്ള താരതമ്യേന വലിയ പൂക്കള്‍. ഇലകള്‍ വാച്ചിന്റെ സ്ട്രാപ്പുപോലെ കട്ടിയുള്ളത്. സാവധാന വളര്‍ച്ചാസ്വഭാവം. 'വാന്‍ഡ സെറൂളി' എന്ന ബ്ലൂ വാന്‍ഡ മരത്തില്‍വെച്ചുകെട്ടിയോ മരക്കരി നിറച്ച തൂക്കുചട്ടിയിലോ തൊണ്ടില്‍കെട്ടിവെച്ചോ വളര്‍ത്താം. തെക്കുകിഴക്കന്‍ ഏഷ്യയാണ് ബ്ലൂവാന്‍ഡയുടെ ജന്മസ്ഥലം. 2500 മുതല്‍ 4000 അടി വരെ ഉയരമുള്ള ഹിമാലയപ്രാന്തങ്ങളില്‍ ഇത് വളരുന്നു. വിവിധയിനം ഓര്‍ക്കിഡുകള്‍ ശേഖരിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ഉദ്യാനപ്രേമികള്‍ ബ്ലൂ വാന്‍ഡ എന്തുവിലകൊടുത്തും വാങ്ങി തങ്ങളുടെ ശേഖരത്തില്‍ ചേര്‍ക്കും. അങ്ങനെ ബ്ലൂ വാന്‍ഡയ്ക്ക് 'കലക്ടേഴ്‌സ് ചോയ്‌സ്' എന്നും പേരുകിട്ടി.
ലോകത്തെ അതിസുന്ദര ഓര്‍ക്കിഡുകളിലൊന്നാണ് ബ്ലൂ വാന്‍ഡ. ഉയര്‍ന്ന പ്രദേശങ്ങളില്‍ വളരാന്‍ ഇഷ്ടം. തണുപ്പ് അതിജീവിക്കും. ബാഹ്യദളങ്ങള്‍ക്ക് മങ്ങിയ നീലനിറമാണെങ്കില്‍ അതിന്റെ ഞരമ്പുകള്‍ക്ക് നിറം കടുംനീലയാണ്. ഓരോ പൂങ്കുലയിലും അഞ്ചുമുതല്‍ 15 പൂക്കള്‍വരെ വിടരും. ചെടിയുടെ ഉയരം ഒന്നേകാല്‍ മീറ്ററാണ്. എങ്കിലും അര മീറ്ററില്‍ താഴെ ഉയരം ക്രമീകരിക്കാം. ഇന്ത്യ, മ്യാന്‍മര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഉയര്‍ന്ന മലമ്പ്രദേശങ്ങളില്‍ വളരുന്ന ഇവയ്ക്ക് രാത്രിസമയത്തെ തണുത്ത താപനിലയോടാണ് പ്രിയം. മഴക്കാലത്തും നീലവാന്‍ഡ നന്നായി പുഷ്പിക്കും. ചട്ടികളില്‍ വളര്‍ത്തുമ്പോള്‍ മാധ്യമമായി ട്രിഫേണ്‍, സ്പാഗ്‌നം മോസ് എന്നിവ ഉപയോഗിക്കാം. സുലഭമായ തണുത്ത വായുവും വേണ്ടത്ര വെളിച്ചവും നിര്‍ബന്ധം. ആഴ്ചയിലൊരിക്കല്‍ വളപ്രയോഗം നടത്താം. ചാണകത്തെളി, ചാണകവും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് കലക്കി തെളിയൂറ്റിയത് തുടങ്ങിയവ നേര്‍പ്പിച്ചുനല്കാം. കുമിള്‍ശല്യമുണ്ടായാല്‍ 'ഇന്‍ഡോഫില്‍ എം 45' എന്ന കുമിള്‍നാശിനി നേര്‍പ്പിച്ചു തളിക്കാം. ബ്ലൂ വാന്‍ഡ തൈയ്ക്ക് സാധാരണഗതിയില്‍ 150 രൂപ വരെ വിലയുണ്ട്. മൂന്നാര്‍ഭാഗത്തും മറ്റും തണുപ്പ് കൂടുതലായതിനാല്‍ അവ അവിടെ നന്നായി വളരും.
വര്‍ഗസങ്കരണത്തിന് വളരെയേറെ ഉപയോഗിക്കുന്ന ഓര്‍ക്കിഡ് എന്നതാണ് ബ്ലൂവാന്‍ഡയുടെ സവിശേഷത. പൂവിന്റെ നൈസര്‍ഗികമായ നീലനിറം സങ്കരണപ്രക്രിയവഴി തലമുറകളിലേക്ക് പകര്‍ന്നുനല്കാന്‍ ഇത് വളരെയേറെ ഉപയോഗിക്കുന്നു. തലമുറകള്‍ക്ക് അനിതസാധാരണമായ അഴകും രൂപഭംഗിയും പകര്‍ന്നുനല്കാന്‍ ബ്ലൂ വാന്‍ഡപോലെ ഉപയോഗപ്പെടുത്തുന്ന മറ്റ് ഓര്‍ക്കിഡുകള്‍ താരതമ്യേന കുറവാണ്. അതുകൊണ്ടുതന്നെ ബ്ലൂവാന്‍ഡക്ക് ഇന്നും ലോകമെമ്പാടും ആരാധകരും അനേകം. പുഷ്പഭംഗികണ്ട് ബ്ലൂവാന്‍ഡകള്‍ മുഴുവന്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ മറ്റൊരര്‍ഥത്തില്‍ ഈ ചെടിയെ ഇന്ന് വംശനാശം സംഭവിക്കുന്ന ചെടികളുടെ പട്ടികയിലെത്തിച്ചിരിക്കുന്നു.