'മഹാവിഷ്ണു' എന്ന ബസ്സിനെ 'സഞ്ചരിക്കുന്ന പൂന്തോട്ട'മെന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. കുറ്റിക്കോലില്‍നിന്ന് കുടുംബൂര്‍ പാലം ചുള്ളിക്കര വഴി കാഞ്ഞങ്ങാട്ടേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് മഹാവിഷ്ണു. ബസ്സിനുള്ളില്‍ ഒരുക്കിയിരിക്കുന്ന പൂന്തോട്ടമാണ് ബസ്സിന് ആ പേര് സമ്പാദിച്ചുകൊടുത്തത്.
മറ്റുള്ളവര്‍ പ്ലാസ്റ്റിക്കിന്റെ ചിത്രങ്ങളും മറ്റ് അലങ്കാര വസ്തുക്കളും കൊണ്ട് നിറയ്ക്കുന്ന ഭാഗമാണ് ബസ് തൊഴിലാളികള്‍ ചെറിയ പൂന്തോട്ടമാക്കിയിരിക്കുന്നത്. ബസ്സിനു മുന്‍ഭാഗത്ത് എന്‍ജിന്റെ മുന്നിലുള്ള തട്ടിലാണ് ചട്ടികളില്‍ ചെടികള്‍ നിരത്തിവെച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ചട്ടികള്‍ സ്‌ക്രൂചെയ്ത് പിടിപ്പിച്ചിരിക്കുകയാണ്.
ഏഴ് ചട്ടികളിലായി റോസ്, അലങ്കാരച്ചെടി, തെച്ചി എന്നിവയുമുണ്ട്. ഇതില്‍ റോസാച്ചെടി കഴിഞ്ഞദിവസങ്ങളില്‍ പൂവിട്ടിരുന്നു. സാധാരണ ഒരാഴ്ചയെങ്കിലും റോസാപ്പൂവ് വിരിഞ്ഞുനില്‍ക്കുമെങ്കിലും നിരന്തരമുള്ള യാത്രയുടെ 'ക്ഷീണം' മൂലം പൂവ് വേഗത്തില്‍ കൊഴിയുകയാണെന്ന് ഡ്രൈവര്‍ സന്തോഷ് പടുപ്പ് പറയുന്നു. ഡ്രൈവറുടെ കാഴ്ചയെ ഒട്ടും മറയ്ക്കാത്ത രീതിയിലാണ് ചെടികള്‍ വെച്ചിട്ടുള്ളത്.
എന്‍ജിനു സമീപമായതിനാല്‍ ചെടികള്‍ക്ക് എപ്പോഴും ചൂട് തട്ടിക്കൊണ്ടിരിക്കും. ഈ ചൂടിന്റെ പ്രശ്‌നം പരിഹരിക്കാന്‍ വെള്ളത്തിനുപകരം ചെടികളുടെ ചുവട്ടില്‍ ഐസുകട്ടകള്‍ ഇടുകയാണ് ചെയ്യുന്നത്. ഐസുകട്ട മണ്ണ് തണുപ്പിക്കാന്‍ സഹായിക്കുമെന്ന് ബസ്സിലെ മറ്റ് തൊഴിലാളികളായ രവി അഞ്ജന മുക്കൂട്, പവിത്രന്‍ എന്നിവരും പറയുന്നു.
പൂന്തോട്ടമൊക്കെയൊരുക്കി രാജകീയമായുള്ള 'മഹാവിഷ്ണു'വിലെ യാത്ര ജനങ്ങളും ഇഷ്ടപ്പെടുന്നുണ്ടെന്ന് ബസ് തൊഴിലാളികള്‍ പറയുന്നു.