ഉദ്യാന ശോഭയ്ക്ക് കോഞ്ചിയ

Posted on: 18 Mar 2012

ഡോ. എ.കെ. പ്രദീപ് സസ്യശാസ്ത്രവിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി



കേരളത്തിലെ കാലാവസ്ഥയില്‍ മനോഹരമായി പടര്‍ന്നുവളര്‍ന്നു പുഷ്പാഭമാവുന്ന ലതാസസ്യമാണ് കോഞ്ചിയ. ഷവര്‍ ഓര്‍ക്കിഡ്, വൂളി കോഞ്ചിയ എന്നീ ആംഗലേയ നാമങ്ങളിലും അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം കോഞ്ചിയ ടൊമെന്റോസ എന്നാണ്. വെര്‍ബിനേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഈ സസ്യം, മ്യാന്‍മര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ കണ്ടുവരുന്നുണ്ട്.

പുല്ലാഞ്ഞി വള്ളിയോട് സാദൃശ്യംതോന്നിക്കുന്ന ഈ ചെടിക്ക് എതിര്‍രീതിയില്‍ ക്രമീകരിച്ച മഞ്ഞകലര്‍ന്ന പച്ചനിറത്തിലുള്ള 15 സെ.മീ. വരെ നീളംവരുന്ന മൃദുലവും വെല്‍വെറ്റ് പോലുള്ളതുമായ ഇലകളാണുള്ളത്. പൂക്കള്‍ ചെറുതെങ്കിലും പാടലവര്‍ണത്തിലുള്ള മൂന്നു വലിയ സഹപത്രങ്ങളാല്‍ ചുറ്റപ്പെട്ടാണിരിക്കുന്നത്. ബോട്ടിന്റെ പ്രൊപ്പല്ലറിന്റെ ആകൃതിയിലുള്ള വര്‍ണമനോഹരമായ ദളങ്ങള്‍ പോലുള്ള അനേകം സഹപത്രങ്ങള്‍ പൂങ്കുലകളില്‍ നിറയുന്നതോടെ ഇലച്ചാര്‍ത്തുകള്‍ ഏറെക്കുറെ പൂര്‍ണമായും മറയ്ക്കപ്പെടും. നല്ല സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളിലാണ് പൂങ്കുലകള്‍ സമൃദ്ധമായി പിടിക്കുന്നത്.

കമാനങ്ങളിലും പോര്‍ച്ചുകളിലും ഉണങ്ങിയ മരക്കുറ്റികളിലും വേലികളിലും പടര്‍ത്തി വളര്‍ത്താവുള്ള കോഞ്ചിയ, ഏകദേശം ആറര മീറ്റര്‍ വരെ നീളത്തില്‍ പടര്‍ന്നുവളരും. ഈ ചെടിയെ ആവശ്യാനുസരണം വെട്ടിയൊതുക്കി മനോഹരമാക്കി നിര്‍ത്താവുന്നതാണ്. കേരളത്തില്‍ ഡിസംബര്‍ മുതലുള്ള മൂന്നു മാസക്കാലമാണ് പൂക്കാലം.

അധികം മൂപ്പെത്താത്ത കമ്പുകള്‍ മുറിച്ച് നട്ട് ഇവയെ വളര്‍ത്തിയെടുക്കാം. മേല്‍മണ്ണും പുഴമണലും അഴുകിപ്പൊടിഞ്ഞ കാലിവളവും ചേര്‍ത്തിളക്കിയ മിശ്രിതം പോളിത്തീന്‍ കവറുകളില്‍ നിറച്ചശേഷം ഒമ്പത് ഇഞ്ച് നീളമുള്ള കമ്പുകള്‍ കവറുകളില്‍ ഉറപ്പിച്ച് നടേണ്ടതാണ്. ഒരു മാസത്തിനകം തന്നെ കമ്പുകളില്‍ പുതിയ തലപ്പുകള്‍ വന്നുതുടങ്ങും. നല്ല ജൈവവളമുള്ള നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശമേല്‍ക്കുന്നതുമായ സ്ഥലങ്ങളാണ് കോഞ്ചിയയ്ക്ക് ഏറ്റവും അനുയോജ്യം. കാര്യമായ രോഗ-കീടങ്ങളൊന്നും ഈ ചെടിയെ ബാധിക്കുന്നതായി കണ്ടിട്ടില്ല.


Stories in this Section