അരയാല്‍പറമ്പിലെ 'കുഞ്ഞന്മാര്‍'

Posted on: 21 Dec 2011

പി.പി.അനീഷ് കുമാര്‍



തലശ്ശേരി: മതിലിലെ കൊച്ചുപൊത്തില്‍ നിന്നു തലനീട്ടിയ ആല്‍മരത്തിന്റെ നാമ്പില്‍ നിന്നായിരുന്നു കൗതുകത്തിന്റെ തുടക്കം. 1994ല്‍ എസ്.എസ്.എല്‍.സി. പഠനകാലത്തായിരുന്നു അത്. അന്ന് ചെടിച്ചട്ടിയില്‍ പറിച്ചുനട്ട ആല്‍മരമാണ് ഇന്ന് മുഹമ്മദ് ഷബീറിന്റെ ബോണ്‍സായ് ശേഖരത്തിലെ 'സീനിയര്‍'. 17 വര്‍ഷം പ്രായം. തലശ്ശേരി വില്ലേജോഫീസ് പരിസരത്തെ ഷബീറിന്റെ അരയാല്‍പറമ്പത്ത് വീടിന്റെ മുറ്റവും തൊടിയും 'ഇത്തിരിക്കുഞ്ഞന്മാരെക്കൊണ്ട്' നിറഞ്ഞിരിക്കുകയാണ്. ചെടിച്ചട്ടിയില്‍ വാഴുന്ന വന്‍മരങ്ങളുടെ ഒരുലോകം. എല്ലാം ഷബീര്‍ നട്ടുനനച്ച് വളര്‍ത്തിയവ; വിലകൊടുത്ത് സ്വന്തമാക്കിയവ കൂട്ടത്തില്‍ ഒന്നോ രണ്ടോ മാത്രം.

പുളി, ഉങ്ങ്, ട്രയാംഗിള്‍ ഫൈക്കസ്, നെല്ലി, സപ്പോട്ട, നാരങ്ങ, മഞ്ചാടി, വാക, മരമുല്ല, പ്ലം, റംബൂട്ടാന്‍ തുടങ്ങി വിവിധയിനം മരങ്ങളുടെ 'മിനിയേച്ചറുകള്‍' ഇവിടെയുണ്ട്. ആല്‍-മുള ഇനങ്ങളുടെ വൈവിധ്യം വേറെയും. കൂട്ടത്തിലുള്ള മാവ് ഒരുതവണ കായ്ച്ചു. ഒരു നാടന്‍ തെങ്ങിനവും ചെടിച്ചട്ടിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബോണ്‍സായ് ശേഖരത്തിന് പുറമെയാണ് നിരവധി ഫല വൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും പൂച്ചെടികളുടെയും നീണ്ടനിര.

ചന്ദനം, മൈലാഞ്ചി, വേപ്പ്, കറിവേപ്പ്, കറുവാപ്പട്ട, കുടംപുളി, ബട്ടര്‍ ഫ്രൂട്ട്, ഉറുമാമ്പഴം, പേര, ചാമ്പ, പൊന്‍ചെമ്പകം തുടങ്ങിയ ഫലവൃക്ഷങ്ങളും സസ്യങ്ങളും തൊടിയില്‍ ഹരിതാഭ പകരുന്നു. അതിമനോഹരവും സുഗന്ധമുള്ളതുമായ ഇലകളോടുകൂടിയ കസ്തൂരി മുല്ലയും പാതയോരങ്ങളിലെ നിത്യസാന്നിധ്യമായ റെയിന്‍ട്രീയും കൂട്ടത്തിലുണ്ട്. ഇതില്‍ മിക്കതും ഷബീര്‍ തന്നെ നട്ടുപരിപാലിച്ചുപോരുന്നവയാണ്. പനിക്കൂര്‍ക്ക പോലുള്ള ഔഷധസസ്യങ്ങള്‍, അഡീനിയം, യുഫോര്‍ബിയ, ബൊഗെന്‍വില്ല, ഓര്‍ക്കിഡ് തുടങ്ങിയ പൂച്ചെടികള്‍, കാക്റ്റസ് (കള്ളിമുള്‍) വര്‍ഗത്തില്‍പ്പെടുന്ന നാല്പതോളം ഇനങ്ങള്‍... അരയാല്‍ പറമ്പത്ത് വീട്ടുപറമ്പിലെ സസ്യജാലങ്ങളുടെ നിര ഇങ്ങനെ പടര്‍ന്നുപന്തലിക്കുന്നു.

'ജൈവവളമാണ് പ്രയോഗിക്കുന്നത്. പിന്നെ ദിവസം ഒരുനേരമുള്ള നനയും. മഴക്കാലത്താണ് പ്രത്യേക പരിചരണം ആവശ്യം...' ബോണ്‍സായ് ഒരുക്കലിന്റെ ശാസ്ത്രീയവശങ്ങള്‍ ഏറെയൊന്നും പരിചയമില്ലാത്ത ഷബീര്‍ പറയുന്നു. ജലസേചനവകുപ്പില്‍ ഹയര്‍ഗ്രേഡ് ക്ലാര്‍ക്കായ ഷബീര്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇദ്ദേഹത്തിന്റെ 'കുഞ്ഞന്‍ സംഘം' തലശ്ശേരി പുഷേ്പാത്സവത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2005 മുതല്‍ നിരവധി തവണ ഒന്നാംസ്ഥാനം നേടിയതും ഈ കുഞ്ഞന്‍പട തന്നെ. ഷബീറിന്റെ സഹോദരി ഷാഹിനയ്ക്കും ബോണ്‍സായ് നിര്‍മാണത്തോട് താത്പര്യമുണ്ട്. ഷബീറിന്റെ അസാന്നിധ്യത്തില്‍ ഇവ നനയ്ക്കുന്നതും പരിപാലിക്കുന്നതുമെല്ലാം ഷാഹിന തന്നെ. ശേഖരത്തിലെ ഒരു 'മരം'പോലും ഇതേവരെ വില്പന നടത്തിയിട്ടില്ല. മാനസികോല്ലാസം മാത്രമാണ് ശേഖരത്തിന് പിന്നില്‍-ഷബീര്‍ പറയുന്നു.


Stories in this Section