തെങ്ങില്‍ തേങ്ങകളെ താങ്ങിനിര്‍ത്തുന്ന കുലച്ചിലുകള്‍ എപ്പോഴും ഉപയോഗമില്ലാതെ തള്ളുന്ന വസ്തുവാണ്. വിറക് രൂപത്തില്‍ അടുപ്പില്‍ഉപയോഗിക്കുന്നത് മാത്രമാണ് അതിന്റെ ഒരു ഉപയോഗം. എന്നാല്‍ അതിനെ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റുന്നതിന് കോഴിക്കോട് പെരുവണ്ണാമൂഴിയിലെ കൃഷി വിജ്ഞാനകേന്ദ്രം വഴി കണ്ടെത്തിയിരുന്നു. തേങ്ങാക്കുലച്ചിലുകളില്‍നിന്ന് ബൊക്കെ, ഫ്ലവര്‍ എന്നിവ തയ്യാറാക്കുന്നതാണീ മാര്‍ഗം.
തേങ്ങയുടെ മുഖത്തെ തേങ്ങാത്തൊപ്പി (മൊത്തി) ശ്രദ്ധയോടെ അടര്‍ത്തിമാറ്റുന്നതാണ് ബൊക്കെ നിര്‍മാണത്തിലെ ഒരു ഘട്ടം. കുലച്ചിലിനും തേങ്ങാത്തൊപ്പിക്കും ആകര്‍ഷകമായ നിറം നല്‍കുന്നതാണ് അടുത്തഘട്ടം. ദീര്‍ഘകാലം നിലനില്‍ക്കുന്ന ജലച്ഛായങ്ങള്‍ വിവിധ വര്‍ണങ്ങളില്‍ ബ്രഷ് ഉപയോഗിച്ച് തേച്ചുപിടിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. അരികുകള്‍ക്ക് തിളക്കമാര്‍ന്ന പെയിന്റ്, ഗില്‍റ്റ് എന്നിവ ചേര്‍ത്ത് കൂടുതല്‍ ആകര്‍ഷകമാക്കാം. ഇങ്ങനെ തൊപ്പികളെ വിവിധ വര്‍ണങ്ങളുള്ള പൂവുകളാക്കിമാറ്റാം. പൂമൊട്ടുകള്‍ക്ക് പകരം ഉണങ്ങിയ മച്ചിങ്ങകള്‍ പെയിന്റ് ചെയ്ത് ഉപയോഗിക്കാം. കുലച്ചിലിനും വിവിധ വര്‍ണങ്ങള്‍ നല്‍കുന്നതോടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.
ഈ അടിസ്ഥാന വസ്തുക്കളെ കൂട്ടിച്ചേര്‍ക്കുകയാണ് തുടര്‍ന്ന് വേണ്ടത്. പ്രത്യേകം തയ്യാറാക്കിയ ചട്ടക്കൂട്ടില്‍ കുലച്ചില്‍ സ്ഥാപിച്ച് അടുക്കു ക്രമീകരിക്കുന്നു. ആവശ്യമുള്ള കണ്ണികള്‍ ഒട്ടിച്ച് ചേര്‍ക്കുകയും അനാവശ്യമായതും വൃത്തിയില്ലാത്തതും വെട്ടി ഒഴിവാക്കുകയും വേണം. തേങ്ങാത്തൊപ്പികളും മച്ചിങ്ങകളും ഉചിതമായ സ്ഥാനങ്ങളില്‍ പശ ഉപയോഗിച്ച് ഒട്ടിച്ചുചേര്‍ത്താല്‍ ബൊക്കെ റെഡി. ഉചിതമായ രീതിയില്‍ ഒരു പിടിയും ആവശ്യമെങ്കില്‍ പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് ഒരു ആവരണവും നല്‍കി കൂടുതല്‍ ഭംഗിവരുത്താം.
നിറം നല്‍കിയ തേങ്ങാത്തൊപ്പികള്‍ ഉചിതമായ നീളത്തിലുള്ള തേങ്ങാക്കണ്ണികളില്‍ പശ ഉപയോഗിച്ച് ഒട്ടിച്ച്‌ചേര്‍ത്ത് ഫ്ലവര്‍വേസ് നിറയ്ക്കാം. കൃഷി വിജ്ഞാനകേന്ദ്രത്തിലെ ദീപ്തിയുടെ നിര്‍ദേശപ്രകാരം ബിനു മുതുകാട്, കണ്ണദാസ് ചെനോളി എന്നിവരാണ് ഈ 'കേര ഗിഫ്റ്റു'കള്‍ തയ്യാറാക്കി നിശ്ചിതവിലയില്‍ വില്‍ക്കുന്നത്. ഫോണ്‍: 9946419565, 9745622286.